ന്യൂസിലന്‍ഡിനെതിരായ വൈറ്റ് ബോള്‍ പരമ്പരയില്‍ സമ്പൂര്‍ണ പരാജയമായ റിഷഭ് പന്തിനെതിരെ കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഫോമിലുള്ള സഞ്ജു സാംസണിനെ തഴഞ്ഞ് കൊണ്ട് പന്തിന് വീണ്ടും അവസരങ്ങൾ നൽകുന്നതാണ് ആരാധകരുടെ വിമർശനങ്ങൾക്ക് വഴിവെക്കുന്നത്. ഇപ്പോഴിത ശശി തരൂർ എംപിയും തന്റെ വിമർശനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്നും പന്ത് ഇടവേള എടുക്കേണ്ടത് അനിവാര്യമാണെന്നാണ് ശശി തരൂർ ട്വീറ്റ് ചെയ്യുന്നത്. സഞ്ജു സാംസണിനെ ടീമിൽ എടുക്കാത്തതിലുള്ള അമർഷവും അദ്ദേഹം രേഖപ്പെടുത്തി.
''വൈറ്റ്-ബോൾ ക്രിക്കറ്റിൽ നിന്ന് ഒരു ഇടവേള ആവശ്യമുള്ള പന്തിന് ഒരു പരാജയം കൂടി. സഞ്ജു സാംസണ് ഒരു അവസരം കൂടി നിഷേധിക്കപ്പെട്ടു. ഇന്ത്യയിലെ മികച്ച ബാറ്റ്സ്മാൻ ആണെന്ന് കാണിക്കാൻ സഞ്ജു ഇനി ഐപിഎൽ വരെ കാത്തിരിക്കണം'' - എന്നാണ് തരൂർ ട്വീറ്റ് ചെയ്തത്.
വി.വി.എസ് ലക്ഷ്മൺ പന്തിനെ കുറിച്ച് പറഞ്ഞ കാര്യവും ശശി തരൂർ ട്വീറ്റ് ചെയ്തിട്ടുണ്ട്. വരുൺ ഗാന്ധി ഉൾപ്പെടെ നിരവധി പേർ തരൂരിന്റെ ട്വീറ്റിന് കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
"നമ്പർ 4-ൽ പന്ത് മികച്ച പ്രകടനം കാഴ്ചവച്ചു, അതിനാൽ അദ്ദേഹത്തെ പിന്തുണയ്ക്കേണ്ടത് പ്രധാനമാണ്," @VVSLaxman281 പറയുന്നു . തന്റെ അവസാന 11 ഇന്നിംഗ്സുകളിൽ പത്തിലും പരാജയപ്പെട്ട ഫോമിലല്ലാത്ത ഒരു മികച്ച കളിക്കാരനാണ് അദ്ദേഹം; ഏകദിനത്തിൽ 66 ശരാശരിയുള്ള സാംസൺ അവസാന അഞ്ച് മത്സരങ്ങളിലും റൺസ് നേടി.''
One more failure for Pant, who clearly needs a break from white-ball cricket. One more opportunity denied to @IamSanjuSamson who now has to wait for the @IPL to show that he’s one of the best too-order bats in India. #IndvsNZ https://t.co/RpJKkDdp5n
— Shashi Tharoor (@ShashiTharoor) November 30, 2022
കിവീസിനെതിരായ അവസാന ഏകദിനത്തില്‍ 16 പന്തില്‍ നിന്നും വെറും 10 റണ്‍സ് റിഷഭ് പന്ത് നേടിയത്. ഡാരി മിച്ചലിന്റെ പന്ത് ഗ്ലെന്‍ ഫിലിപ്സിന്റെ കൈകളിൽ വീഴ്ത്തിയാണ് റിഷഭ് ഒട്ട് ആയത്. ഇത് കൂടി ആയതോടെ റിഷഭ് പന്ത് ഇപ്പോൾ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്. ജസ്റ്റിസ് ഫോര്‍ സഞ്ജു സാംസണ് എന്ന ഹാഷ് ടാഗും ട്രെൻഡിലാണ്. പന്തിന് ടെസ്റ്റില്‍ മികച്ച റെക്കോഡുകളുണ്ട്. എന്നാൽ വൈറ്റ് ബോള്‍ ക്രിക്കറ്റിൽ അവസരങ്ങൾ പാഴാക്കുകയാണ് പന്ത്. എന്നിട്ടും റിഷഭിന് നിരന്തരം അവസരം നല്‍കുന്നതാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്.
പന്തിന് നേരെ മാത്രമല്ല, മറിച്ച് ബിസിസിഐക്കും ടീം മാനേജ്മെന്റിനും ക്യാപ്റ്റന്‍ ശിഖര്‍ ധവാനുമെതിരെയും സോഷ്യൽ മീഡിയയിൽ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മികച്ച ഫോമില്‍ കളിക്കുന്ന സഞ്ജു സാംസണ് പുറത്തിരിക്കുമ്പോഴാണ് പന്തിന് വീണ്ടും അവസരങ്ങൾ നൽകുന്നത്. ഇതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. കിവീസിനെതിരായ ടി20 പരമ്പരയിലെ രണ്ട് ഇന്നിങ്സുകളില്‍ നിന്നും 17 റണ്‍സ് മാത്രമാണ് റിഷഭ് പന്ത് നേടിയത്. ഏകദിന പരമ്പരയിലെ രണ്ട് ഇന്നിങ്സുകളിലായി ആകെ നേടിയത് 25 റണ്‍സും. അതേസമയം ആദ്യ ഏകദിനത്തില്‍ അവസരം ലഭിച്ച സഞ്ജു ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 219 റൺസ് ആണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 47.3 ഓവറില്‍ 219 റണ്‍സിന് പുറത്താകുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ വാഷിങ്ടണ്‍ സുന്ദറാണ് (64 പന്തില്‍ 51 റണ്‍സ്) ഇന്ത്യയുടെ ടോപ് സ്കോറര്‍. ശുഭ്മാന്‍ ഗില്‍ (22 പന്തില്‍ 13), ശിഖര്‍ ധവാന് (45 പന്തില്‍ 28), ശ്രേയസ് അയ്യർ (59 പന്തില്‍ 49), റിഷഭ് പന്ത് (16 പന്തില്‍ 10), സൂര്യകുമാര്‍ യാദവ് (10 പന്തില്‍ 6), ദീപക് ചഹാര്‍ (9 പന്തില്‍ 12), യുസ്വേന്ദ്ര ചാഹല്‍ (22 പന്തില്‍ 8), അര്‍ഷ്ദീപ് സിങ് (9 പന്തില്‍ 9) എന്നിങ്ങനെ റൺസ് നേടി.