ചന്ദ്രയാന്‍-2: വിക്രം ലാന്‍ഡര്‍ ഇനി പ്രവര്‍ത്തനക്ഷമമല്ല?

വിക്രം ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനുള്ള സാധ്യത അവസാനിക്കുന്നു... അതായത് വിക്രം ലാന്‍ഡര്‍ ഇനി പ്രവര്‍ത്തനക്ഷമമായിരിക്കില്ല.

Last Updated : Sep 20, 2019, 06:21 PM IST
ചന്ദ്രയാന്‍-2: വിക്രം ലാന്‍ഡര്‍ ഇനി പ്രവര്‍ത്തനക്ഷമമല്ല?

ബംഗളൂരു: വിക്രം ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനുള്ള സാധ്യത അവസാനിക്കുന്നു... അതായത് വിക്രം ലാന്‍ഡര്‍ ഇനി പ്രവര്‍ത്തനക്ഷമമായിരിക്കില്ല.

ഇതുവരെ പ്രതീക്ഷ കൈവിടാതിരുന്ന ഐഎസ്ആര്‍ഒ അവസാനം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിക്രം ലാന്‍ഡറുമായി എങ്ങനെ ബന്ധം നഷ്ടപ്പെട്ടു എന്ന് അന്വേഷിക്കുകയാണെന്ന് മാത്രമേ പറഞ്ഞിട്ടുള്ളുവെന്നത് ഇതാണ് സൂചിപ്പിക്കുന്നത്.  

14 ദിവസത്തെ ചാന്ദ്ര പകല്‍ അവസാനിക്കുന്നതിനൊപ്പം വിക്ര൦ ലാന്‍ഡറുമായി ബന്ധപ്പെടാമെന്നുള്ള അവസാന പ്രതീക്ഷയും അസ്തമിക്കുകയാണ്. ചാന്ദ്ര പകലിന്‍റെ തുടക്കം കണക്ക് കൂട്ടിയാണ് ഐഎസ്ആര്‍ഒ സെപ്റ്റംബര്‍ 7ന് വിക്ര൦ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറക്കാന്‍ പദ്ധതിയിട്ടത്. പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന വിക്രം ലാന്‍ഡറിന്‍റെ ബാറ്ററിയുടെ ആയുസ് ചാന്ദ്ര പകലിനൊപ്പം അവസാനിക്കും. അതായത്, വിക്രം ലാൻഡറിന്‍റെ ബാറ്ററിക്ക് 14 ദിവസത്തെ ആയുസാണുള്ളത്. കൂടാതെ, ചന്ദ്രന്‍റെ രാത്രി സമയത്തെ കടുത്ത തണുപ്പ് അതിജീവിക്കാനുള്ള സംവിധാനങ്ങളൊന്നും ലാന്‍ഡറില്‍ ഇല്ല.

ചാന്ദ്ര പകല്‍ അവസാനിച്ച് ഇന്നുമുതല്‍ രാത്രി ആരംഭിക്കും. ഇതോടെ പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിക്രം ലാന്‍ഡറിന്‍റെ ബാറ്ററി ചാര്‍ജ്ജ് ചെയ്യപ്പെടില്ല. 

അതേസമയം, വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്നും ചന്ദ്രനില്‍ ഇടച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞുവീണ നിലയിലാണ് എന്നും കഴിഞ്ഞ 9ന് ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. കൂടാതെ, വിക്രം ലാന്‍ഡറുമായുള്ള വാര്‍ത്താ വിനിമയ ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ് എന്നും ഐഎസ്ആര്‍ഒ വക്താക്കള്‍ പറഞ്ഞിരുന്നു. 

എന്നാല്‍, ഇപ്പോള്‍ എല്ലാ പ്രതീക്ഷയും അസ്തമിച്ചിരിയ്ക്കുകയാണ്. കൂടാതെ, ഇടിച്ചിറങ്ങിയതിന്‍റെ ആഘാതത്തില്‍ ലാന്‍ഡറിലെ ഉപകരണങ്ങള്‍ക്ക് കേട് സംഭവിച്ചിരിക്കുമെന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ അനുമാനിക്കുന്നത്. 

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ നടത്തേണ്ടിയിരുന്ന സോഫ്റ്റ് ലാൻഡി൦ഗ്. എന്നാല്‍ നിര്‍ണായകമായ സോഫ്റ്റ് ലാൻഡി൦ഗ് തുടങ്ങി 10 മിനിറ്റുകള്‍ക്ക് ശേഷമാണ് പാളിച്ച സംഭവിച്ചത്. ചന്ദ്രന്‍റെ ഉപരിതലത്തിൽ നിന്ന് 2.1 കിലോമീറ്റർ ഉയരത്തിൽ നിന്ന് ബന്ധം നഷ്ടപ്പെട്ട വിക്രം ലാൻഡറിന് സോഫ്റ്റ് ലാൻഡിംഗ് നടത്താനായില്ല.  

സെപ്റ്റംബര്‍ 7ന് പുലര്‍ച്ചെയായിരുന്നു രാജ്യം ഏറെ ആകാംഷയോടെ കാത്തിരുന്ന ചാന്ദ്രയാന്‍-2, വിക്രം ലാന്‍ഡറിന്‍റെ സോഫ്റ്റ് ലാൻഡി൦ഗ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ 'നിശ്ചിത' സമയത്തിന് മിനിറ്റുകള്‍ മുന്‍പാണ്‌ ചന്ദ്രനില്‍ നിന്നും 2.1 കിലോമീറ്റര്‍ ദൂരെവച്ച് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.

 

Trending News