Telegram: കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിൽ വീഴ്ച; ടെല​ഗ്രാം മേധാവി അറസ്റ്റിൽ

ടെലിഗ്രാമില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് ദുരോവിനെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം.

Written by - Zee Malayalam News Desk | Last Updated : Aug 25, 2024, 11:24 AM IST
  • ടെലഗ്രാമില്‍ മോഡറേറ്റര്‍മാരുടെ അഭാവമുണ്ടെന്നും അത് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായെന്നുമാണ് കുറ്റം
  • ഫ്രാൻസിലെ ഒ.എഫ്.എം.ഐ.എന്‍ ഏജന്‍സിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്
  • ടെലഗ്രാം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല
Telegram: കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിൽ വീഴ്ച; ടെല​ഗ്രാം മേധാവി അറസ്റ്റിൽ

ടെലഗ്രാം സഹസ്ഥാപകനും സിഇഒയുമായ പാവെല്‍ ദുരോവിനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. പാരീസിലെ ബുര്‍ഗ്വേ വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ജെറ്റില്‍ പാരീസിൽ എത്തിയപ്പോഴായിരുന്നു അറസ്‌റ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ട്. ടെലഗ്രാമില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് ദുരോവിനെതിരായ കുറ്റം.

ഇന്ന് കോടതിയില്‍ ഹാജരാവാനിരിക്കെയാണ് അറസ്റ്റ്. അതേസമയം അറസ്റ്റ് ചെയ്യുമെന്നറിഞ്ഞിട്ടും ദുരോവ് പാരീസിലെത്തിയത് അത്ഭുതപ്പെടുത്തിയെന്ന് അന്വേഷണ ഏജൻസികൾ പ്രതികരിച്ചു. എന്നാൽ അറസ്റ്റിൽ  ടെലഗ്രാം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Read Also: സിംഹാസനം ഇളകി; ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജി വച്ച് രഞ്ജിത്ത്

ടെലഗ്രാമില്‍ മോഡറേറ്റര്‍മാരുടെ അഭാവമുണ്ടെന്നും അത് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായെന്നുമാണ് കുറ്റം. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയോഗിക്കപ്പെട്ട ഫ്രാൻസിലെ ഒ.എഫ്.എം.ഐ.എന്‍ ഏജന്‍സിയാണ് ദുരോവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. വഞ്ചന, മയക്കുമരുന്ന് കടത്ത്, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍, സൈബര്‍ ഇടത്തിലെ ഭീഷണിപ്പെടുത്തല്‍, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നീ കുറ്റങ്ങളാണ് ചുമത്തപ്പെട്ടതെന്ന്  സൂചന. 

റഷ്യന്‍ വംശജനായ പാവെല്‍ ദുരോവ് നിലവില്‍ ദുബായിലാണ് താമസിക്കുന്നത്. ടെലഗ്രാം ആസ്ഥാനവും ദുബായിൽ ആണ്. ഫോബ്‌സിന്റെ കണക്ക് പ്രകാരം ഏകദേശം 1500 കോടിയിലധികം രൂപയുടെ ആസ്ഥിയാണ് ദുരോവിനുള്ളത്. ദുരോവും സഹോദരന്‍ നിക്കോലായും ചേര്‍ന്ന് 2013ലാണ് ടെലഗ്രാം സ്ഥാപിച്ചത്. വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷന്‍ എന്ന നിലയിലാണ് ടെല​ഗ്രാം ശ്രദ്ധയാകര്‍ഷിച്ചത്. 

ടെലഗ്രാം സ്ഥാപിക്കുന്നതിന് മുമ്പേ വികെ എന്നൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം റഷ്യയില്‍ പാവെല്‍ ദുരോവ് സ്ഥാപിച്ചിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാത്തതിനെ തുടർന്ന് 2018ല്‍ റഷ്യയില്‍ ടെലഗ്രാം നിരോധിച്ചിരുന്നു. പിന്നീട് 2021ലാണ് വിലക്ക് പിന്‍വലിച്ചത്.
 
റഷ്യ, ഉക്രെയ്ന്‍, മുന്‍ സോവിയറ്റ് യൂണിയന്‍ റിപ്പബ്ലിക്കനുകൾ എന്നിവിടങ്ങളില്‍ ശക്തമായ സ്വാധീനമാണ് ടെലഗ്രാമിനുള്ളത്.  ഉക്രെയ്ൻ- റഷ്യ സംഘർഷത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഉറവിടമായി ടെല​ഗ്രാമിനെ കണക്കാക്കുന്നു. മോസ്കോയിലെയും കീവിലെയും ഉദ്യോഗസ്ഥർ യുദ്ധ വിവരങ്ങൾ അറിയുന്നതിന് ടെല​ഗ്രാം വളരെയധികം ഉപയോഗിക്കുന്നുണ്ട്. 

 

Trending News