ഉപയോക്താക്കളുടെ വിവരം ചോര്‍ന്നു: ഗൂഗിള്‍ പ്ലസിന് പൂട്ട്‌ വീഴുന്നു

ഗൂഗിള്‍ പ്ലസ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായ കുറവും അടച്ചു പൂട്ടലിന് വഴിയൊരുക്കി.

Sneha Aniyan | Updated: Oct 9, 2018, 01:39 PM IST
ഉപയോക്താക്കളുടെ വിവരം ചോര്‍ന്നു: ഗൂഗിള്‍ പ്ലസിന് പൂട്ട്‌ വീഴുന്നു

ന്യൂയോര്‍ക്ക്: ഗൂഗിളിന്‍റെ സോഷ്യല്‍ മീഡിയാ നെറ്റ്‌വര്‍ക്കായ ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കുന്നു. 

സേവനം ഉപയോഗിക്കുന്ന അഞ്ച് ലക്ഷത്തോളം ഉപയോക്താക്കളുടെ സ്വാകാര്യ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണിത്‌.

സേവന ഉപയോക്താക്കളുടെ ഇ-മെയില്‍ അഡ്രസ്, ജനന തീയതി, ലിംഗഭേദം, പ്രൊഫൈല്‍ ഫോട്ടോ, താമസിക്കുന്ന സ്ഥലങ്ങള്‍, തൊഴില്‍ ഉള്‍പ്പടേയുള്ള വിവരങ്ങളാണ് സാങ്കേതിക പിഴവ് മൂലം പരസ്യമായത്. 

ഗൂഗിള്‍ പ്ലസില്‍ സുരക്ഷാ പ്രശ്‌നങ്ങല്‍ കടന്നുകൂടിയതായി കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ കമ്പനി മനസ്സിലാക്കിയിരുന്നെങ്കിലും വിവരം പുറത്തുവിട്ടിരുന്നില്ല. 

ഗൂഗിള്‍ പ്ലസ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായ കുറവും അടച്ചു പൂട്ടലിന് വഴിയൊരുക്കിയെന്നാണ് റിപ്പോര്‍ട്ട്‌.

ഫേസ്ബുക്കിന് പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യവുമായി 2011ലാണ് ഗൂഗിള്‍ പ്ലസ് ആരംഭിച്ചത്. എന്നാല്‍ ഉപയോക്താക്കള്‍ക്കിടയില്‍ വേണ്ടത്ര സ്വാധീനം ചെലുത്താന്‍ സോവനത്ത് സാധിച്ചില്ല. 

മുന്‍ നിര ബിസിനസ് സ്ഥാപനങ്ങളും ഗൂഗിള്‍ പ്ലസിനെ അവഗണിച്ചതോടെ നെറ്റവര്‍ക്കിന്‍റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു.