ഇലക്ട്രിക് വാഹനങ്ങളിലെ തീപിടിത്തം ഉണ്ടാകുന്നതെങ്ങനെ; ഒരല്പം ശ്രദ്ധിച്ചാൽ വലിയ അപകടങ്ങൾ ഒഴിവാക്കാം

ചൂട്, ഈര്‍പ്പം, ഹാര്‍മോണിക്‌സ്, മനുഷ്യര്‍ തുടങ്ങിയവയെല്ലാം ഇവയിലെ അപകടങ്ങൾക്ക് കാരണമാകാറുണ്ട്

Written by - Zee Malayalam News Desk | Edited by - Zee Malayalam News Desk | Last Updated : Apr 3, 2022, 08:16 PM IST
  • തീപിടിത്തമുണ്ടായാൽ അത് വളരെ വേഗത്തിൽ പടർന്നു പിടിക്കും
  • ചൂട്, ഈര്‍പ്പം, ഹാര്‍മോണിക്‌സ്, മനുഷ്യര്‍ എന്നിവയെല്ലാം അപകട കാരണങ്ങൾ
  • ബാറ്ററി സ്വാപ്പിംഗ് പോലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാൽ തീപിടിത്തം കുറയ്ക്കാം
ഇലക്ട്രിക് വാഹനങ്ങളിലെ തീപിടിത്തം ഉണ്ടാകുന്നതെങ്ങനെ; ഒരല്പം ശ്രദ്ധിച്ചാൽ വലിയ അപകടങ്ങൾ ഒഴിവാക്കാം

ദിനം പ്രതി ഇന്ധനവില ഉയരുമ്പോൾ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യക്കാർ ഏറുകയാണ്. എന്നാൽ അപ്രതീക്ഷിതമായ പല വെല്ലുവിളികളും സുരക്ഷാ പ്രശ്‌നങ്ങളും ഇലക്ട്രിക് വാഹന വിപണിയെ വലിയ രീതിയിൽ  ബാധിക്കുന്നുണ്ട്. ഇവികളുടെ സുരക്ഷാ  പ്രശ്‌നങ്ങളില്‍ ഒന്നാണ് വാഹനങ്ങള്‍ക്ക് തീ പിടിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്ക് പെട്രോൾ-ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച്  തീപിടിക്കാനുള്ള സാധ്യത വളരെ കുറവാണ്. എങ്കിലും തീപിടിത്തമുണ്ടായാൽ  അത് വളരെ വേഗത്തിൽ പടർന്നു പിടിക്കുമെന്നത് അപകട സാധ്യത വർദ്ധിപ്പിക്കും.   അവയിലെ ബാറ്ററികളിൽ തീപടരാനുള്ള രാസവസ്തുക്കൾ ഉള്ളതാണ് ഇതിന് കാരണം.

ഇവി സെഗ്മെന്റില്‍ ഇരുചക്രവാഹന വിഭാഗത്തിലാണ് കനത്ത മത്സരം നടക്കുന്നത്. വര്‍ധിച്ചു വരുന്ന ഇന്ധന വില,  സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും വരുന്ന സര്‍ക്കാര്‍ സബ്‌സഡികൾ തുടങ്ങിയവയെല്ലാം  ഇതിന് പ്രേരകമാകുന്നുണ്ട്. വന്‍കിട ടെക്ക് കമ്പനികൾ പോലും  ഇപ്പോള്‍  സ്വന്തം ഇലകട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമങ്ങൾ  ആരംഭിച്ചിട്ടുണ്ട്. ഓരോ കമ്പനികളും വിപണിയില്‍ ഒന്നാമത് എത്താനുള്ള മത്സരങ്ങൾ കടുപ്പിക്കുമ്പോൾ വാഹനത്തിന്റെ ഗുണനിലവാരത്തെയും സുരക്ഷയെയും അത്  പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. മാത്രമല്ല സാധാരണക്കാർ  ഇലക്ട്രിക് വാഹനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും പ്രധാനപ്പെട്ട കാര്യമാണ്. സുരക്ഷിതവും ശേഷിയില്ലാത്തതുമായ പവര്‍ സോക്കറ്റുകളില്‍ ഇവികള്‍ കണക്റ്റ് ചെയ്യുന്നതും അപകടത്തിന് കാരണമാണമാകാറുണ്ട്.

ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷ കണക്കിലെടുക്കുമ്പോൾ ഇന്ത്യയിലെ സവിശേഷമായ കാലാവസ്ഥയും  ഉപയോഗ സാഹചര്യവും നിര്‍ണായകമാണ്. രാജ്യത്ത് കൂടി വരുന്ന ചൂട് അടക്കമുള്ള കാലാവസ്ഥാ ഘടകങ്ങള്‍ ഇവി നിര്‍മാതാക്കള്‍ക്ക് കടുത്ത വെല്ലുവിളി തന്നെയാണ്. എന്നാല്‍  തീപിടിത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലും ഇവികള്‍ സുരക്ഷിതമാണെന്നാണ് ഈ കമ്പനികള്‍ ഉന്നയിക്കുന്ന വാദം. ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പോലെ സുരക്ഷിതമായ സാങ്കേതികവിദ്യയാണ് ഇലക്ട്രിക് വാഹനങ്ങളിലുമുള്ളത്. 

ചൂട്, ഈര്‍പ്പം, ഹാര്‍മോണിക്‌സ്, മനുഷ്യര്‍ തുടങ്ങിയവയെല്ലാം ഇവയിലെ അപകടങ്ങൾക്ക് കാരണമാകാറുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയില്‍ നടക്കേണ്ട പരിശോധനയുടെ പോരായ്മ, തെറ്റായ ചാര്‍ജിങ് ഡിവൈസുകള്‍ എന്നിവ  സാങ്കേതിക പരമായ അപകടങ്ങളിൽ പെടുന്നവയാണ്.  അപകടങ്ങളില്‍ ഭൂരിഭാഗവും ബാറ്ററികളുടെ പ്രശ്‌നമായിരിക്കാനാണ് സാധ്യത. ഇത്േ അവയുടെ തെര്‍മല്‍ മാനേജ്മെന്റ് അല്ലെങ്കില്‍ സെല്‍ ചോയ്സ് പോലെയുള്ള മറ്റ് പ്രശ്നങ്ങളും കാരണമാകാം. ഇലക്ട്രിക് വാഹനങ്ങളിലുണ്ടാകുന്ന  തീപിടിത്തം നേരത്തേ കണ്ടുപിടിക്കാൻ കഴിയില്ലെങ്കിലും ബാറ്ററി സ്വാപ്പിംഗ് പോലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാൽ തീപിടിത്തം ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നാണ്  വിദഗ്ധരുടെ അഭിപ്രായം. 

ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള ഏറ്റവും വേഗതയേറിയ മാർഗമാണ് ബാറ്ററി സ്വാപ്പിംഗ്.  ചാർജ് ചെയ്യാൻ ഒരേസമയം നിരവധി ബാറ്ററികൾ സ്ഥാപിച്ചിട്ടുള്ള ഒരു ഗ്രിഡാണിത്. ഒരു ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനിൽ, ഇലക്ട്രിക് സ്‌കൂട്ടറിന്റെയോ ബൈക്കിന്റെയോ ത്രീ-വീലറിന്റെയോ ഡിസ്ചാർജ് ആയ ബാറ്ററിക്ക് പകരം പൂർണ്ണമായി ചാർജ്ജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് മാറ്റാവുന്നതാണ്. ബാറ്ററി സ്വാപ്പിംഗ് തീപിടുത്തത്തിന്റെ സാധ്യത കുറയ്ക്കുന്നു. ബാറ്ററി ചാർജ് ചെയ്യുമ്പോൾ, അതിന്റെ താപനില ഉയരും. ചാർജ് ചെയ്തതിനു ശേഷം വാഹനം ഓടിക്കുന്നതുകൊണ്ടു തന്നെ ബാറ്ററി തണുക്കാൻ സമയം ലഭിക്കാറില്ല. ഇത് ബാറ്ററി അമിതമായി ചൂടാകുന്നതിനും തീപിടുത്തത്തിനുള്ളസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

എന്നാൽ സ്വാപ്പ് ഗ്രിഡ് പൂർണ്ണമായി ചാർജ്ജ് ചെയ്ത ബാറ്ററി നൽകുന്നു, അത് പൂർണ്ണമായി ചാർജ് ചെയ്തതിന് ശേഷം ഗ്രിഡിലിരുന്ന് തണുക്കുന്നതിനും സഹായിക്കുന്നു. വൈദ്യുത വാഹനത്തിന്റെ ഡിസ്ചാർജ് ചെയ്ത ബാറ്ററിയും ഇടയ്ക്കിടെയുള്ള ഉപയോഗം കാരണം ചൂടാകാറുണ്ട്. റീചാർജ് ചെയ്യുന്നതിനായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനിലേക്ക് തിരികെ വയ്ക്കുമ്പോൾ, കുറച്ച് സമയത്തിന് ശേഷം അതിന്റെ താപനില കുറയും. ഇത് ബാറ്ററിയിൽ തീപിടിക്കാനുള്ള സാധ്യതയും കുറയ്ക്കും. ഇന്ത്യയിലെ ചില കമ്പനികൾ മാത്രമാണ് നിലവിൽ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് ബാറ്ററി സ്വാപ്പിംഗ് സൗകര്യം നൽകുന്നത്. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ കൂടുതലുള്ള മെട്രോകളിൽ മാത്രമേ സ്റ്റേഷനുകളുണ്ടാകുകയുള്ളൂ. കൂടുതൽ നഗരങ്ങളിൽ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ നിർമിക്കാൻ പല കമ്പനികളും പദ്ധതിയിടുന്നുണ്ട്.

 

Trending News