ജി20 ഉച്ചകോടിയില്‍ ട്രംപ്-മോദി കൂടിക്കാഴ്ച

ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്‍പായി പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടന്നു. 

Last Updated : Jun 28, 2019, 10:53 AM IST
ജി20 ഉച്ചകോടിയില്‍ ട്രംപ്-മോദി കൂടിക്കാഴ്ച

ഒസാക്ക: ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്‍പായി പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടന്നു. 

 
കൂടിക്കാഴ്ചയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി നേടിയ ചരിത്ര വിജയത്തെ ഡൊണാൾഡ് ട്രംപ് അഭിനന്ദിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിൽ അനുമോദനം അറിയിച്ച ട്രംപിനോട് മോദി നന്ദിയും പറഞ്ഞു.

5G, വ്യാപാരം, സൈനിക സഹകരണം എന്നിവയായിരുന്നു ചര്‍ച്ചയിലെ മുഖ്യ വിഷയങ്ങള്‍. ഇറാനുമായുള്ള അമേരിക്കയുടെ തർക്കവും ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്‍റെ പേരിൽ ഇന്ത്യയെ അമേരിക്കയുടെ വ്യാപാര മുൻഗണനാപട്ടികയിൽ നിന്ന് ഒഴിവാക്കിയതും ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഒപ്പം ഭീകരവാദവും പ്രധാന ചര്‍ച്ചാവിഷയമായി.

വ്യാപാര മുൻഗണനാപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് പിൻവലിച്ചാൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ അധിക ഇറക്കുമതി തീരുവ കുറയ്ക്കാമെന്ന നിലപാട് ഇന്ത്യ സ്വീകരിച്ചതായാണ് സൂചന.

ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ അമേരിക്ക ഇന്നലെ നിലപാട് കടുപ്പിച്ചിരുന്നു. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 28 ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന തീരുവ കുറയ്ക്കണമെന്നും തീരുവ വര്‍ധനവ് അംഗീകരിക്കാനാകില്ലന്നും ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇന്ത്യയ്ക്ക് വ്യാപാര രംഗത്തുള്ള പ്രത്യേക പരിഗണന അമേരിക്ക പിന്‍വലിച്ചതിനെ തുടര്‍ന്ന് ജൂണ്‍ അഞ്ചിനാണ് അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ കൂട്ടിയത്.  

അമേരിക്കയുമായി ഇന്ത്യ നല്ല ബന്ധം നിലനിര്‍ത്തുമെന്നും ഇന്ത്യയ്ക്ക് അമേരിക്കയുമായി ശക്തമായ വ്യാപാര ബന്ധമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സൈനിക മേഖലയില്‍ ഉള്‍പ്പെടെ ഇരുരാജ്യങ്ങളും സഹകരിക്കുമെന്നും വ്യാപാരസംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഇരു നേതാക്കളും വ്യക്തമാക്കി.

 

 

Trending News