വാഷിംഗ്ടണ്‍: ന്യൂനപക്ഷ മുസ്ലിംങ്ങളെ രണ്ടാംകിട പൗരന്മാരാക്കി മാറ്റാനുള്ള ശ്രമമാണ് ഇന്ത്യയുടെ പൗരത്വ ഭേദഗതി ബില്‍ എന്ന് യു.എസ് കോണ്‍ഗ്രസ് അംഗം ആന്ദ്രേ കാര്‍സണ്‍.
വിവാദമായ ഈ ബില്ലിന് ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളില്‍ നിന്നും അംഗീകാരം ലഭിച്ചിരിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം ഒഴികെയുള്ള 6 മതത്തില്‍പ്പെട്ട ടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ഉതകുന്ന പൗരത്വ ഭേദഗതി ബില്‍ ബുധനാഴ്ച രാജ്യസഭ പാസാക്കിയിരിക്കുകയാണ്. ഈ നീക്കം ഇന്ത്യയിലെ മുസ്ലി൦ങ്ങളെ രണ്ടാംകിട പൗരന്മാരാക്കാനും അവരുടെ എണ്ണം കുറയ്ക്കുന്നതിനുമുള്ള മറ്റൊരു ശ്രമവുമാണ്, ആന്ദ്രേ കാര്‍സണ്‍ പറഞ്ഞു.
അതേസമയം, ജമ്മു-കശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെയും കാര്‍സണ്‍ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 5ന് ഇന്ത്യ ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവിയില്‍ ഏകപക്ഷീയമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ അതിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ച് താന്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് ആഭ്യന്തര കാര്യമാണെന്ന് ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. യാഥാര്‍ത്ഥ്യം അംഗീകരിക്കാനും എല്ലാ ഇന്ത്യന്‍ വിരുദ്ധ പ്രചാരണങ്ങളും അവസാനിപ്പിക്കാനും അന്ന് പാക്കിസ്ഥാനോട് പറഞ്ഞു. ഇന്ന് പ്രധാനമന്ത്രിയുടെ വിനാശകരമായ മറ്റൊരു നീക്കത്തിന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു, നിയമനിര്‍മ്മാതാക്കള്‍ അദ്ദേഹത്തിന്‍റെ ക്രൂരമായ ഇത്തരമൊരു നിയമത്തിന് അനുമതി നല്‍കിയിരിക്കുന്നു- കാര്‍സണ്‍ പറഞ്ഞു.
അതേസമയം, പൗരത്വഭേദഗതി ബില്ലിനെതിരെ എതിര്‍പ്പുമായി നേരത്തെ യു.എസ് ഫെഡറല്‍ കമ്മീഷനും രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി ബില്‍ ‘തെറ്റായ ദിശയിലേക്കുള്ള അപകടകരമായ വഴിത്തിരി’വാണെന്നായിരുന്നു അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) പറഞ്ഞത്.
കൂടാതെ, ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ബില്‍ പാസാക്കിയാല്‍ ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.