കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 2118 കവിഞ്ഞു

ചൈനയില്‍ വൈറസ് വ്യാപിക്കുന്നത് കുറയുന്നതായി ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അവകാശപ്പെട്ടിട്ടുണ്ട്.  

Ajitha Kumari | Updated: Feb 21, 2020, 11:02 AM IST
കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 2118 കവിഞ്ഞു

ബെയ്ജിംഗ്: കൊറോണ വൈറസ് ചൈനയില്‍  പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍  മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 2118 കവിഞ്ഞു വെന്നാണ് റിപ്പോര്‍ട്ട്.

കൊറോണ വൈറസ് ബാധിച്ച് ചൈനയിലെ ഹുബെ പ്രവിശ്യയില്‍ ഇന്നലെ മാത്രം 115 പേര്‍ മരിച്ചു. 411 പേര്‍ക്ക് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.

എന്നാല്‍ ചൈനീസ് ആരോഗ്യസംഘടന ഇതു പ്രകാരമുള്ള കണക്കുകളൊന്നും പുറത്തു വിട്ടിട്ടില്ല. ലോകത്തെ മറ്റു ഭാഗങ്ങളിലായി ചൈനക്ക് പുറത്ത് എട്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചൈനീസ് നഗരമായ വുഹാനില്‍ നിന്നുണ്ടായ രോഗബാധയാണ് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിച്ചത്. 

രോഗം പടരുന്നതു തടയാനായി ഹുബൈയ് പ്രവിശ്യയിലെ ആറു കോടിയോളം പേര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സ്വകാര്യ കാറുകള്‍ നിരോധിച്ചിട്ടുണ്ട്.

വളരെ അത്യാവശ്യ ഘട്ടത്തില്‍ മാത്രമേ വീടിനു പുറത്തിറങ്ങാവൂവെന്നും മൂന്നു ദിവസം കൂടുമ്പോള്‍ ഓരോ വീട്ടില്‍നിന്നും ഓരോരുത്തര്‍ക്ക് അത്യാവശ്യ സാധനങ്ങളും ഭക്ഷണവും വാങ്ങാന്‍ പുറത്തിറങ്ങാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇതിനിടയില്‍ ഇറാനിലും ജപ്പാനിലും രണ്ടുപേര്‍ മരിച്ചു.  അതുപോലെ ദക്ഷിണ കൊറിയയിലും ഹോങ്ങ്കോങ്ങിലും ഒരാള്‍വീതം മരിച്ചുവെന്നും റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ ചൈനയില്‍ വൈറസ് വ്യാപിക്കുന്നത് കുറയുന്നതായി ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അവകാശപ്പെട്ടിട്ടുണ്ട്. 

കൊറോണ വൈറസിനെ ചെറുക്കാന്‍ ചൈനയ്ക്ക് എല്ലാ സഹായവും നല്‍കാമെന്ന് ഇന്ത്യ വാഗ്ദാനം നല്‍കിയിട്ടുണ്ട്. കൂടാതെ വൈറസ് ഭീതിയെ തുടര്‍ന്ന്‍ ചൈനയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.

ജൂണ്‍ 20 വരെയുള്ള എല്ലാ സര്‍വീസുകളുമാണ് എയര്‍ ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്. ബുധനാഴ്ച ചേര്‍ന്ന ഉന്നതതലയോഗമാണ്  ഈ തീരുമാനം കൈക്കൊണ്ടത്. 

നേരത്തെ മാര്‍ച്ച് 28 വരെയായിരുന്നു സര്‍വീസുകള്‍ നിര്‍ത്തി വച്ചിരുന്നത് എന്നാല്‍ അതിപ്പോള്‍ ജൂണ്‍ 20 വരെയായി നീട്ടുകയായിരുന്നു.