വാഷിംഗ്‌ടണ്‍: ഇറാഖിലെ യു.എസ് സൈന്യത്തിന് വളരെ അപ്രതീക്ഷിതമായൊരു ക്രിസ്മസ് സമ്മാനമാണ് ഇത്തവണ ലഭിച്ചത്.
അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയയും ഇറാഖിലെ യു.എസ് സൈന്യത്തെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു സൈന്യത്തിന് ഇത്തവണ ലഭിച്ച ഏറ്റവും വലിയ ക്രിസ്മസ് സമ്മാനം. തികച്ചും അപ്രതീക്ഷിതമായിരുന്നു ട്രംപിന്‍റെ സന്ദര്‍ശനം.
മൂന്ന് മണിക്കൂറിലധികം സമയം അദ്ദേഹം സൈനികരുമായി ചെലവഴിക്കുകയും സൈനികരെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയും ചെയ്തു. ഭരണം ഏറ്റെടുത്തതിന് ശേഷം ഇതാദ്യമായാണ് ട്രംപ് ഇറാഖിലെ യു.എസ് സൈന്യത്തെ സന്ദര്‍ശിക്കുന്നത്.
തന്‍റെ പ്രസംഗത്തില്‍ സിറിയയിലെ നിന്ന് പിന്‍വാങ്ങാനുള്ള അമേരിക്കയുടെ തീരുമാനം ശരിയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. സിറിയന്‍ വിഷയത്തില്‍ അമേരിക്കയെക്കാള്‍ കൂടുതല്‍ ഇടപെടാന്‍ സാധിക്കുക അയല്‍ രാജ്യങ്ങള്‍ക്കാണെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് അമേരിക്കയുടെ സിറിയയില്‍ നിന്നുള്ള പിന്‍വാങ്ങലിനെ പ്രതിരോധിക്കാനും മറന്നില്ല. സിറിയയില്‍ സ്ഥിരമായി തുടരാന്‍ ഒരു കാലത്തും അമേരിക്കയ്ക്ക് പദ്ധതിയുണ്ടായിരുന്നില്ല. പിന്‍വാങ്ങാനുള്ള സമയം അതിക്രമിച്ചെന്നും ട്രംപ് വിശദീകരിച്ചു.
നിലവിൽ ഇറാഖി സൈന്യത്തിന് വേണ്ട പരിശീലനം നല്‍കുന്നത് യു.എസ് സേനയാണ്. 5,000 സൈനികരാണ് ഇറാഖ് സര്‍ക്കാരിനെ സഹായിക്കാനായി രാജ്യത്തുള്ളത്. അതേസമയം, ഇറാഖി പ്രധാനമന്ത്രി അദേല്‍ അബ്ദുള്‍ മെഹ്ദിയുമായുള്ള കൂടിക്കാഴ്ച അവസാന നിമിഷം ട്രംപ് ഉപേക്ഷിച്ചു.
എന്നാല്‍, ട്രംപിന്‍റെ അപ്രതീക്ഷിത സന്ദര്‍ശനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ഇറാഖ് രംഗത്തെത്തി. ട്രംപിന്‍റെ സന്ദര്‍ശനം തങ്ങളുടെ രാജ്യത്തിന്‍റെ പരമാധികാരത്തെ ലംഘിക്കുന്നതാണെന്നാണ് ഇറാഖിന്‍റെ വിലയിരുത്തല്‍. ഇറാഖിലെ ഭരണപ്രതിപക്ഷമുള്‍പെടെ മുഴുവന്‍ രാഷ്ട്രീയ സംഘടനകളും ട്രംപിന്‍റെ സന്ദര്‍ശനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്‍റിന്‍റെ അടിയന്ത യോഗം വിളിക്കണമെന്ന് ഇസ്‌ലാഹ് പാര്‍ലമെന്‍ററി നേതാവ് സബാഹ് അല്‍ സാദി ആവശ്യപ്പെട്ടു. ‘ഇറാഖിന്‍റെ സ്വയംഭരണാവകാശത്തെ പ്രകടമായി ലംഘിച്ചന്‍റെ പരിമിതികള്‍ ട്രംപ് മനസ്സിലാക്കേണ്ടതുണ്ട്. ഇറാഖിലെ യു.എസ് അധിനിവേശം അവസാനിച്ചതാണ്’- സബാഹ് പറഞ്ഞു.