ബുഷിന്‍റെ മകള്‍ ബാര്‍ബറ വിവാഹിതയായി!

70-ാം വിവാഹവാര്‍ഷികത്തിന് ജോര്‍ജ് എച്ച്‌.ഡബ്ല്യു. ബുഷ് സമ്മാനിച്ച ബ്രെയ്‌സ്‌ലെറ്റായിരുന്നു അത്. 

Sneha Aniyan | Updated: Oct 9, 2018, 01:46 PM IST
ബുഷിന്‍റെ മകള്‍ ബാര്‍ബറ വിവാഹിതയായി!

മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ഡബ്ല്യു. ബുഷിന്‍റെ മകള്‍ ബാര്‍ബറ വിവാഹിതയായി. എഴുത്തുകാരനായ ക്രെയ്ഗ് ലൂയി കോയ്നാണ് മുപ്പത്തിയാറുകാരിയായ ബാര്‍ബറയെ മിന്നുചാര്‍ത്തിയത്.

അഞ്ചാഴ്ച മുമ്പായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. മെയ്‌നിലെ കെന്നെബങ്ക്‌പോര്‍ട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പടെ 20 പേര്‍ മാത്രമാണ് പങ്കെടുത്തത്. 

ജോര്‍ജ് ഡബ്ല്യു. ബുഷാണ് മകളുടെ കൈപിടിച്ച്‌ ചടങ്ങുകള്‍ക്ക് മുന്നില്‍ നിന്നത്.  അനുഗ്രഹാശിസ്സുകളുമായി മുന്‍ പ്രസിഡന്‍റ് കൂടിയായ മുത്തച്ഛന്‍ ജോര്‍ജ് എച്ച്‌. ഡബ്ല്യു. ബുഷും, അമ്മ ലോറ ബുഷും, ഇരട്ടസഹോദരി ജെന്നയും ചടങ്ങുകളില്‍ പങ്കെടുത്തു. 

ഇവരെ കൂടാതെ, ജെന്നയുടെ ഭര്‍ത്താവ് ഹെന്‍റി ചെയ്‌സ് ഹേഗറും മക്കളായ അഞ്ചുവയസ്സുകാരി മിലയും മൂന്നുവയസ്സുകാരി പോപ്പിയും ചടങ്ങില്‍ നിറഞ്ഞുനിന്നു. 

തൂവെള്ള നിറത്തിലുള്ള വെറാ വാ൦ഗ് ഗൗണിനൊപ്പം മുത്തശ്ശിയോടുള്ള ആദരസൂചകമായി ബ്രെയ്‌സ്‌ലെറ്റും ബാര്‍ബാറ ധരിച്ചിരുന്നു. 70-ാം വിവാഹവാര്‍ഷികത്തിന് ജോര്‍ജ് എച്ച്‌.ഡബ്ല്യു. ബുഷ് സമ്മാനിച്ച ബ്രെയ്‌സ്‌ലെറ്റായിരുന്നു അത്. 

അതേസമയം, സഹോദരന്‍ എഡ്വേര്‍ഡ് കോയ്‌നായിരുന്നു ചടങ്ങില്‍ ക്രെയ്ഗിന്‍റെ തോഴന്‍. അച്ഛന്‍ എഡ്വേര്‍ഡ് ജയിംസ്, അമ്മ ഡാര്‍ലീന്‍, സഹോദരിമാരായ കാത്‌ലീന്‍, കാറ്റി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

വിവാഹശേഷം ന്യുയോര്‍ക്കില്‍ സ്ഥിരതാമസമാക്കാനാണ് ബാര്‍ബറയുടെയും ക്രെയ്ഗിന്‍റെയും തീരുമാനം.