ബെയ്‌റൂത്ത്: പശ്ചിമേഷ്യയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുമെന്ന സൂചനകള്‍ പുറത്ത്. ലെബനനില്‍ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ ഇനിയും ശക്തമാകും. വ്യോമാക്രമണം കൂടാതെ കരയുദ്ധത്തിന് കൂടി ഇസ്രായേല്‍ ഒരുങ്ങുന്നു എന്നാണ് ലഭിക്കുന്ന സൂചന. പശ്ചിമേഷ്യയില്‍ സമ്പൂര്‍ണയുദ്ധം വരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയതിന് പിറകെയാണ് പുതിയ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
ലെബനനില്‍ കരയാക്രമണത്തിന് നിലമൊരുക്കുന്നതിന് വേണ്ടിയാണ് ഇപ്പോഴത്തെ വ്യോമാക്രമണങ്ങള്‍ എന്നാണ് ഇസ്രായേല്‍ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി അവരുടെ ടാങ്ക് ബ്രിഗേഡിനോട് പറഞ്ഞത്. ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മുഴുവന്‍ നശിപ്പിക്കുക എന്നതാണ് ലക്ഷ്യം. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേലിന് മേല്‍ ലോകരാഷ്ട്രങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന ആക്രമണത്തില്‍ ലബനനിലെ ഹിസ്ബുള്ളയുടെ രണ്ടായിരത്തില്‍ പരം കേന്ദ്രങ്ങള്‍ ആക്രമിച്ചുകഴിഞ്ഞു എന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. അറനൂറില്‍ അധികം പേരാണ് ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകണം എന്നാണ് ലെബനന്‍ ജനതയോട് ഇസ്രായേല്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ആക്രമണം ഉടന്‍ അവസാനിപ്പിക്കില്ലെന്ന സൂചന തന്നെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും നല്‍കുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം ഇസ്രായേലിനെ ഞെട്ടിക്കുന്ന പ്രത്യാക്രമണവുമായി ഹിസ്ബുള്ളയും രംഗത്തെത്തി. ലെബനനില്‍ നിന്ന് ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് മിസൈല്‍ തൊടുത്തുകൊണ്ടായിരുന്നു ഇത്. ലെബനനില്‍ നിന്ന് ആദ്യമായാണ് ഇസ്രായേല്‍ തലസ്ഥാനത്തേക്ക് ഒരു മിസൈല്‍ എത്തുന്നത്. ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാല്‍ മിസൈല്‍ ലക്ഷ്യം കാണുന്നതിന് മുമ്പ് ആകാശത്ത് വച്ച് തന്നെ ഇസ്രായേല്‍ സൈന്യം ഇതിനെ നിര്‍വ്വീര്യമാക്കുകയായിരുന്നു.
ഹിസ്ബുള്ളയ്ക്കും ലെബനനും എല്ലാവിധ പിന്തുണയും നൽകുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഇറാൻ രംഗത്ത് വന്നിട്ടുണ്ട്. പശ്ചേമേഷ്യയിൽ സമ്പൂർണ ദുരന്തമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് ഇറാന്റെ പ്രതികരണം. ഇസ്രായേലിന്റെ പരമ്പരാഗത വൈരികൾ എന്ന് വിശേഷിപ്പിക്കാവുന്ന രാജ്യമാണ് ഇറാൻ. ഇസ്രായേൽ കരയുദ്ധത്തിലേക്ക് നീങ്ങിയാൽ ലബനന് പിന്തുണയുമായി ഇറാനും രംഗത്തെത്തും. ഇതോടെ യുദ്ധം കൂടുതൽ രക്തരൂക്ഷിതമാകുമെന്ന ആശങ്കയാണ് ലോകമെങ്ങും. ലബനനിൽ കരയുദ്ധത്തിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ല എന്നാണ് പെന്റഗൺ വക്താവ് വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കയും ഫ്രാൻസും ജർമനിയും സൗദി അറേബ്യയും യുഎഇയും ഖത്തറും അടക്കമുള്ള രാജ്യങ്ങൾ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.