പാക്കിസ്ഥാനില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയായി
ലൈല അലി.
പാക്കിസ്ഥാന്‍റെ ചരിത്രത്തിലാദ്യമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുമുള്ള ഒരാള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത്.
ലൈലയുടെ ലൈസന്‍സും തിരിച്ചറിയല്‍ കാര്‍ഡും ഇതുവരെ മുഹമ്മദ് അലി എന്ന പേരിലായിരുന്നു. അതുകൊണ്ട് തന്നെ ലൈലയ്ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് നിയമ തടസങ്ങള്‍ ധാരളമുണ്ടായിരുന്നു.
നിയമ തടസങ്ങള്‍ കൂടാതെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരോടുള്ള ഉദ്യോഗസ്ഥരുടെ മനോഭാവവും ലൈലയ്ക്ക് ലൈസന്‍സ് നേടുന്നതിനു തടസമായി.
ഒടുവില്‍ ഇസ്ലാലാമാബാദ് പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറലിനോട് ലൈല ഇക്കാര്യങ്ങള്‍ തുറന്നു സംസാരിക്കുകയായിരുന്നു.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പോലീസിന്‍റെ ഭാഗത്ത് നിന്നുള്ള പീഡനങ്ങളെ കുറിച്ചും ലൈല അദ്ദേഹത്തോട് സംസാരിച്ചു.
ഒരു കാരണവുമില്ലാതെ നിരവധി തവണ പോലീസ് ലൈലയ്ക്കെതിരെ കേസെടുക്കുകയും കുറ്റക്കാരിയാക്കുകയും ചെയ്തിരുന്നു.
മുൻപ് ഈ വിഷയങ്ങൾ പോലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും പരിഹാരമുണ്ടായില്ലെന്നും ഇവർ ഐ ജി യോട് പറഞ്ഞു.
സ്വന്തമായി കാറുണ്ടായിട്ടും കഴിഞ്ഞ പത്ത് വര്‍ഷമായി ലൈസന്‍സ് ഇല്ലാതെയാണ് ഓടിക്കുന്നതെന്നും ഇവര്‍ ഇന്‍സ്‌പെക്ടറിനോട് വ്യക്തമാക്കുകയായിരുന്നു.
താന്‍ മാത്രമല്ല രാജ്യത്തെ മിക്ക ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരും ഇതേ പ്രശ്‌നം അനുഭവിക്കുകയാണെന്നും ലൈല ഐ ജി യെ അറിയിച്ചു.
തുടര്‍ന്ന് ട്രാഫിക് പോലീസ് ഇൻസ്പെക്ടറോട് ഇവർക്ക് ലൈസൻസ് നൽകാൻ വേണ്ട നടപടി കൈക്കൊള്ളാൻ ഐജി ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ മെയ് മാസത്തില്‍ പാക് പാര്‍ലമെന്‍റ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമം പാസാക്കിയിരുന്നു.
നിലവില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട 500,000 പേരാണ് പാക്കിസ്ഥാനിലുള്ളത്.