ന്യൂയോര്‍ക്ക്: ഈ വർഷത്തെ ആദ്യ പൂർണ ചന്ദ്രഗ്രഹണം ഇന്ന്. പൂർണ ചന്ദ്രഗ്രഹണം നടക്കുന്നതിന് മുൻപായി ചന്ദ്രൻ ചുവന്ന നിറത്തിൽ കാണപ്പെടും. ഇതാണ് ബ്ലഡ് മൂൺ. സൂര്യന്റെ ചുവന്ന രശ്മി ചന്ദ്രനിൽ പ്രതിഫലിക്കുന്നതിനാലാണ് ചന്ദ്രന് ഈ സമയം ചുവന്ന നിറം വരുന്നത്. ഗ്രഹണ സമയത്ത് ഭൂമിയുടെ നിഴൽ പൂർണമായും ചന്ദ്രനെ മറച്ചാലും ചന്ദ്രൻ ചുവപ്പ് നിറത്തിൽ ദൃശ്യമാകും. ഭൂമിയുടെ അന്തരീക്ഷമാണ് ഇത്തരം ഒരു കാഴ്ചയ്ക്ക് കാരണം.
ദൃശ്യപ്രകാശത്തിലെ തരംഗദൈർഘ്യം കുറഞ്ഞ വർണ്ണങ്ങളായ വയലറ്റ്, നീല, പച്ച നിറങ്ങൾ ഏതാണ്ട് പൂർണ്ണമായും വിസരണത്തിന് വിധേയമായി ഭൂമിയിൽ നിന്ന് ചന്ദ്രനിൽ പതിക്കാതെ പോകുന്നു. അതു കൊണ്ട് ആ നിറങ്ങൾ തിരികെ എത്തുന്നില്ല. തരംഗ ദൈർഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് നിറങ്ങൾ മാത്രം ചന്ദ്രനിൽ നിന്നും പ്രതിഫലിച്ച് കാണാൻ സാധിക്കും. ഇതാണ് ചുവന്ന നിറത്തിലുള്ള ചന്ദ്രനെ നാം കാണുന്നതിന് കാരണം. പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് പൂർണ്ണമായും അദൃശ്യമാകുന്നതിന് പകരം ചന്ദ്രൻ ചുവപ്പ് നിറത്തിൽ ദൃശ്യമാവുകയാണ് ചെയ്യുക. ഭാഗിക ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ പ്രഭമൂലം നമുക്ക് ചന്ദ്രന്റെ ഇരുണ്ട ഭാഗം ഇപ്രകാരം കാണാൻ കഴിയില്ല. ഭൗമാന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ സാന്നിദ്ധ്യത്തിനനുസൃതമായി ചുവപ്പ് നിറത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. അന്തരീക്ഷ മലിനീകരണത്തിന്റെ ഒരു അളവുകോലായും ഇതിനെ കണക്കാക്കുന്നുണ്ട്.
ALSO READ: Solar Lunar Eclipse: വർഷത്തിലെ ആദ്യ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ഈ രാശിക്കാർക്ക് ഗുണം ചെയ്യും
നാസയുടെ വെബ്‌സൈറ്റിലെ അറിയിപ്പ് പ്രകാരം യുഎസിലെ പകുതി ഭാഗങ്ങളിൽ നിന്നും സൗത്ത് അമേരിക്കയിൽ നിന്നും ബ്ലഡ് മൂൺ കാണാൻ സാധിക്കും. ആഫ്രിക്ക, പശ്ചിമ യൂറോപ്പ്, നോർത്ത് അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നും ബ്ലഡ് മൂൺ വ്യക്തമായി കാണാം. ഇന്ന് ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം 10.27നാണ് ബ്ലഡ് മൂൺ സംഭവിക്കുന്നത്. ഇന്ത്യൻ സമയ പ്രകാരം ഇത് മെയ് 16 രാവിലെ ഏഴ് മണിക്ക് ശേഷമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ ബ്ലഡ് മൂൺ ദൃശ്യമാകില്ല.
യൂട്യൂബ് സ്ട്രീമിങ്ങിലൂടെ ബ്ലഡ് മൂൺ ദൃശ്യങ്ങൾ നാസ തത്സമയ സംപ്രേഷണം നടത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...