യുഎസിൽ മങ്കിപോക്സ് കേസുകൾ 24,000 ആയി വർധിച്ചതായി റിപ്പോർട്ടുകൾ. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അവതരിപ്പിച്ച കണക്കുകൾ പ്രകാരം ഏകദേശം ഇരുപത്തിനാലായിരത്തോളം മങ്കിപോക്സ് കേസുകൾ അമേരിക്കയിൽ റിപ്പോർട്ട് ചെയ്തതായാണ് പുറത്ത് വരുന്ന വിവരങ്ങൾ. കാലിഫോർണിയയിൽ 4,656 കേസുകളും ന്യൂയോർക്കിൽ 3,755 കേസുകളും ഫ്ലോറിഡയിൽ 2,398 കേസുകളും റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതുവരെ റിപ്പോർട്ട് ചെയ്ത മങ്കിപോക്സ് കേസുകൾ ഗുരുതരമായ ആരോഗ്യ അവസ്ഥകൾ സൃഷ്ടിക്കുന്നില്ല. കുരങ്ങുപനി മൂലമുണ്ടാകുന്ന അണുബാധ വളരെ അപൂർവമായേ മാരകമായിട്ടുള്ളൂവെന്ന് അധികൃതർ പറഞ്ഞു. ഭൂരിഭാഗം കേസുകളും രണ്ട് മുതൽ നാല് ആഴ്ചകൾക്കുള്ളിൽ രോഗമുക്തരായി. മങ്കിപോക്സിന്റെ മരണനിരക്ക് മൂന്ന് മുതൽ ആറ് ശതമാനം വരെ മാത്രമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കി.
എന്നാൽ, പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്ക് മങ്കിപോക്സ് ബാധിക്കുന്ന സന്ദർഭങ്ങളിൽ കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. മങ്കിപോക്സ് ചികിത്സിക്കാൻ ഒരു മരുന്ന് മാത്രമാണ് ലഭ്യമായിട്ടുള്ളത്. എന്നാൽ, ഈ മരുന്ന് അമിതമായി ഉപയോഗിക്കരുതെന്നും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. മങ്കിപോക്സ് വൈറസ് പ്രതിരോധ വാക്സിനുകളെ മറികടന്ന് ശരീരത്തിൽ പ്രവേശിക്കാൻ സാധിക്കുന്ന വിധത്തിൽ മ്യൂട്ടേഷനുകൾക്ക് വിധേയമാകുന്നുണ്ടെന്നാണ് സിഡിസി വ്യക്തമാക്കുന്നത്. ടെക്കോവിരിമാറ്റ് എന്ന ആന്റി വൈറൽ മരുന്ന് മങ്കിപോക്സ് വൈറസിനെ പ്രതിരോധിക്കുന്നതിൽ വളരെ ദുർബലമാണെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. വൈറസിലെ ഒരു ചെറിയ മ്യൂട്ടേഷൻ പോലും ഈ മരുന്നിന്റെ ഫലപ്രാപ്തിയെ ദോഷകരമായി ബാധിക്കും.
ഇന്ത്യയിലെ മങ്കിപോക്സ് കേസുകൾ പതിനാലായി. ഡൽഹിയിൽ മങ്കിപോക്സിന്റെ ഒമ്പതാമത്തെ കേസ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. മുപ്പതുകാരിയായ നൈജീരിയൻ സ്ത്രീക്ക് ഡൽഹിയിൽ വച്ച് കുരങ്ങുപനി പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് ചെയ്തു. ഇത് ഡൽഹിയിലെ ഒമ്പതാമത്തെയും ഇന്ത്യയിലെ പതിനാലാമത്തെയും മങ്കിപോക്സ് കേസാണ്. യുവതിയെ ഇപ്പോൾ ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ത്രീയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. പനി, വായ്‌പ്പുണ്ണ്, ത്വക്കിൽ കുമിളകൾ, ശരീരവേദന, കണ്ണിലെ അസ്വസ്ഥത എന്നിവയാണ് മങ്കിപോക്സ് രോഗികൾക്ക് പ്രകടമാകുന്ന ആദ്യകാല ലക്ഷണങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...