ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസിന്ദ ആര്‍ഡനോടുള്ള ആദര സൂചകമായി ടെലിവിഷന്‍ അവതാരക ഉണ്ടാക്കിയ ഒരു കേക്കാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.
ന്യൂസിലാന്‍ഡിലെ ടെലിവിഷന്‍ താരവും കൊമേഡിയനുമായ ലോറ ഡാനിയേലാണ് നയപരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലോക ശ്രദ്ധ നേടിയ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസിന്ദ ആര്‍ഡന്‍-ന്‍റെ രൂപത്തില്‍ കേക്ക് തയാറാക്കിയത്.
കാഴചയില്‍ ജെസിന്ദയുടെ രൂപമുള്ള കേക്ക് തയാറാക്കാനാണ് ലോറ ശ്രമിച്ചതെങ്കിലും അവസാനം ലഭിച്ചത് ഒരു വികൃത രൂപമാണ്. ജെസിന്ദയുമായി യാതൊരു സാമ്യവുമില്ലാത്ത രൂപമാണ് കേക്കിനുണ്ടായിരുന്നത്. പോരെങ്കില്‍, അവസാന ഫലം ഒരു വികൃതരൂപവും!
എന്നാല്‍, തന്‍റെ പ്രയത്നവും 'കല'യും നശിപ്പിക്കാന്‍ ലോറ തയാറായില്ല. കേക്കിന്‍റെ ഫോട്ടോ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.
'നമ്മളുടെ ഹീറോകളുടെ രൂപത്തില്‍ കേക്ക് തയാറാക്കരുതെന്ന്‍ അവര്‍ പറയുന്നത് വെറുതെയല്ല. എന്നാല്‍, എനിക്കിത് പരീക്ഷിക്കണമായിരുന്നു. എന്നോട് ക്ഷമിക്കണം ജെസിന്ദ. ഉണ്ടായിരുന്ന സാധനങ്ങള്‍ വച്ച് ഞാന്‍ എന്‍റെ കഴിവിന്‍റെ പരാമാവധി ശ്രമിച്ചു.' -എന്ന അടിക്കുറിപ്പോടെയാണ് താന്‍ ഉണ്ടാക്കിയ കേക്കിന്‍റെ ഫോട്ടോ ലോറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ ലോറയുടെ ഈ കേക്ക് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ജെസിന്ദയും ലോറയുടെ ഈ പോസ്റ്റിനു കമന്‍റ് ചെയ്തു. ഞെട്ടിപോയ ഇമോജിയായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
ജെസിന്ദ ആര്‍ഡന്‍റെ ഏറ്റവും പുതിയ ജീവചരിത്ര പുസ്കമായ 'An Extraordinary Leader'ന്‍റെ പുറം കവറിലെ ചിത്രമാണ് ലോറ പകര്‍ത്താന്‍ ശ്രമിച്ചത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൌണിനെ തുടര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മാവും ബേക്കിംഗ് പൌഡറുമൊന്നും ലഭിക്കാനില്ല.
ലോക്ക് ഡൌണ്‍ കാലത്ത് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാന്‍ തീരുമാനിച്ച ലോറയ്ക്ക് ആവശ്യത്തിനുള്ള സാധനങ്ങള്‍ ലഭിച്ചില്ല എന്നതാണ് വാസ്തവം. ലോറയുടെ ഈ കേക്ക് ബേക്കിംഗിനെ കളിയാക്കി നിരവധി പേരാണ് രംഗത്തെത്തുന്നത്. പ്രധാനമന്ത്രിയോടുള്ള ആദര സൂചകമായി ഇങ്ങനെയൊരു കേക്ക് തയാറാക്കാനുള്ള ലോറയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നവരും കുറവല്ല.
ലോകത്തില്‍ ഏറ്റവും കര്‍ശനമായി ലോക്ക് ഡൌണ്‍ നിയന്ത്രങ്ങള്‍ നടപ്പിലാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ന്യൂസിലാന്‍ഡ്. കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാന്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുന്ന ജെസിന്ദ ഏറെ പ്രശംസകള്‍ നേടിയ രാഷ്ട്ര നേതാവ് കൂടിയാണ്.