കീവ്: യുക്രൈനിൽ നാലാം ദിവസവും ശക്തമായ ആക്രമണം തുടർന്ന് റഷ്യ. സൈനിക കേന്ദ്രങ്ങളിലും ജനവാസ മേഖലയിലും ആക്രമണം നടന്നതായാണ് റിപ്പോർട്ടുകൾ. ജനങ്ങൾക്ക് നേരെ ആക്രമണം നടത്തില്ലെന്ന് റഷ്യ ആദ്യദിവസങ്ങളിൽ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും ഇതിന് വിരുദ്ധമായ നടപടിയാണ് വരും ദിവസങ്ങളിൽ റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നത്.
റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രൈന് സഹായ വാഗ്ദാനങ്ങളുമായി ലോകരാജ്യങ്ങൾ രംഗത്തെത്തി. സൈനിക സഹായം നൽകുമെന്ന് നെതർലൻഡും ജർമ്മനിയും ബെൽജിയവും ഫ്രാൻസും പ്രഖ്യാപിച്ചു. ബെൽജിയം 2000 മെഷീൻ ഗണ്ണുകളും 3,800 ടൺ ഇന്ധനവും നൽകും.
ജർമ്മനി സൈനിക വാഹനങ്ങൾ തകർക്കാൻ ശേഷിയുള്ള ആയുധങ്ങളും 500 ചെറു മിസൈലുകളും ഉടൻ നൽകും. യുക്രൈന് വൈദ്യസഹായം നൽകുമെന്ന് അസർബൈജാൻ വ്യക്തമാക്കി. കീവിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ആക്രമണം ശക്തമായ നഗരങ്ങളിൽ റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റം തടയാൻ ജനങ്ങൾ പോരാട്ടത്തിനിറങ്ങി. 18,000 തോക്കുകളാണ് തെരുവ് യുദ്ധത്തിന് തയ്യാറായവർക്ക് കഴിഞ്ഞ ദിവസം വിതരണം ചെയ്തത്.
എന്നാൽ, ജനങ്ങളിൽ നിന്ന് ആയുധങ്ങൾ തിരികെ വാങ്ങണമെന്ന് യുക്രൈനോട് റഷ്യ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഭവിഷ്യത്ത് വളരെ വലുതായിരിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നൽകി. അതിനിടെ, റഷ്യയിലും യുദ്ധ വിരുദ്ധ വികാരം ശക്തമാണ്. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ 3,052 പേർ അറസ്റ്റിലായി. റഷ്യയിൽ യുദ്ധത്തിനെതിരെ സമരം ചെയ്യുന്നത് രാജ്യദ്രോഹകുറ്റമായാണ് കണക്കാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...