രാജ്യത്തിനു വേണ്ടി ജീവനും ജീവിതവും വെടിയുന്ന സൈനികരോട് എന്നും ജനങ്ങള്‍ക്ക് ആരാധനയാണ്. അത് ഇന്ത്യയെന്നല്ല, മറ്റേത് രാജ്യത്തെ സൈനികനായാലും ബഹുമാനം തോന്നും.
പോള്‍ ജേക്കബ് എന്ന ബ്രിട്ടീഷ് സൈനികന്‍റെ കഥ കേട്ടാല്‍ അദ്ദേഹത്തോടും ആരാധനയും ബഹുമാനവും തോന്നും.
ബ്രിട്ടന് വേണ്ടി നടത്തിയ ആക്രമണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ കാഴ്ച നഷ്ടപ്പെട്ട വ്യക്തിയാണ് പോള്‍. കാഴ്ച നഷ്ടപെടുമ്പോള്‍ ഇരുപത് വയസ് മാത്രമായിരുന്നു പോളിന്‍റെ പ്രായം.
9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാഴ്ച നഷ്ടപ്പെട്ട പോള്‍ തന്‍റെ ആദ്യത്തെ ബോക്സി൦ഗ് മാച്ചില്‍ പങ്കെടുത്തിരിക്കുകയാണിപ്പോള്‍. നൂറു ശതമാനവും കാഴ്ച നഷ്ടപ്പെട്ട പോള്‍ ഏറ്റുമുട്ടിയത് കാഴ്ചയുള്ള എതിരാളിയുമായാണ്.
എന്നാല്‍, അന്ധനായ ബോക്സര്‍ എന്ന് വിളിക്കപ്പെടാന്‍ പോള്‍ ആഗ്രഹിക്കുന്നില്ല. ബോക്സര്‍ എന്ന് വിളിക്കപ്പെടാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്.
ചില്‍ഡ്രന്‍സ് ഹോമില്‍ വളര്‍ന്ന പോള്‍ 2006 ലാണ് സൈന്യത്തില്‍ ചേരുന്നത്. 2009 ല്‍ പോള്‍ അഫ്ഗാനിസ്ഥാനില്‍ അണിനിരന്ന സൈന്യത്തിലൊരാളായി.
സ്ഫോടനത്തില്‍ കാഴ്ച നഷ്ടപ്പെട്ട് വീട്ടില്‍ തിരിച്ചെത്തിയ പോള്‍ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോര്‍ഡറിന്‍റെ പിടിയിലായി.
ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാനായാണ് പോള്‍ ബോക്സി൦ഗ് പരിശീലിച്ചു തുടങ്ങിയത്. അങ്ങനെ ആദ്യത്തെ മത്സരത്തില്‍ പോള്‍ വിജയിക്കുകയും ചെയ്തു.
'ആദ്യമായാണ് താന്‍ ഒരു കാഴ്ചയില്ലാത്ത ആളെ പരിശീലിപ്പിക്കുന്നത്. അതില്‍ ആദ്യം ഭയമുണ്ടായിരുന്നു. ഇപ്പോള്‍ പക്ഷെ അതില്ല' എന്ന് പോളിന്‍റെ പരിശീലകനും പറയുന്നു.