ടോര്‍നാഡോ; 23 മരണം, മരിച്ചവരില്‍ കുട്ടികളും

അമേരിക്കയിലെ അലബാമയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ 23 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. 

Last Updated : Mar 5, 2019, 01:02 PM IST
ടോര്‍നാഡോ; 23 മരണം, മരിച്ചവരില്‍ കുട്ടികളും

മോണ്ട്‌ഗോമെറി: അമേരിക്കയിലെ അലബാമയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ 23 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. 

അലബാമയിലെ ലീ കൗണ്ടി മേഖലയില്‍ ഞായറാഴ്ചയാണ് അതിശക്തമായ ടോര്‍നാഡോ ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്. ആറും ഒന്‍പതും പത്തും വയസുള്ള കുട്ടികളാണ് മരിച്ചതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ജെയ് ജോൺസ് പറഞ്ഞു.

നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇനിയും മരണ സംഖ്യ ഉയരാന്‍  സാധ്യതയുണ്ടെന്നും  ജോൺസ് പറഞ്ഞു. കൂടുതല്‍ കരുതലോടെ സുരക്ഷിതമായിരിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രമ്പ്‌ ട്വീറ്റ് ചെയ്തു. 

മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് ടോര്‍നാഡോ വീശിയടിച്ചതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിനൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലില്‍ 35,000 വീടുകളിലേക്കുള്ള വൈദ്യുതബന്ധം താറുമാറായി. 

മരങ്ങള്‍ കടപുഴകി വീണ് നിരവധി സ്ഥലങ്ങളില്‍ ഗതാഗത തടസമുണ്ടാകുകയും എണ്ണമറ്റ കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. അലബാമയ്ക്കു പുറമേ, ജോര്‍ജിയ, ഫ്‌ളോറിഡ, സൗത്ത് കരോലിന എന്നീ സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റ് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

കാലാവസ്ഥ വ്യതിയാനത്തിനുള്ള സാധ്യത ഇനിയുമുണ്ടെന്നും ആളുകള്‍ കൂടുതല്‍ കരുതലോടെയിരിക്കണമെന്നും അലബാമ ഗവര്‍ണര്‍ കേ ഐവെ ട്വീറ്റ് ചെയ്തു. 

 

Trending News