വാഷിംഗ്‌ടണ്‍: ചൈനയ്ക്കെതിരെ പുതിയ ആരോപണവുമായി അമേരിക്ക രംഗത്ത് ....!!
കോവിഡ് വാക്സിൻ സംബന്ധിച്ച ഗവേഷണം ചോര്‍ത്താന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിക്കുന്നതായാണ് അമേരിക്കയുടെ ആരോപണം. ചൈനയിലെ ഏറ്റവും പ്രഗത്ഭരായ ഹാക്കർമാർ അമേരിക്കയ്ക്ക് നേരെ സൈബർ ആക്രമണം നടത്തുകയാണെന്നും യുഎസ് അവകാശപ്പെടുന്നു. കോവിഡ്-19 നെതിരെയുള്ള വാക്‌സിന്‍ പരീക്ഷണം, വാക്‌സിന്‍റെ പൂര്‍ണവിവരം, ബൗദ്ധികസ്വത്ത് സംബന്ധിച്ച കാര്യങ്ങള്‍ ഇവയെല്ലാം ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതായി അമേരിക്ക പറയുന്നു.
വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന പൊതു-സ്വകാര്യമേഖലാസ്ഥാപനങ്ങള്‍ക്ക് ഹാക്കര്‍മാരെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള ഒരുക്കത്തിലാണ് എഫ്ബിഐയും ആഭ്യന്തരസുരക്ഷാ വിഭാഗവുമെന്ന് പ്രമുഖ ദിനപ്പത്രങ്ങളായ വാള്‍ സ്ട്രീറ്റ് ജേണല്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നിവ റിപ്പോര്‍ട്ട് ചെയ്തു.
കൊറോണ വൈറസ് വാക്സിൻ സംബന്ധിച്ച ഗവേഷണം മോഷ്ടിക്കുന്നതിനായി ചൈനയിലെ ഏറ്റവും പ്രഗത്ഭരായ ഹാക്കർമാർ യുഎസിന് നേരെ സൈബർ ആക്രമണം നടത്തുകയാണെന്ന് അവകാശപ്പെട്ട അമേരിയ്ക്ക, വൈറസിന് പരിഹാരം കണ്ടെത്തുന്നതിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരോടും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണ്. പ്രീമിയർ മെഡിക്കൽ റിസർച്ച് സെന്ററുകൾ മുതൽ യൂണിവേഴ്സിറ്റി ഡിപ്പാർട്ട്‌മെന്റുകൾ, ആശുപത്രികൾക്കുവരെ ഈ നിര്‍ദ്ദേശം ബാധകമാണ്.
ചൈനയിലെ ഹാക്കര്‍മാര്‍ യുഎസ് ഡാറ്റാബേസിൽ നിന്ന് വളരെ അകലെയല്ല എന്ന അനുമാനത്തിലാണ് അമേരിക്കയിപ്പോള്‍.
എന്നാല്‍ സൈബര്‍ ആക്രമണ൦ സംബന്ധിച്ച എല്ലാ ആരോപണങ്ങളും ചൈന ശക്തമായി നിഷേധിച്ചു. കോവിഡ്-19 നെതിരെയുള്ള വാക്‌സിന്‍ വികസനത്തിലും കോവിഡ് ചികിത്സയിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ചൈന ബഹുദൂരം മുന്നിലാണെന്നും തങ്ങള്‍ക്കെതിരായ എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും ചൈനയുടെ വിദേശകാര്യമാന്ത്രാലയ വക്താവ് വ്യക്തമാക്കി.
എന്നാല്‍, സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പെന്റഗണിന്റെയും ദേശീയ സുരക്ഷാഏജന്‍സിയുടേയും സൈബര്‍ വിഭാഗങ്ങള്‍ നടത്താനിരിക്കുന്ന പ്രത്യാക്രമണങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുകയാണ് ചൈന അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നത്.
കഴിഞ്ഞ ആഴ്ച ബ്രിട്ടണും അമേരിക്കയും സംയുക്തമായി വര്‍ധിച്ചു വരുന്ന സൈബര്‍ ആക്രമണങ്ങളെ നിശിതമായി വിമര്‍ശിച്ചിരുന്നു. ആരോഗ്യസ്ഥാപനങ്ങളുടേയും ഗവേഷണസ്ഥാപനങ്ങളുടേയും രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ ശ്രമിക്കുന്നതായും ആരോപിച്ചിരുന്നു.