വാഷിങ്ടണ്‍: നവംബര്‍ എട്ടിനു നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ശതകോടീശ്വരന്‍ ഡോണള്‍ഡ് ട്രംപ് (69) തന്നെ മത്സരിക്കുമെന്ന് ഉറപ്പായി. 1237 ഡെലിഗേറ്റുകളുടെ പിന്തുണ നേടുന്ന വ്യക്തിക്ക് പ്രസിഡന്റെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി മത്സരിക്കാമെന്ന നിലയില്‍ അത്രയും പിന്തുണ ട്രംപ് ഉറപ്പാക്കുകയും ചെയ്തു. ഇതുമായി
ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ജൂലൈയില്‍ ഉണ്ടാകും. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ മുന്നിലുള്ള ഹിലറി ക്ലിന്റനായിരിക്കും ട്രംപിന്‍റെ എതിര്‍സ്ഥാനാര്‍ഥി. ഇതുവരെ 1238 ഡെലിഗേറ്റുകളുടെ പ്രതിനിധികളുടെ പിന്തുണ ട്രംപ് ഉറപ്പിച്ചു. ബാക്കിയുള്ള പ്രൈമറികളിലും കോക്കസുകളിലുമായി 303 പ്രതിനിധികളെ കൂടി തിരഞ്ഞെടുക്കാനിരിക്കെയാണ് ട്രംപ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്.
കഴിഞ്ഞവര്‍ഷം മാത്രം രാഷ്ട്രീയത്തിലിറങ്ങിയ ന്യൂയോര്‍ക്ക് ആസ്ഥാനമായ വന്‍കിട വ്യവസായിയും ടിവി റിയാലിറ്റി ഷോ താരവുമായ ട്രംപ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെ വെട്ടിനിരത്തിയാണ് മല്‍സരരംഗത്തു സ്ഥാനമുറപ്പിച്ചത്. കൂടാതെ യുഎസ് പ്രസിഡന്റ് പദവിയില്‍ എത്തിയാല്‍ ശമ്പളമില്ലാതെ തന്നെ തനിക്ക് ആ പദവി തുടരാന്‍ സാധിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.