Eid-al-Adha 2022: ഇസ്ലാം മതവിശ്വാസികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ബാകീദ് അല്ലെങ്കില്‍ ഈദുൽ അദ്‌ഹ (Eid-al-Adha). സഹനത്തിന്‍റെയും ത്യാഗത്തിന്‍റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ് എന്ന പേരിൽ അറിയപ്പെടുന്ന ബലി പെരുന്നാൾ. ഈദുൽ അദ്‌ഹ എന്നാണ് ഈ ദിവസത്തെ അറബിയിൽ വിശേഷിപ്പിക്കുന്നത്
കേരളത്തില്‍ ജൂലൈ 10 നാണ് ബക്രീദ് ആഘോഷിക്കുക. ഇസ്ലാം മതത്തിലെ അഞ്ച് പ്രധാനപ്പെട്ട പുണ്യ കർമ്മങ്ങളിലൊന്നായ ഹജ്ജിന്‍റെ പ്രധാനപ്പെട്ട ഭാഗങ്ങൾ നിർവ്വഹിക്കപ്പെടുന്ന ദിവസം കൂടിയാണ് ഈ ദിവസം. ദുൽഹജ്ജ് മാസത്തിലെ പത്താം ദിവസമാണ് ബക്രീദ് ആഘോഷിക്കുന്നത്.
Also Read: ഈദ് അൽ അദ്ഹ 2022; ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ഈ ദിവസം
ബലി പെരുന്നാളിന്‍റെ പവിത്രമായ ചരിത്രം അറിയാം
പ്രവാചകനായ ഇബ്രാഹീം നബിയുമായി ബന്ധപ്പെട്ടതാണ് ബലി പെരുന്നാള്‍. മുസ്ലീങ്ങളുടെ വിശ്വാസം അനുസരിച്ച് അള്ളാഹു പ്രവാചകനായ ഇബ്രാഹീമിനെ പരീക്ഷിക്കാൻ തീരുമാനിച്ചു. അള്ളാഹു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് തന്‍റെ ഏക മകനായ ഇസ്മായിലിനെ തനിയ്ക്ക് ബലി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.
തന്നെ വലിയ ഒരു തലമുറയുടെ പിതാവാക്കും എന്ന് അള്ളാഹു ഇബ്രാഹീം നബിയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു. എങ്കിലും, വര്‍ഷങ്ങള്‍ കാത്തിരുന്ന ശേഷം വാര്‍ദ്ധക്യ കാലത്താണ് ഇബ്രാഹീം നബിയ്ക്ക് സന്താനഭാഗ്യം ഉണ്ടാകുന്നത്. ആ ഏക പുത്രനെയാണ് അള്ളാഹു ബലി നല്‍കാന്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. എന്നാല്‍, അള്ളാഹുവിന്‍റെ ആവശ്യത്തിനു മുന്‍പില്‍ തെല്ലും ശങ്ക കൂടാതെ ഇബ്രാഹീം നബി സ്വന്തം മകനെ ബലി നല്‍കാന്‍ സന്നദ്ധത കാണിച്ചു മുന്നോട്ടുവന്നു. ദൈവത്തിലുണ്ടായിരുന്ന പൂര്‍ണ്ണ വിശ്വാസമാണ് ഇതിനു പിന്നില്‍...
പ്രവാചകന്‍റെ ഭക്തിയിൽ ദൈവം പ്രീതിപ്പെടുകയും തുടർന്ന് തന്‍റെ ദൂതനായ ജിബ്രീലിനെ ഇബ്രാഹീമിന്‍റെ അടുത്തേക്ക് അയക്കുകയും ചെയ്യുകയായിരുന്നു. മകനെ ബലി നല്‍കാന്‍ തയ്യാറായ ഇബ്രാഹീമിന് ജിബ്രീൽ മകന് പകരം ബലിയായി നല്‍കാന്‍ ഒരു ആടിനെ നല്‍കി. ഈ സംഭവത്തിന്‍റെ സ്മരണ പുതുക്കിയാണ് മുസ്ലീങ്ങള്‍ എല്ലാ വർഷവും ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.
മൂന്ന് ദിവസങ്ങള്‍ നീണ്ട ആഘോഷമാണ് ബക്രീദ്. ഈ ശുഭദിനത്തില്‍, ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ രാവിലെ തന്നെ പള്ളിയില്‍ നമസ്‌കാരത്തിനായി ഒത്തുചേരുന്നു. നിസ്കാരത്തിന് ശേഷമാണ് മൃഗങ്ങളെ ബലിയർപ്പിക്കുന്നത്. ഈ ദിവസം ബലി കഴിച്ച മൃഗങ്ങളുടെ ഇറച്ചി ബന്ധുക്കള്‍ക്കും പാവപ്പെട്ടവര്‍ക്കും വിതരണം ചെയ്യുന്നു. ഈ ദിവസം, പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും, സ്വാദിഷ്ടമായ ഭക്ഷണങ്ങൾ തയ്യാറാക്കുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...