ഇടുക്കി: തൊടുപുഴ മണക്കാട് പുതുക്കുളം നാഗരാജസ്വാമി ക്ഷേത്രത്തിലെ 27.5 അടി ഉയരമുള്ള ചതുര്‍ബാഹു ഗണേശ ശില്‍പം ശ്രദ്ധേയമാകുന്നു. നില്‍ക്കുന്ന ഗണേശ ശിൽപങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ ശില്‍പമാണിത്. മള്ളിയൂര്‍ മാഞ്ഞൂര്‍ കാളാശേരില്‍ ദിനീഷ് കെ. പുരുഷോത്തമന്‍ എന്ന ശില്‍പിയാണ് ഒരു വര്‍ഷം കൊണ്ട് ഗണേശ ശിൽപത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
മണക്കാട് പുതുക്കുളം നാഗരാജ ക്ഷേത്രത്തിലെത്തുന്നവര്‍ ഇനി മുതല്‍ ആദ്യം ദര്‍ശിക്കുക 27.5 അടി ഉയരത്തില്‍ നില്‍ക്കുന്ന ബാല ഗണപതിയെയാവും. സ്വര്‍ണ നിറത്തില്‍ തിളങ്ങുന്ന ഗണേശ ശില്‍പം നിരവധി പ്രത്യേകതകളോടെയാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. നില്‍ക്കുന്ന ഗണേശ ശില്‍പങ്ങളില്‍ കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിൽപമാണിത്.
ഗണേശന്റെ നാല് കൈകളില്‍ പിന്നിലെ ഒരു കൈയ്യില്‍ മഴുവും മറ്റേ കൈയ്യില്‍ ശംഖുമാണുള്ളത്. മുന്‍ വശത്തെ ഇടത് കൈയ്യില്‍ മോദകവും വലത് കൈയ്യില്‍ അഭയഹസ്തവുമുണ്ട്. ഒരു വര്‍ഷം കൊണ്ടാണ് ശില്‍പത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 20 ലക്ഷം രൂപയാണ് നിര്‍മ്മാണത്തിനായി ചിലവായത്.
ഗണേശ ശിൽപം അളവിന് അനുസരിച്ച് രൂപകല്‍പന ചെയ്ത് കമ്പിയും ഇരുമ്പ് നെറ്റും വച്ച് കോണ്‍ക്രീറ്റ് ചെയ്തായിരുന്നു നിര്‍മാണം. ഇതേ ക്ഷേത്രത്തില്‍ ആറ് വര്‍ഷം മുമ്പ് ദീനീഷ് 25 അടി ഉരമുള്ള നാഗരാജാവിന്റെ ശില്‍പവും നിര്‍മ്മിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ വരുന്ന ഭക്തരുള്‍പ്പെടെ നിരവധിയാളുകളാണ് ശില്‍പങ്ങള്‍ കാണാനായി എത്തുന്നത്. ദിനീഷ് ശില്‍പ നിര്‍മ്മാണം പഠിച്ചിട്ടില്ലെന്നതും പ്രത്യേകതയാണ്.
തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ നിന്ന് ചിത്രകലയില്‍ ബിരുദം നേടിയെങ്കിലും ശിൽപ കലയോടായിരുന്നു ദിനീഷിന് താൽപര്യം. 2005ല്‍ പഞ്ചാബില്‍ പള്ളിയിലേക്ക് ശില്‍പങ്ങള്‍ നിര്‍മ്മിച്ചാണ് ശിൽപ നിർമാണത്തിന്റെ തുടക്കം. കോണ്‍ക്രീറ്റിന് പുറമെ ഫൈബര്‍, പ്ലാസ്റ്റര്‍ ഓഫ് പാരീസ് എന്നിവ ഉപയോഗിച്ച് ക്ഷേത്രങ്ങളിലും പള്ളികളിലുമായി രണ്ട് പതിറ്റാണ്ടിനിടെ നിരവധി ശില്‍പങ്ങള്‍ ദിനീഷ് നിര്‍മ്മിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ബ്രഹ്‌മശ്രീ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി ശില്‍പത്തിന്റെ സമര്‍പ്പണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...