Ramayana Masam 2021: രാമായണം അഞ്ചാം ദിനം പാരായണം ചെയ്യേണ്ട ഭാഗം

Ramayana Masam 2021: കര്‍ക്കടക മാസം തുടങ്ങിയാൽ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും. ഈ മാസം മുഴുവനും രാമായണം പാരായണം ചെയ്ത് തീർക്കാറാണ് പതിവ്. 

Written by - Ajitha Kumari | Last Updated : Jul 21, 2021, 11:44 AM IST
  • ഇന്ന് കർക്കിടകം 5
  • അഞ്ചാം ദിനം വായിക്കേണ്ട ഭാഗം
  • ഈ മാസം മുഴുവനും രാമായണം പാരായണം ചെയ്യണം
Ramayana Masam 2021: രാമായണം അഞ്ചാം ദിനം പാരായണം ചെയ്യേണ്ട ഭാഗം

Ramayana Masam 2021: കര്‍ക്കടക മാസം തുടങ്ങിയാൽ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും. ഈ മാസം മുഴുവനും രാമായണം പാരായണം ചെയ്ത് തീർക്കാറാണ് പതിവ്. 

ഒരു മാസത്തെ പാരായണത്തിലൂടെ രാമായണം പൂര്‍ണമായി വായിച്ചു തീര്‍ക്കണമെന്നാണ് വിശ്വാസം. ബാലകാണ്ഡത്തിലെ 'ശ്രീരാമ രാമ രാമ' എന്ന ഭാഗത്തില്‍ നിന്നായിരിക്കണം രാമായണപാരായണം ആരംഭിക്കേണ്ടത്. ഏതൊരു ഭാഗം വായിക്കുന്നതിനുമുന്‍പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്തതിനുശേഷം വേണം വായിക്കാന്‍. 

Also Read: Horoscope 21 July 2021: ഇന്ന് ഈ 3 രാശിക്കാർക്ക് ബിസിനസ്സിൽ ധനലാഭം 

 

അയോദ്ധ്യാകാണ്ഡം

ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു
താര്‍മകള്‍ക്കന്‍പുള്ള തത്തേ വരികെടൊ
താമസശീലമകറ്റേണമാശു നീ
ദാമോദരന്‍ ചരിതാമൃതമിന്നിയും
ആമോദമുള്‍ക്കൊണ്ടു ചൊല്ലൂ സരസമായ്‌.
എങ്കിലോ കേള്‍പ്പിന്‍ ചുരുക്കി ഞാന്‍ ചൊല്ലുവന്‍
പങ്കമെല്ലാമകലും പല ജാതിയും
സങ്കടമേതും വരികയുമില്ലല്ലോ
പങ്കജനേത്രന്‍ കഥകള്‍ കേട്ടീടിനാല്‍.
ഭാര്‍ഗ്ഗവിയാകിയ ജാനകി തന്നുടെ
ഭാഗ്യജലനിധിയാകിയ രാഘവന്‍
ഭാര്‍ഗ്ഗവന്‍ തന്നുടെ ദര്‍പ്പം ശമിപ്പിച്ചു
മാര്‍ഗ്ഗവും പിന്നിട്ടയോദ്ധ്യാപുരിപുക്കു
താതനോടും നിജ മാതൃജനത്തോടും
ധാതൃസുതന‍ാം ഗുരുവരന്‍ തന്നൊടും
ഭ്രാതാക്കളോടും പടയോടുമൊന്നിച്ചു
മേദിനീപുത്രിയ‍ാം ഭാമിനി തന്നൊടും
വന്നെതിരേറ്റൊരു പൗരജനത്തൊടും
ചെന്നു മഹാരാജധാനിയകം പുക്കു.
വന്നിതു സൗഖ്യം ജഗത്തിനു രാഘവന്‍
തന്നുടെ നനാഗുണഗണം കാണ്‍കയാല്‍.
രുദ്രന്‍ പരമേശ്വരന്‍ ജഗദീശ്വരന്‍
കദ്രുസുതഗണഭൂഷണഭൂഷിതന്‍
ചിദ്രൂപനദ്വയന്‍ മൃത്യുഞ്ജയന്‍ പരന്‍
ഭദ്രപ്രദന്‍ ഭഗവാന്‍ ഭവഭഞ്ജനന്‍
രുദ്രാണിയാകിയ ദേവിക്കുടന്‍ രാമ-
ഭദ്രകഥാമൃതസാരം കൊടുത്തപ്പോള്‍
വിദ്രുമതുല്യാധരിയായ ഗൗരിയാ-
മദ്രിസുതയുമാനന്ദവിവശയായ്‌
ഭര്‍ത്തൃപാദപ്രണാമം ചെയ്തു സമ്പൂര്‍ണ്ണ-
ഭക്തിയോടും പുനരേവമരുള്‍ ചെയ്തു:
“നാരായണന്‍ നളിനായതലോചനന്‍
നാരീജനമനോമോഹനന്‍ മാധവന്‍
നാരദസേവ്യന്‍ നളിനാസനപ്രിയന്‍
നാരകാരാതി നളിനശരഗുരു
നാഥന്‍ നരസഖന്‍ നാനാജഗന്മയന്‍
നാദവിദ്യാത്മകന്നാമസഹസ്രവാന്‍
നാളീകരമ്യവദനന്‍ നരകാരി
നാളീകബാന്ധവവംശസമുത്ഭവന്‍
ശ്രീരാമദേവന്‍ പരന്‍ പുരുഷോത്തമന്‍
കാരുണ്യവാരിധി കാമഫലപ്രദന്‍
രാക്ഷസവംശവിനാശനകാരണന്‍
സാക്ഷാല്‍ മുകുന്ദനാനന്ദപ്രദന്‍ പുമാന്‍
ഭക്തജനോത്തമഭുക്തിമുക്തിപ്രദന്‍
സക്തിവിമുക്തന്വിമുക്തഹൃദിസ്ഥിതന്‍
വ്യക്തനവ്യക്തനനന്തനനാമയന്‍
ശക്തിയുക്തന്‍ ശരണാഗതവത്സലന്‍
നക്തഞ്ചരേശ്വരനായ ദശാസ്യനു
മുക്തികൊടുത്തവന്‍ തന്റെ ചരിത്രങ്ങള്‍
നക്തന്ദിവം ജീവിതാവധി കേള്‍ക്കിലും
തൃപ്തി വരാ മമ വേണ്ടീല മുക്തിയും”.

Also Read: Ramayana Masam 2021: രാമായണം നാലാം ദിനം പാരായണം ചെയ്യേണ്ട ഭാഗം

ഇത്ഥം ഭഗവതി ഗൗരി മഹേശ്വരി
ഭക്ത്യാ പരമേശ്വരനോടു ചൊന്നപ്പോള്‍
മന്ദസ്മിതം ചെയ്തു മന്മഥനാശനന്‍
സുന്ദരീ കേട്ടുകൊള്‍കെന്നരുളിച്ചെയ്തു.

നാരദ-രാഘവസംവാദം
എങ്കിലൊരുദിനം ദാശരഥി രാമന്‍
പങ്കജലോചനന്‍ ഭക്തപരായണന്‍
മംഗലദേവതാകാമുകന്‍! രാഘവ-
നംഗജനാശനവന്ദിതന്‍ കേശവന്‍
അംഗജലീലപൂണ്ടന്തപുരത്തിങ്കല്‍
മംഗലഗാത്രിയാം ജാനകിതന്നോടും 60
നീലോല്പലദളശ്യാമളവിഗ്രഹന്‍
നീലോല്പലലോലവിലോചനന്‍
നീലോപലാഭന്‍ നിരുപമന്‍ നിര്‍മ്മലന്‍
നീലഗണപ്രിയന്‍ നിത്യന്‍ നിരാമയന്‍
രത്നാഭരണവിഭൂഷിതദേഹനായ്
രത്നസിംഹാസനംതന്മേലനാകുലം
രത്നദണ്ഡം‌പൂണ്ട വെഞ്ചാമരം‌കൊണ്ടു
പത്നിയാല്‍ വീജിതനായതികോമളന്‍
ബാലനിശാകരഫാലദേശേ ലസ-
മാലേയപങ്കമലങ്കരിച്ചങ്ങിനെ 70
ബാലാര്‍ക്കകൌസ്തുഭകന്ധരന്‍
പ്രാലേയഭാനുസമാനനയാ സമം’
ലീലയാ താംബൂലചര്‍വ്വണാദ്യൈരതി
വേലം വിനോദിച്ചിരുന്നരുളുന്നേരം
ആലോകനാര്‍ത്ഥം മഹാമുനി നാരദന്‍
ഭൂലോകമപ്പോളലങ്കരിച്ചീടിനാന്‍
മുഗ്ദ്ധശരച്ചന്ത്രതുല്യതേജസ്സൊടും
ശുദ്ധസ്ഫടികസങ്കാശശരീരനായ്
സത്വരമംബരത്തിങ്കല്‍നിന്നാദരാ-
ത്തത്രൈവ വേഗാലവതരിച്ചീടിനാന്‍ 80
ശ്രീരാ‍മദേവനും സംഭ്രമം കൈക്കൊണ്ടു
നാരദനക്കണ്ടെഴുന്നേറ്റു സാദരം
നാരീമണിയായ ജാനകിതന്നോടും
പാരില്‍ വീണാശു നമസ്കരിച്ചീടിനാന്‍
പാദ്യാസനാചമനീയാര്‍ഘ്യപൂര്‍വ്വക-
മാദ്യേനപൂജിതനായൊരു നാരദന്‍
നന്നിയോഗത്താലിരുന്നൊരു രാഘവന്‍
മന്ദസ്മിതം‌പൂണ്ടു വന്ദിച്ചു സാദരം
മന്ദം മുനിവരന്‍‌തന്നോടരുള്‍ചെയ്തു
“വന്ദേ പദം കരുണാനിധേ! സാമ്പ്രതം 90
നാനാവിഷയസംഗം‌പൂണ്ടു മേവിന
മാനസത്തോടു സംസാരികളായുള്ള
മാനവന്മാരായ ഞങ്ങള്‍ക്കു ചിന്തിച്ചാല്‍
ജ്ഞാനിയാകും തവ പാദപങ്കേരുഹം
കണ്ടുകൊള്‍വാനതിദുര്‍ല്ലഭം നിര്‍ണ്ണയം
പണ്ടു ഞാന്‍ ചെയ്തൊരുപുണ്യഫലോദയം-
കൊണ്ടുകാണ്മാനവകാശവും വന്നിതു
പുണ്ഡരീകോത്ഭവപുത്ര മഹാമുനേ!
എന്നുടെ വംശവും ജന്മവും രാജ്യവു-
മിന്നു വിശുദ്ധമായ് വന്നു തപോനിധേ! 100
എന്നാലിനിയെന്തുകാര്യമെന്നും പുന-
മെന്നോടരുള്‍ചെയ്കവേണം, ദയാനിധേ
എന്തൊരു കാര്യം നിരൂപിച്ചെഴുന്നള്ളീ ?
സന്തോഷമുള്‍ക്കൊണ്ടരുള്‍ചെയ്കയും വേണം
മന്ദനെന്നാകിലും കാരുണ്യമുണ്ടെങ്കില്‍
സന്ദേഹമില്ല സാധിപ്പിപ്പനെല്ലാമേ”
ഇത്ഥമാകര്‍ണ്ണ്യ രഘുവരന്‍‌തന്നോടു
മുഗ്ദ്ധഹാസേന മുനിവരനാകിയ
നാരദനും ഭക്തവത്സലനാം മനു-
വീരനെ നോക്കിസ്സരസാമരുള്‍ചെയ്തു. 110

Also Read: Ramayana Masam 2021: ഇതാണ് രാമായണത്തിലെ ഏറ്റവും മഹത്തായ ശ്ലോകം

ലൌകികമായ വാക്യങ്ങളെന്നാലും

ലോകോത്തരന്മാര്‍ക്കു വേണ്ടിവരുമല്ലോ

യോഗേശനായ നീ സംസാരി ഞാനെന്നു

ലോകേശ! ചൊന്നതു സത്യമത്രേ ദൃഢം

സര്‍വ്വജഗത്തിനും കാരണഭൂതയായ്

സര്‍വ്വമാതാവായ മായാഭഗവതി

സര്‍വ്വജഗല്‍‌പിതാവായ നിന്നുടെ

ദിവ്യഗൃഹിണിയാകുന്നതു നിര്‍ണ്ണയം

ഈരേഴുലോകവും നിന്‍റെ ഗൃഹമപ്പോള്‍

ചേരും ഗൃഹസ്ഥനാകുന്നതെന്നുള്ളതും

നിന്നുടെ സന്നിധിമാത്രേണ മായയില്‍

നിന്നു ജനിക്കുന്നു നാനാ പ്രജകളും

അര്‍ണ്ണോജസംഭവനാദിത്യണാന്തമാ-

യൊന്നൊഴിയാതെ ചരാചരജന്തുക്കള്‍ 130

ഒക്കവേ നിന്നപത്യം പുനരാകയാ-

ലൊക്കും പറഞ്ഞതു സംസാരിയെന്നതും

ഇക്കണ്ട ലോകജന്തുക്കള്‍ക്കു സര്‍വ്വദാ

മുഖ്യനായതും പിതാവായതും നീയല്ലോ

ശുക്ലരക്താസിതവര്‍ണ്ണഭേദം പൂണ്ടു

സത്വരജസ്തമോനാമയഗുണത്രയ-

യുക്തയായീടിന വിഷ്ണുമഹാമായ

ശക്തിയല്ലോ തവ പത്നിയാക്കുന്നതും

സത്വങ്ങളെജ്ജനിപ്പിക്കുന്നതുമവള്‍

സത്യം ത്വയോക്തമതിനില്ല സംശയം 140

പുത്രമിത്രാര്‍ത്ഥകളത്രവസ്തുക്കളില്‍

സക്തനായുള്ള ഗൃഹസ്ഥന്‍ മഹാമതേ!

ലോകത്രയമഹാഗേഹത്തിനു ഭവാ‌

നേകനായൊരു ഗൃഹസ്ഥനാകുന്നതും

നാരായണന്‍ നീ രമാദേവി ജാനകി

മാരാരിയും നീയുമാദേവി ജാനകി

സാരസസംഭവനായതും നീ തവ

ഭാരതീദേവിയാകുന്നതും ജാനകി

ആദിത്യനല്ലോ ഭവാന്‍ പ്രഭാ ജാനകി

ഗീതകിരണന്‍ നീ രോഹിണീ ജാനകി 150

ആദിതേയാധിപന്‍ നീ ശചീ ജാനകി

ജാതവേദസ്സു നീ സ്വാഹാ മഹീസുത

അര്‍ക്കജന്‍ നീ ദണ്ഡനീതിയും ജാനകി

രക്ഷോവരന്‍ ഭവാന്‍ താമസി ജാനകി

പുഷ്കരാക്ഷന്‍ ഭവാന്‍ ഭാര്‍ഗ്ഗവി ജാനകി

ശുക്രദൂതന്‍ നീ സദാഗതി ജാനകി

രാജരാജന്‍ ഭവാന്‍ സം‌പല്‍ക്കരീ സീതാ

രാജരാജന്‍ നീ വസുന്ധരാ ജാനകി

രാജപ്രവരകുമാരാ രഘുപതേ!

രാജീവലോചനാ! രാമ ദയാനിധേ! 160

രുദ്രനല്ലോ ഭവാന്‍ രുദ്രാണി ജാനകി

സ്വര്‍ദ്രുമം നീ ലതാരൂപിണി ജാനകി

വിസ്തരിച്ചെന്തിനേറെപ്പറഞ്ഞീടുന്നു?

സത്യപരാക്രമ! സല്‍ഗുണവാരിധേ!

യാതൊന്നു യാതൊന്നു പുല്ലിംഗ വാചകം

വേദാന്തവേദ്യ! തല്‍‌സര്‍വ്വവുമേവ നീ

ചേതോവിമോഹന! സ്ത്രീലിംഗവാചകം

യാതൊന്നതൊക്കവേ ജാനകീദേവിയും

നിങ്ങളിരുവരുമെന്നിയേ മറ്റൊന്നു-

മെങ്ങുമേ കണ്ടീല കേള്‍പ്പാനുമില്ലല്ലോ. 170

Also Read: Ramayana Masam 2021: രാമായണ പാരായണത്തിന് അനുഷ്ഠിക്കേണ്ട ചിട്ടകൾ അറിയാം

അങ്ങനെയുള്ളൊരു നിന്നെത്തിരഞ്ഞറി-

ഞ്ഞെങ്ങനെ സേവിച്ചുകൊള്‍വൂ ജഗല്‍‌പതേ!

മായയാ മുടി മറഞ്ഞിരിക്കുന്നോരു

നീയല്ലോ നൂനമവ്യാകൃതമായതും

പിന്നെയതിങ്കല്‍നിന്നുള്ളൂ മഹത്തത്ത്വ-

മെന്നതതിങ്കല്‍നിന്നുണ്ടായി സൂത്രവും

സര്‍വ്വാത്മകമായ ലിംഗമതിങ്കല്‍നി-

ന്നുര്‍വ്വീപതേ! പുനരുണ്ടായ്ചമഞ്ഞതും

എന്നതഹങ്കാരബുദ്ധി പഞ്ചപ്രാണ-

നിന്ദ്രിജന്മമൃതിസുഖദു:ഖാതികളുണ്ടു

നിര്‍മ്മലന്മാര്‍ ജീവനെന്നു ചൊല്ലുന്നതും

ചൊല്ലാവതല്ലാതനാദ്യവിദ്യാഖ്യയെ-

ച്ചൊല്ലുന്നുകാരണോപാധിയെന്നും ചിലര്‍.

സ്ഥൂലവും സൂക്ഷ്മവും കാരണമെന്നതും

മൂലമാം ചിത്തിനുള്ളൊരുപാധിത്രയം

എന്നിവറ്റാല്‍ വിശിഷ്ടം ജീവനായതു-

മന്യൂനനാം പരന്‍ തദ്വിയുക്തന്‍ വിഭോ!

സര്‍വ്വപ്രപഞ്ചത്തിനും ബിംബഭൂതനായ്

സര്‍വ്വോപരിസ്ഥിതനായ് സര്‍വ്വസാക്ഷിയായ് 190

തേജോമയനാം പരന്‍ പരമാത്മാവു

രാജീവലോചനനാകുന്നതു നീയല്ലോ.

നിങ്കല്‍നിന്നുണ്ടായ്‌വരുന്നിതു ലോകങ്ങള്‍

നിങ്കല്‍ പ്രതിഷ്ഠിതമായിരിക്കുന്നതും

നിങ്കലത്രേ ലയിക്കുന്നതുമൊക്കവേ

നിന്‍‌കളിയാകുന്നിതൊക്കെയോര്‍ക്കുംവിധൌ

കാരണമെല്ലാറ്റിനും ഭവാന്‍ നിര്‍ണ്ണയം

നാരായണ! നരകാരേ! നരാധിപ!

ജീവനും രജ്ജുവിങ്കല്‍ സര്‍പ്പമെന്നുള്ള

ഭാവനകൊണ്ടു ഭയത്തെ വഹിക്കുന്നു 200

നേരേ പരമാത്മാ ഞാനെന്നറിയുമ്പോള്‍

തീരും ഭവഭയമൃത്യുദു:ഖാദികള്‍.

ത്വല്‍ക്കഥാനാമശ്രവണാദികൊണ്ടുട-

നുള്‍ക്കാമ്പിലുണ്ടായ്‌വരും ക്രമാല്‍ ഭക്തിയും

ത്വല്‍‌പാദപങ്കജഭക്തി മുഴുക്കുമ്പോള്‍

ത്വല്‍ബോധവും മനക്കാമ്പിലുദിച്ചീടും

ഭക്തി മുഴുത്തു തത്ത്വജ്ഞാനമുണ്ടായാല്‍

മുക്തിയും വന്നീടുമില്ലൊരു സംശയം

ത്വത്ഭക്തഭൃത്യഭൃത്യന്മാരിലേകനെ-

ന്നല്പന്ജ്ഞനാമെന്നെയും കരുതേണമേ! 210

മായയാലെന്നെ മോഹിപ്പിയാതെ ജഗ-

ന്നായക നിത്യമനുഗ്രഹിക്കേണമേ!

ത്വന്നാഭിപങ്കജത്തിങ്കല്‍നിന്നേകദാ

മുന്നമുണ്ടായി ചതുര്‍മ്മുഖന്‍ മല്‍‌പിതാ-

നിന്നുടെ പുത്രനായ് ഭക്തനായ് മേവിനോ-

രെന്നെയനുഗ്രഹിക്കേണം വിശേഷിച്ചും”

പിന്നെയും പിന്നെയും വീണു നമസ്കരി‌-

ച്ചെന്നീവണ്ണം പറഞ്ഞീടിനാന്‍ നാരദന്‍

വീണാധരന്‍ മുനി പിന്നെയും ചൊല്ലിനാന്‍. 220

“ഇപ്പോളിവിടേക്കു ഞാന്‍ വന്ന കാരണ-

മുല്പലസംഭവന്‍തന്‍റെ നിയോഗത്താല്‍

രാവണനെക്കൊന്നു ലോകങ്ങള്‍ പാലിപ്പാന്‍

ദേവകളോടരുള്‍ചെയ്തതുകാരണം

മര്‍ത്ത്യനായ് വന്നു ജനിച്ചു ദശരഥ-

പുത്രനായെന്നതോ നിശ്ചയമെങ്കിലും

പൂജ്യനായെന്നൊരു ഭവാനെദ്ദശരഥന്‍

രാജ്യരക്ഷാര്‍ത്ഥമഭിഷേകമിക്കാലം

ചെയ്യുമാറെന്നൊരുമ്പെട്ടിരിക്കുന്നിതു

നീയുമതിന്നനുകൂലമായ് വന്നീടും 230

Also Read: Ramayana Masam 2021: എല്ലാദിവസും രാമായണം ജപിക്കാൻ പറ്റാത്തവർ ഇത് ജപിക്കുക

പിന്നെദ്ദശമുഖനെക്കൊന്നുകൊള്ളുവാ-

നെന്നുമവകാഴമുണ്ടായ്‌വരായല്ലോ.

സത്യത്തെ രക്ഷിച്ചുകൊള്ളുകെന്നെന്നോടു

സത്വരം ചെന്നു പറകെന്നരുള്‍ചെയ്തു

സത്യസന്ധന്‍ ഭവാനെങ്കിലും മാനസേ

മര്‍ത്തൃജന്മംകൊണ്ടു വിസ്തൃതനായ്‌വരും”

ഇത്തരം നാരദന്‍ ചൊന്നതു കേട്ടതി-

നുത്തരമായരുള്‍ചെയ്തിതു രാഘവന്‍.

“സത്യത്തെ ലംഘിക്കയില്ലൊരുനാളും ഞാന്‍
ചിത്തേവിഷാദമുണ്ടാകായ്കതുമൂലം 240
കാലവിളം‌ബനമെന്തിനെന്നല്ലല്ലീ
മൂലമതിനുണ്ടതും പറഞ്ഞീടുവാന്‍
കാലാവലോകനം കാര്യസാദ്ധ്യം നൃണാം
കമലസ്വരൂപനല്ലോ പരമേശ്വരന്‍
പ്രാരബ്‌ധകര്‍മ്മഫ്ലൌഘക്ഷയം വരു-
ന്നേരത്തൊഴിഞ്ഞു മറ്റാവതില്ലാര്‍ക്കുമേ
കാരണമാത്രം പുരുഷപ്രയാസമെ-
ന്നാരുമറിയാതിരിക്കയുമില്ലല്ലോ
നാളെ വനത്തിനു പോകുന്നതുണ്ടു ഞാന്‍
നാളീകലോചനന്‍പാദങ്ങള്‍തന്നാണെ 250
പിന്നെച്ചതുദ്ദശസംവത്സരം വനം-
തന്നില്‍ മുനിവേഷമോടു വാണീടുവാന്‍
എന്നാല്‍ നിശാചരവംശവും രാവണന്‍-
തന്നെയും കൊന്നു മുടിക്കുന്നതുണ്ടല്ലോ
സീതയെകാരണഭൂതയാക്കിക്കൊണ്ടു
യാതുധാനാന്വയനാശം വരുത്തുവാന്‍
സത്യമിതെന്നരുള്‍ചെയ്തു രഘുപതി
ചിത്തപ്രമോദേന നാരദനന്നേരം
രാഘവന്‍ തന്നെ പ്രദക്ഷിണവും ചെയ്തു
വേഗേന ദണ്ഡനമസ്കാരവും ചെയ്തു 260
ദേവമുനീന്ദ്രനനുജ്ഞയും കൈക്കൊണ്ടു
ദേവലോകം ഗമിച്ചീടിനാനാദരാല്‍.
നാരദരാഘവസംവാദമിങ്ങനെ
നേരെ പഠിക്കതാന്‍ കേള്‍ക്കതാനോര്‍ക്കയാല്‍
ഭക്തികൈക്കൊണ്ടു ചെയ്യുന്ന മനുഷ്യനു
മുക്തി ലഭിക്കുമതിനില്ല സംശയം
ശേഷമിന്നും കഥ കേള്‍ക്കണമെങ്കിലോ
ദോഷമകലുവാന്‍ ചൊല്ലുന്നതുണ്ടു ഞാന്‍

ശ്രീരാമാഭിഷേകാരംഭം
എങ്കിലോ രാജാദശരഥനേകദാ
സങ്കലിതാനന്ദമാമ്മാറിലിരിക്കുമ്പോള്‍ 270
പങ്കജസംഭവപുത്രന്‍ വസിഷ്ഠനാം
താന്‍ കുലാചാര്യനെ വന്ദിച്ചു ചൊല്ലിനാന്‍ .
“പൌരജനങ്ങളും മന്ത്രിമുഖ്യന്മാരും
ശ്രീരാമനെ പ്രശംസിക്കുന്നിതെപ്പോഴും
ഓരോ ഗുണഗണം കണ്ടവര്‍ക്കുണ്ടക-
താരിലാനന്ദമേതിനില്ല സംശയം.
വൃദ്ധനായ് വന്നിതു ഞാനുമൊട്ടാകയാല്‍
പുത്രരില്‍ ജ്യേഷ്ഠനാം രാമകുമാരനെ
പുത്രലീപരിപാലനാര്‍ത്ഥമഭിഷേക-
മെത്രയും വൈകാതെ ചെയ്യേണമെന്നു ഞാന്‍ 280
കല്‍പ്പിച്ചതിപ്പോഴങ്ങിനെയെങ്കില-
തുള്‍പ്പൂവിലോര്‍ത്തു നിയോഗിക്കയും വേണം.
ഇപ്രജകള്‍ക്കനുരാഗമവങ്കലു-
ണ്ടെപ്പോഴുമതേറ്റമതോര്‍ത്തു കണ്ടീലയോ?
വന്നീല മാതുലനെക്കാണ്മതിന്നേറെ
മുന്നമേ പോയ ഭരതശത്രുഘ്നന്മാര്‍.
വന്നു മുഹൂര്‍ത്തമടുത്തദിനംതന്നെ
പുണ്യമതീവ പുഷ്യം നല്ല നക്ഷത്രം
എന്നാലവര്‍ വരുവാന്‍ പാര്‍ക്കയില്ലിനി-
യൊന്നുകൊണ്ടുമതു നിര്‍ണ്ണയം മാനസേ. 290
എന്നലതിനു വേണ്ടുന്ന സംഭാരങ്ങ-
ളിന്നു തന്നേ ബത സംഭരിച്ചീടണം.
രാമനോടും നിന്തിരുവടി വൈകാതെ
സാമോദമിപ്പൊഴേ ചെന്നറിയിക്കണം
തോരണപങ്‌ക്തികളെല്ലാമുയര്‍ത്തുക
ചാരുപതാകകളോടുമത്യുന്നതം
ഘോരമായുള്ള പെരുമ്പറനാദവും
പുരിക്ക ദിക്കുകളൊക്കെ മുഴങ്ങവേ”
മാനവനായ ദശരഥനാദരാല്‍
പിന്നെസ്സുമന്ത്രരെ നോക്കിയരുള്‍ചെയ്തു. 300

Also Read: സർവ്വദോഷ പരിഹാരത്തിനായി ഗണേശ കവച സ്തോത്രം ജപിച്ചോളൂ

“എല്ലാം വസിഷ്ഠനരുളിച്ചെയ്യുംവണ്ണം
കല്യാണമുള്‍ക്കൊണ്ടൊരുക്കിക്കൊടുക്ക നീ
നാളെ വേണമഭിഷേകമിളമയായ്
നാളീകനേത്രനാം രാമനു നിര്‍ണ്ണയം.
നന്ദിതനായ സുമന്ത്രരുമന്നേരം
വന്ദിച്ചു ചൊന്നാന്‍ വസിഷ്ഠനോടാദരാല്‍
“എന്തോന്നു വേണ്ടുന്നതെന്നരുള്‍ചെയ്താലു-
മന്തരമെന്നിയേ സംഭരിച്ചീടുവാന്‍“
ചിത്തേ നിരൂപിച്ചുകണ്ടു സുമന്ത്രരോ-
ടിത്ഥം വസിഷ്ടമുനിയുമരുള്‍ചെയ്തു 310
“കേള്‍ക്ക നാളെപ്പുലര്‍കാലെ ചമയിച്ചു
ചെല്ക്കണ്ണിമാരായ കന്യകമാരെല്ലാം
മദ്ധ്യകക്‍ഷ്യേ പതിനാറുപേര്‍ നില്‍ക്കണം
മത്തഗജങ്ങള്‍ പൊന്നണിയിക്കണം
ഐരാവതകുലജാതനാം നാല്ക്കൊമ്പ-
ന്മാരാല്‍ വരേണമലങ്കരിച്ചങ്കണേ
ദിവ്യനാനാതീര്‍ത്ഥവാരിപൂര്‍ണ്ണങ്ങളായ്
ദിവ്യരത്നങ്ങളെമൂഴ്ത്തി വിചിത്രമായ്
സ്വര്‍ണ്ണകലശസഹസ്രം മലയജ-
പര്‍ണ്ണങ്ങള്‍ കൊണ്ടു വായ് കെട്ടിവച്ചീടണം 320
പുത്തന്‍ പുലിത്തോല്‍ വരുത്തുക മുന്നിഹ
ഛത്രം സുവര്‍ണ്ണദണ്ഡം മണിശോഭിതം.
മുക്താമണിമാല്യരാജിതനിര്‍മ്മല
വസ്ത്രങ്ങള്‍ മാല്യങ്ങളാഭരണങ്ങളും
സല്‍കൃതന്മാരാം മുനിജനം വന്നിഹ
നില്ക്ക കുശപാണികളായ് സഭാന്തികേ.
നര്‍ത്തകിമാരൊടു വാരവധിജനം
നരത്തകഗായകവൈണികവര്‍ഗ്ഗവും
ദിവ്യവാദ്യങ്ങളെല്ലാം‌പ്രയോഗിക്കണ-
മുര്‍വ്വീശ്വരാങ്കണേ നിന്നു മനോഹരം. 330
ഹസ്ത്യശ്വപത്തിരഥാദി മഹാബലം
വസ്ത്രാദ്യലങ്കാരത്തോടു വന്നീടണം
ദേവാലയങ്ങള്‍തോറും ബലിപൂജയും
ദീപാവലികളും വേണം മഹോത്സവം
ഭൂപാലരേയും വരുവാന്‍ നിയോഗിക്ക
ശോഭയോടെ രാഘവാഭിഷേകാര്‍ത്ഥമായ്
ഇത്ഥം സുമന്ത്രരേയും നിയോഗിച്ചതി-
സത്വരം തേരില്‍ക്കരേറി വസിഷ്ഠനും
ദാശരഥി ഗൃഹമെത്രയും ഭാസ്വര-
മാശു സന്തോഷേണ സമ്പ്രാപ്യ സാദരം 340
നിന്നതുനേരമറിഞ്ഞു രഘുവരന്‍
ചെന്നുടന്‍ ദണ്ഡനമസ്കാരവും ചെയ്താന്‍
രത്നാസനവും കൊടുത്തിരുത്തി തദാ
പത്നിയോടുമതിഭക്ത്യാ രഘൂത്തമന്‍
പൊല്ക്കലശസ്ഥിതനിര്‍മ്മലവാരിണാ
തൃക്കാല്‍ കഴുകിച്ചു പാദാബ്ജതീര്‍ത്ഥവും
ഉത്തമാംഗേന ധരിച്ചു വിശുദ്ധനായ്
ചിത്തമോദേന ചിരിച്ചരുള്‍ചെയ്തു
“പുണ്യവാനായേനടിയനതീവ കേ-
ളിന്നു പാദോദകതീര്‍ത്ഥം ധരിക്കയാല്‍”. 350

എന്നിങ്ങനെ രാമചന്ദ്രവാക്യം കേട്ടു-
നന്നായ് ചിരിച്ചു വസിഷ്ഠനരുള്‍ ചെയ്തു:
നന്നുനന്നെത്രയും നിന്നുടെ വാക്കുക-
ളൊന്നുണ്ടു ചൊല്ലുന്നതിപ്പോള്‍ നൃപാത്മജ!
ത്വല്പാദപങ്കജതീര്‍ത്ഥം ധരിയ്ക്കയാല്‍
ദര്‍പ്പകവൈരിയും ധന്യനായീടിനാന്‍
ത്വല്‍പ്പാദതീര്‍ത്ഥവിശുദ്ധനായ് വന്നിതു
മല്‍പ്പിതാവായ വിരിഞ്ചനും ഭൂപതേ!
ഇപ്പോള്‍ മഹാജനങ്ങള്‍ക്കുപദേശാര്‍ത്ഥ-
മദ്ഭുത വിക്രമ! ചൊന്നതു നീയെടോ!
നന്നായറിഞ്ഞിരിയ്ക്കുന്നിതു നിന്നെ ഞാ-
നിന്നവനാകുന്നതെന്നതുമിന്നെടോ!
സാക്ഷാല്‍ പരബ്രഹ്മമ‍ാം പരമാത്മാവു
മോക്ഷദന്‍ നാനാജഗന്മയനീശ്വരന്‍
ലക്ഷ്മീഭഗവതിയോടും ധരണിയി-
ലിക്കാലമത്ര ജനിച്ചിതു നിശ്ചയം!
ദേവകാര്യാര്‍ത്ഥസിദ്ധ്യര്‍ത്ഥം കരുണയാ-
രാവണനെക്കൊന്നു താപം കെടുപ്പാനും
ഭക്ത ജനത്തിനു മുക്തി സിദ്ധിപ്പാനു-
മിത്ഥമവതരിച്ചീടിന ശ്രീപതേ!
ദേവകാര്യാര്‍ത്ഥമതീവ ഗുഹ്യം പുന-
രേവം വെളിച്ചത്തിടാഞ്ഞിതു ഞാനിദം.
കാര്യങ്ങളെല്ലാമനുഷ്ഠിച്ചു സാധിക്ക,
മായയാ മായാമനുഷ്യനായ് ശ്രീനിധേ!
ശിഷ്യനല്ലോ ഭവാനാചാര്യനേഷ ഞാന്‍
ശിക്ഷിക്ക വേണം ജഗദ്ധിതാര്‍ത്ഥം പ്രഭോ!
സാക്ഷാല്‍ ചരാചരാചാര്യനല്ലോ ഭവാ-
നോര്‍ക്കില്‍ പിതൃണ‍ാം പിതാമഹനും ഭവാന്‍
സര്‍വ്വേഷ്വഗോചരനായന്തര്യാമിയായ്
സര്‍വ്വജഗദ്യന്ത്രവാഹകനായ നീ
ശുദ്ധതത്ത്വാത്മകമായൊരു വിഗ്രഹം
ധൃത്വാ നിജാധീനസംഭവനായുടന്‍
മര്‍ത്തൃവേഷേണ ദശരഥപുത്രനായ്
പൃഥീതലേ യോഗമായയാ ജാതന‍ാം
എന്നതു മുന്നേ ധരിച്ചിരിക്കുന്നു ഞാ-
നെന്നോടു ധാതാവു താനരുള്‍ ചെയ്കയാല്‍
എന്നതറിഞ്ഞത്രേ സൂര്യാന്വയത്തിനു
മുന്നേ പുരോഹിതനായിരുന്നു മുദാ
ഞാനും ഭവാനോടു സംബന്ധക‍ാംക്ഷയാ-
നൂനം പുരോഹിത കര്‍മ്മമനുഷ്ഠിച്ചു,
നിന്ദ്യമായുള്ളതു ചെയ്താലൊടുക്കത്തു
നന്നായ് വരുകിലതും പിഴയല്ലല്ലോ
ഇന്നു സഫലമായ് വന്നു മനോരഥ-
മൊന്നപേക്ഷിക്കുന്നതുണ്ടു ഞാനിന്നിയും
യോഗേശ!തേ മഹാമായാഭഗവതി
ലോകൈക മോഹിനി മോഹിപ്പിയായ്ക മ‍ാം.
ആചാര്യ നിഷ്കൃതികാമന്‍ ഭവാനെങ്കി-
ലാശയം മായയാ മോഹിപ്പിയായ്ക മേ
ത്വല്‍ പ്രസംഗാല്‍ സര്‍വമുക്തമിപ്പോളിദ-
മപ്രവക്തവ്യം മയാ രാമ! കുത്ര ചില്‍.
രാജാ ദശരഥന്‍ ചൊന്നതു കാരണം
രാജീവനേത്ര!വന്നേനിവിടേയ്ക്കു ഞാന്‍
ഉണ്ടഭിഷേകമടുത്തനാളെന്നതു
കണ്ടുചൊല്‍വാനായുഴറി വന്നേനഹം
വൈദേഹിയോടുമുപവാസവും ചെയ്തു
മേദിനി തന്നില്‍ ശയനവും ചെയ്യണം.
ബ്രഹ്മചര്യത്തോടിരിക്ക, ഞാനോരോരോ
കര്‍മ്മങ്ങള്‍ ചെന്നങ്ങൊരുക്കുവന്‍ വൈകാതെ
വന്നീടുഷസ്സിനു നീ’യെന്നരുള്‍ ചെയ്തു
ചെന്നു തേരില്‍ കരേറി മുനിശ്രേഷ്ഠനും.
പിന്നെ ശ്രീരാമനും ലക്ഷ്മണന്‍ തന്നോടു
നന്നേ ചിരിച്ചരുള്‍ ചെയ്തു രഹസ്യമായ്:
‘താതനെനിക്കഭിഷേകമിളമയായ്
മോദേന ചെയ്യുമടുത്തനാള്‍ നിര്‍ണ്ണയം
തത്ര നിമിത്ത മാത്രം ഞാനതിന്നൊരു-
കര്‍ത്താവു നീ രാജ്യഭോക്താവും നീയത്രേ!
വത്സ! മമ ത്വം ബഹി:പ്രാണനാകയാ-
ലുത്സവത്തിന്നു കോപ്പിട്ടുകൊണ്ടാലും നീ
മത്സമനാകുന്നതും ഭവാന്‍ നിശ്ചയം
മത്സരിപ്പാനില്ലിതിനു നമ്മോടാരും’
ഇത്തരമോരോന്നരുള്‍ ചെയ്തിരിയ്ക്കുമ്പോള്‍
പൃത്ഥ്വീന്ദ്ര ഗേഹം പ്രവിശ്യ വസിഷ്ഠനും
വൃത്താന്തമെല്ല‍ാം ദശരഥന്‍ തന്നോടു
ചിത്തമോദാലറിയിച്ചു സമസ്തവും
രാജീവസംഭവനന്ദനന്‍ തന്നോടു
രാജാ ദശരഥനാനന്ദപൂര്‍വകം
രാജീവനേത്രാഭിഷേകവൃത്താന്തങ്ങള്‍
പൂജാവിധാനേന ചൊന്നതു കേള്‍ക്കയാല്‍
കൌസല്യയോടും സുമിത്രയോടും ചെന്നു
കൌതുകമോടറിയിച്ചാനൊരു പുമാന്‍
സമ്മോദമുള്‍ക്കൊണ്ടതു കേട്ടനേരത്തു
നിര്‍മലമായൊരു മാല്യവും നല്‍കിനാള്‍
കൌസല്യയും, തനയാഭ്യുദയാര്‍ത്ഥമായ്
കൌതുകമോടു പൂജിച്ചിതു ലക്ഷ്മിയെ
“നാഥേ! മഹാദേവി!നീയേ തുണ’ യെന്നു
ചേതസി ഭക്ത്യാ വണങ്ങി വാണീടിനാള്‍

കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്‌തി പകരാനുള്ള വഴിയാണ് രാമായണ പാരായണം. ആദ്യന്തം ദുഃഖം നിറഞ്ഞതാണ് രാമകഥ എന്നത് ഏവർകും അറിയാവുന്ന കാര്യമാണല്ലോ.

അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടിവന്നുവെന്നത് സത്യം തന്നെയാണ്. അതിനു മുന്നില്‍ സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്തു പ്രസക്‌തിയാണുള്ളതെന്ന ചിന്തയാണ് രാമായണ പാരായണത്തിലൂടെ നമുക്ക് മനസിലാക്കാൻ കഴിയുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News