ന്യൂ ഡൽഹി : ക്ഷാമബത്ത അലവൻസ് വർധനയിൽ സർക്കാർ ജീവനക്കാർ നാളുകളായി കാത്തിരുന്ന വാർത്ത ഇതാ. മോദി സർക്കാർ തങ്ങളുടെ ജീവനക്കാർക്ക് നൽകുന്ന ക്ഷാമബത്ത (ഡിയർനെസ് അലവൻസ്) നാല് ശതമാനം വർധിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. നാല് ശതമാനം വർധിപ്പിക്കുന്നതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) 38 ശതമാനത്തിൽ നിന്ന് 42 ശതമാനമായി ഉയരും. കൺസ്യൂമർ പ്രൈസ് ഇൻഡക്സ് (സിപിഐ-ഐഡബ്ല്യു) കണക്കിലെടുത്താണ് കേന്ദ്ര തങ്ങളുടെ ജീവനക്കാരുടെ ഡിഎ വർധിപ്പിക്കുന്നത്. ഇത് സംബന്ധിച്ചുള്ള വിവരങ്ങളും നിർദേശങ്ങളും തൊഴിൽ മന്ത്രാലയത്തിന്റെ കീഴിലുള്ള ലേബർ ബ്യൂറോ കേന്ദ്രത്തിന് സമർപ്പിക്കുകയും ചെയ്തു.
ഡിസംബർ 2022ന്റെ സിപിഐ-ഐഡബ്ല്യു ഈ കഴിഞ്ഞ ജനുവരി 31ന് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം കേന്ദ്രം തങ്ങളുടെ ജീവനക്കാർക്ക് കുറഞ്ഞത് 4.23 ശതമാനം ഡിഎ വർധിപ്പിക്കുകയാണ് വേണ്ടത്. പക്ഷെ നാലിൽ അധികം ശതമാനം ക്ഷാമബത്ത ഉയർത്താൻ കേന്ദ്രം തയ്യാറല്ല. അതുകൊണ്ട് ഡിഎ നാല് ശതമാനം വർധിപ്പിച്ച് 42 ശതമാനമായി ഉയർത്തിയേക്കുമെന്ന് അഖിലേന്ത്യ റെയിൽവെമെൻ ഫെഡറേഷൻ ജനറൽ സെക്രട്ടറി ശിവ ഗോപാൾ മിശ്ര വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ALSO READ : 7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വർധിപ്പിക്കും, മിനിമം വേതനം 26,000 രൂപ?
ധനമന്ത്രാലയത്തിന്റെ ചെലവ് വിഭാഗമാണ് വരവ് ചെലവ് കണക്ക് പ്രകാരം ഡിഎ നിശ്ചിയിക്കുന്നത്. അത് നിശ്ചിയച്ചതിന് ശേഷം മന്ത്രിസഭയുടെ അംഗീകാരത്തിന് വിട്ട് നൽകുമെന്ന് ശിവ ഗോപാൾ മിശ്ര കൂട്ടിച്ചേർത്തു. മന്ത്രിസഭ അംഗീകരിച്ചാൽ ജനുവരി ഒന്ന് മുതൽ മുൻകാലടിസ്ഥാനത്തിലാണ് ഡിഎ വർധനവ് നൽകുക.
നിലവിൽ കോടി കണക്കിന് വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻ ഉപയോക്താക്കൾക്കും ലഭിക്കുന്നത് 38 ശതമാനം ക്ഷാമബത്തയാണ്. ഏറ്റവും ഒടുവിൽ 2022 സെപ്റ്റംബർ 28നാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ഡിഎ 34 ശതമാനത്തിൽ നിന്ന് 38 ശതമാനമായി ഉയർത്തിയത്. ജൂലൈ ഒന്ന് മുതൽ മുൻകാലടിസ്ഥാനത്തിലാണ് കേന്ദ്രം ക്ഷാമബത്ത് അന്ന് വർധിപ്പിച്ചത്. നിലവിൽ നേരിടുന്ന പണപ്പെരുപ്പത്തെ തരണം ചെയ്യാൻ വേണ്ടിയാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാർക്കും പെൻഷൻ ഉപയോക്താക്കൾക്കും ക്ഷാമബത്ത അഥവ ഡിഎ വർധിപ്പിച്ച് നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...