മുംബൈ: ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) വിജയകരമായി പൂര്‍ത്തിയായി അദാനി എന്റര്‍പ്രൈസസ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും അതേത്തുടര്‍ന്നുണ്ടായ വെല്ലുവിളികളും ഉയര്‍ത്തിയ വലിയ പ്രതിസന്ധി മറികടന്നുകൊണ്ടാണ് അദാനി ഗ്രൂപ്പ് ഈ നേട്ടം കരസ്ഥമാക്കിയത്. ബ്ലൂംബെര്‍ഗ് ലോകസമ്പന്ന പട്ടികയില്‍ ആദ്യ പത്ത് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടെങ്കിലും ഗൗതം അദാനിക്ക് ആശ്വസിക്കാനുള്ള വക നല്‍കിയ ദിവസമാണ് ജനുവരി 31.
എഫ്പിഒയുടെ ആദ്യ ദിവസം നിക്ഷേപകരില്‍ നിന്നുള്ള പ്രതികരണം തീരെ പ്രതീക്ഷ പകരുന്നതായിരുന്നില്ല. എന്നാല്‍ അവസാന ദിവസം എല്ലാം മാറിമറിഞ്ഞു. ജനുവരി 31, ചൊവ്വാഴ്ച ഉച്ചയോടെ തന്നെ എഫ്പിഒയിലെ ഓഹരികള്‍ക്ക് പൂര്‍ണമായും അപേക്ഷകരായി. ഇഷ്യു വില കുറച്ച് മുന്നോട്ട് പോകേണ്ട സാഹചര്യം ഉണ്ടാകുമോ എന്ന തരത്തിലും വിദഗ്ധര്‍ക്കിടയില്‍ ചര്‍ച്ചകളുണ്ടായിരുന്നു.
Read Aslo: ആദ്യ പത്തിൽ നിന്ന് അദാനി പുറത്ത്... എഫ്പിഒ ഗുണം ചെയ്തില്ല, തിരിച്ചുവരവ് സാധ്യമോ
4.55 കോടി ഓഹരികളാണ് എഫ്പിഒയില്‍ വില്‍ക്കാനിരുന്നത്. എന്നാല്‍5.01 കോടി ഓഹരികള്‍ക്കാണ് ബുക്കിങ് വന്നിട്ടുള്ളത്. 1.1 ശതമാനം സബ്‌സ്‌ക്രിപ്ഷനുകള്‍. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ബയേഴ്‌സിനായി(ക്യുഐബി) നീക്കിവച്ച ഓഹരികളിലും വലിയ മുന്നേറ്റമാണ് ഉണ്ടായത്. 1.28 ഓഹരികളാണ് ഇവര്‍ക്കായി നീക്കി വച്ചിരുന്നതെങ്കില്‍ 1.61 കോടി ഓഹരികള്‍ക്കാണ് അപേക്ഷ ലഭിച്ചിട്ടുള്ളത്.
എഫ്പിഒ തുടങ്ങുന്നതിന് മുമ്പ് തന്നെ ക്യുഐപിയുടെ ഭാഗമായ ആങ്കര്‍ ഇന്‍വെസ്റ്റര്‍മാര്‍ 6,000 കോടി രൂപയുടെ ഉത്പന്നങ്ങള്‍ സബ്‌സ്‌ക്രൈബ് ചെയ്തുകഴിഞ്ഞിരുന്നു. ആങ്കര്‍ ഇന്‍വെസ്റ്റര്‍മാരില്‍ അബുദാബി ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ് കമ്പനി 40 കോടി ഡോളര്‍ ആണ് ഇന്‍വെസ്റ്റ് ചെയ്തത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിന്റെ മൊത്തം ഓഹരികളെ ഉലച്ചുകളഞ്ഞ ദിവസങ്ങളായിരുന്നു കടന്നുപോയത്. എഫ്പിഒ നടക്കുന്ന സമയത്ത് ഇത്തരം ഒരു ആരോപണം വന്നത് അദാനി ഗ്രൂപ്പിനെ വലിയതോതില്‍ പ്രതിസന്ധിയില്‍ ആക്കുകയും ചെയ്തിരുന്നു. ലോകസമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് വരെ എത്തിയ ഗൗതം അദാനി ഇതേ തുടര്‍ന്ന് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതിന് ശേഷവും അദാനി- ഹിന്‍ഡന്‍ബര്‍ഗ് വിവാദം ആളിക്കത്തിയപ്പോള്‍ അദ്ദേഹം ലോക സമ്പന്ന പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ നിന്ന് പിന്തള്ളപ്പെട്ട് 11-ാം സ്ഥാനത്തായി.
ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം ആണ് ഗൗതം അദാനി ഇപ്പോള്‍ 11-ാം സ്ഥാനത്തുള്ളത്. ഫോര്‍ബ്‌സിന്റെ ബില്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം അദ്ദേഹം ഇപ്പോള്‍ എട്ടാം സ്ഥാനത്താണുള്ളത്. ഇന്ത്യയില്‍ നിന്നുള്ള ശതകോടീശ്വരന്‍ മുകേഷ് അംബാനി ഈ ഇന്‍ഡക്‌സ് പ്രകാരം പത്താം സ്ഥാനത്താണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...