തൃശ്ശൂര്‍: റെയില്‍വെ സ്റ്റേഷനില്‍നിന്ന് പകൽ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി.സംഭവവുമായി ബന്ധപ്പെട്ട് 20- വയസുകാരനായ ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് തിരയുന്നു. കുട്ടിയെ കൗണ്‍സിലിങ്ങിനെത്തിച്ച ചൈല്‍ഡ് ലൈന്‍ ജീവനക്കാരെ ആക്രമിച്ചു കൊണ്ടാണ് 16-കാരിയെ തട്ടിക്കൊണ്ടുപോയത്.
ഇതര സംസ്ഥാനക്കാരാണ് 20-കാരനും 16-വയസുള്ള പെണ്‍കുട്ടിയും. കഴിഞ്ഞ ദിവസം റെയില്‍വെ സ്റ്റേഷനിലെത്തിയ ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ യുവാവിന്റെ സമീപത്തുനിന്ന് മാറ്റുകയായിരുന്നു.
പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കാന്‍ തയ്യാറെടുപ്പ് നടത്തുന്നതിനിടെ ചൈല്‍ഡ് ലൈന്‍ ഓഫീസിലെത്തിയ യുവാവ് ബിയര്‍കുപ്പി പൊട്ടിച്ച് ആക്രമിക്കുമെന്ന ഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് പെണ്‍കുട്ടിയെ ജീവനക്കാരുടെ അടുത്ത് നിന്നും തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് സംഭവം നടന്നത്.
ALSO READ: മുഖത്ത് ആസിഡ് ഒഴിച്ചു; 19 കാരിക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനം
ആര്‍.പി.എഫ്. സ്റ്റേഷന് സമീപമുള്ള ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തില്‍നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുമായി ട്രെയിനില്‍ കയറിയത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരില്‍ ചിലര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ഇതോടെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് ഇയാള്‍ കുട്ടിയെയും കൊണ്ട് കടക്കുകയായിരുന്നു. അതിനിടെ ഇവരെ തടഞ്ഞ് നിർത്തുന്നതിനായി പോര്‍ട്ടര്‍മാര്‍ എത്തി.
അതോടെ പൊട്ടിച്ച ബിയര്‍ കുപ്പി കുട്ടിയുടെ കഴുത്തില്‍വെച്ച് ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇവരെ കണ്ടെത്താനായില്ല. സംഭവത്തില്‍ വീഴ്ച സംഭവിച്ചതിനെത്തുടര്‍ന്ന് ഒരു ആര്‍.പി.എഫ്. ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയതിട്ടുണ്ട്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് യുവാവും പെണ്‍കുട്ടിയും തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനിൽ എത്തുന്നത്.
പുലര്‍ച്ചെ ഒരു യുവാവിനോടൊപ്പം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കണ്ടതായി റെയില്‍വേയിലെ ഉദ്യോഗസ്ഥര്‍ ചൈല്‍ഡ്‌ലൈന്‍ ഉദ്യോഗസ്ഥരെ അറിയിച്ചു.തുടര്‍ന്ന് കുട്ടിയെ കണ്ടെത്തി കൗണ്‍സിലിങ്ങിനായി എത്തിച്ചതായിരുന്നു ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍. അതോടെ യുവാവ് സ്ഥലത്തുനിന്ന് രക്ഷപെട്ടു.പിന്നീട് രാവിലെ പത്തുമണിയോടെ ബിയര്‍ ബോട്ടിലുമായി തിരികയെത്തി
യുവാവ് ചൈല്‍ഡ് ലൈന്‍ ഓഫീസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പെൺ കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. രാവിലെ പതിനൊന്നു മണിക്ക് ശിശു ക്ഷേമ സമിതിയില്‍ ഹാജരാക്കാനിരിക്കെയാണ് റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമിലെ ചൈല്‍ഡ് ലൈന്‍ ഓഫീസില്‍നിന്ന് കുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയത്.
അസം സ്വദേശിയാണെന്നാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ വിവരം. കുട്ടിയുടെ രക്ഷിതാക്കളുമായി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടു. കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ഡബ്ല്യൂ.സി.യുടെ ഷെല്‍ട്ടറിലേക്ക് കുട്ടിയെ മാറ്റുന്നതിനുള്ള നടപടികള്‍ കൈകൊണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...