പൂനെ : ഷോർട്ട്‌സ് ധരിച്ച് പുറത്തിറങ്ങിയതിന് മൂന്ന് സ്ത്രീകള്‍ക്ക് മര്‍ദ്ദനം. ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തിൽ ആറ് പേർക്കെതിരെ പൂനെ പോലീസ് കേസെടുത്തു.
ഖരാദിയിലെ റഷക് നഗറിലാണ് സംഭവം. അക്രമണത്തിനിരയായ മൂന്ന് സ്ത്രീകളിൽ രണ്ട് പേർ ഐടി പ്രൊഫഷണലുകളും ഖരാദിയിലെ ഐടി പാർക്കിൽ ജോലി ചെയ്യുന്നവരുമാണ്.
പ്രതികളും പരാതിക്കാരും തമ്മിൽ മുമ്പ് ചെറിയ കാര്യങ്ങളുടെ പേരിൽ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ബുധനാഴ്‌ച, സ്ത്രീകൾ ഷോർട്ട്‌സ് ധരിച്ച് കറങ്ങിനടക്കുന്നതിനെച്ചൊല്ലി വീണ്ടും വഴക്കുണ്ടായി.തുടർന്ന് രാത്രി 10.15 ഓടെ, ആറംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ ആക്രമിക്കുകയായിരുന്നു. ഇവരെ ചെരുപ്പുകൾ കൊണ്ട് മർദ്ദിക്കുകയും വീട്ടുടമസ്ഥയായ സ്ത്രീയെ അപമാനിക്കുകയും വീട് തല്ലി തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
Also Read: Crime : ഫേസ്ബുക്ക് കമന്റിന്റെ പേരിൽ മർദ്ദനം; പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം
സംഭവത്തില്‍ അൽക പഠാരെ, സച്ചിൻ പത്താരെ, കേതൻ പഠാരെ, സീമ പഠാരെ, ശീതൽ പഠാരെ, കിരൺ പഠാരെ എന്നീ ആറ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസിൽ ഉടൻ അറസ്റ്റുണ്ടാകുമെന്ന് അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ മനോഹർ സോനവാനെ പറഞ്ഞു. അതേസമയം, സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.
വീട്ടുടമസ്ഥയായ 32 കാരിയാണ് വ്യാഴാഴ്ച ചന്ദൻ നഗർ പോലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ പരാതി നല്‍കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...