പത്തനംതിട്ട: വീട്ടിൽനിന്ന് പണം മോഷ്ടിച്ചെന്ന സംശയത്തെ തുടർന്ന് വയോധികനെ സുഹൃത്ത് മർദിച്ചുകൊന്നു. വീട്ടിൽനിന്ന് പണം മോഷ്ടിച്ചെന്ന സംശയത്തെ തുടർന്ന് ഇവർ തമ്മിൽ തർക്കമുണ്ടായി. തുടർന്നാണ് വയോധികനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. തേപ്പുപാറ സ്വദേശി വിലങ്ങു മണി എന്നറിയപ്പെടുന്ന മണിക്കുട്ടനെ (60) ആണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഏഴംകുളം ഒഴുകുപാറ കൊടന്തൂർ കിഴക്കേക്കര വീട്ടിൽ സുനിൽ കുമാറിനെ (42) അടൂർ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച പുലർച്ചെ തേപ്പുപാറ ഒഴുപാറയയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുറിവുകൾ കണ്ടതിനെ തുടർന്ന് മൃതദേഹം പരിശോധനയ്ക്ക് അയച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പരിശോധനയിൽ മർദ്ദനത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞതായും ആന്തരിക രക്തസ്രാവം ഉണ്ടായതായും കണ്ടെത്തി. ഇതോടെയാണ് മണിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
സുനിലിന്റെ വീട്ടിൽ സ്ഥിരമായി ഇരുവരും മദ്യപിക്കാറുണ്ട്. ഫെബ്രുവരി ആദ്യ ആഴ്ച സുനിലിന്റെ വീട്ടിൽ മദ്യപിക്കാനെത്തിയ മണി, വീട്ടിൽ നിന്ന് 12,000 രൂപ മോഷ്ടിച്ചതായി സുനിലിന് സംശയമുണ്ടായി. വ്യാഴാഴ്ച രാത്രി മണിയെ വീട്ടിൽ വിളിച്ച് വരുത്തി ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. പിന്നീട് ഇത് വാക്കുതർക്കമായി. തുടർന്ന് സുനിൽ മണിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മണി മരിച്ചെന്ന് മനസ്സിലാക്കി മൃതദേഹം വീടിന് സമീപത്തെ വഴിയരികിലേക്ക് മാറ്റിയിട്ടതിന് ശേഷം, വീടും മുറികളും കഴുകി വൃത്തിയാക്കി.
വഴിയരികിൽ മൃതദേഹംകണ്ട നാട്ടുകാരും പഞ്ചായത്തംഗവുമാണ് പോലീസിൽ വിവരമറിയിച്ചത്. ഈ സമയം സുനിൽ ഇക്കാര്യങ്ങൾ അറിയാത്തതുപോലെയാണ് പെരുമാറിയത്. പോലീസിന്റെ ചോദ്യങ്ങൾക്ക് സുനിൽ പരസ്പരവിരുദ്ധമായ മറുപടി നൽകിയത് സംശയത്തിനിടയാക്കി. തുടർന്ന്, കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...