വിലസുന്നത് നൂറോളം ക്രിമിനലുകൾ; ഓംപ്രകാശും പുത്തൻപാലം രാജേഷും സജീവം, തീരാത്ത ഗുണ്ടാ വിളായാട്ടങ്ങൾ

കൊലക്കേസ് പ്രതികൾ അടക്കം കേരളത്തിൽ അരങ്ങു തകർക്കുമ്പോൾ പൊലീസ് നിഷ്ക്രിയമാകുന്നുവെന്ന ആക്ഷേപം ശക്തമാവുകയാണ്

Written by - Zee Malayalam News Desk | Last Updated : Jan 15, 2023, 04:20 PM IST
  • പുത്തൻപാലം രാജേഷും കുറ്റവാളിയുടെ പട്ടികയിൽ തന്നെയാണ്
  • തിരുവനന്തപുരം മെഡിക്കൽ കോളജിന് മുന്നിൽ വച്ച് പട്ടാപ്പകൽ കത്തികാട്ടി ആംബുലൻസ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ കേസ്
  • കുറ്റകൃത്യം നടത്തിയിട്ടും ഏഴു ദിവസം പിന്നിടുന്നു
വിലസുന്നത് നൂറോളം ക്രിമിനലുകൾ; ഓംപ്രകാശും പുത്തൻപാലം രാജേഷും സജീവം, തീരാത്ത ഗുണ്ടാ വിളായാട്ടങ്ങൾ

തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം നിർബാധം തുടരുന്നു. കരുതൽ തടങ്കലിന് നിർദേശിച്ച നൂറോളം കുറ്റവാളികൾ നഗരത്തിൽ അഴിഞ്ഞാടി ജനങ്ങളുടെ സ്വൈര്യ വിഹാരം തകർക്കുന്നു. കാപ്പ ചുമത്തുന്നതിൽ പൊലീസിൻ്റെ ഭാഗത്തുണ്ടാകുന്ന വീഴ്ചയും ഗുണ്ടാ സംഘങ്ങൾ മുതലെടുക്കുന്നു. വിവിധ പട്ടികയിൽപെട്ട 94 ഓളം പേർക്കെതിരെ കാപ്പ ചുമത്തണമെന്ന് പോലീസ് കളക്ടറോട് ആവശ്യപ്പെട്ടിട്ടും സമർപ്പിച്ച പട്ടികയിൽ അനുവദിച്ചത് 33 എണ്ണം മാത്രം. പൊലീസ് നടപടിയിലുള്ള മെല്ലെപോക്കും ഗുണ്ടാവിരുദ്ധ പ്രവർത്തനങ്ങൾ ലക്ഷ്യം കാണാത്തത്തും ഇതിനുള്ള പ്രധാന കാരണമാണ്.

കൊലക്കേസ് പ്രതികൾ അടക്കം കേരളത്തിൽ അരങ്ങു തകർക്കുമ്പോൾ പൊലീസ് നിഷ്ക്രിയമാകുന്നുവെന്ന ആക്ഷേപം ശക്തമാവുകയാണ്. കാപ്പ നടപടികൾ വൈകുന്നത് ഗുണ്ടാസംഘങ്ങൾ മുതലെടുക്കുന്നുണ്ട്. വിവിധ കേസുകളിൽപ്പെട്ട് കുറ്റവാളികളായ പുത്തൻപാലം രാജേഷിനെയും ഓംപ്രകാശിനെയും യഥാസമയം അറസ്റ്റ് ചെയ്യാത്തതിലും പൊലീസിൻ്റെ മെല്ലെപ്പോക്ക് പ്രകടമാണ്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന പ്രതികൾക്കെതിരെ കാപ്പ ചുമത്തുന്നതിന് വിശദമായ മാർഗരേഖയില്ലാത്തതാണ് പലപ്പോഴും ക്രിമിനലുകൾ അഴിഞ്ഞാടുന്നതിന് കാരണമാകുന്നത്. നിരന്തരമായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട കരുതൽ തടങ്കലിൽ അടയ്ക്കേണ്ട പ്രതിയുണ്ടെങ്കിൽ പോലീസ് ജില്ലാ കളക്ടർക്ക് വേണം റിപ്പോർട്ട് നൽകേണ്ടത്. 

കാപ്പ ചുമത്തി കരുതൽ തടങ്കലിലടയ്ക്കാനുള്ള പൂർണ്ണ ഉത്തരവാദിത്വം ജില്ലാ കളക്ടർക്കാണുള്ളത്. പോലീസ് നൽകുന്ന പട്ടികക്ക് അംഗീകാരം നൽകേണ്ടതും കളക്ടർ തന്നെ. പലപ്പോഴും പോലീസ് നൽകുന്ന മുഴുവൻ പട്ടികയും കളക്ടർ അംഗീകരിക്കാറില്ല. സാങ്കേതികവശം പറഞ്ഞ് പലതും തള്ളി പോകാറാണ് പതിവ്. വിവിധ പട്ടികയിൽപെട്ട 94 ഓളം പേർക്കെതിരെ കാപ്പ ചുമത്തണമെന്ന് പോലീസ് കളക്ടറോട് ആവശ്യപ്പെട്ടിട്ടും സമർപ്പിച്ച പട്ടികയിൽ അനുവദിച്ചത് 33 എണ്ണം മാത്രം. ഇതിൽ പോലും കളക്ടറുടെ ഇടപെടൽ എത്രത്തോളമാണെന്ന് വ്യക്തം.

ഒരാൾക്കെതിരെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടയ്ക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നും ആർക്കൊക്കെ എതിരെ കാപ്പ ചുമത്താമെന്നും എത്ര ദിവസമാണ് ഇതിൻ്റെ കാലാവധി എന്നൊക്കെയുള്ള കാര്യങ്ങൾ അധികാരികൾക്ക് അറിയില്ല. വിശദമായ മാർഗനിർദേശത്തിന്റെ അപര്യാപ്തത പലപ്പോഴും ഗുണ്ടകൾക്ക് രക്ഷപ്പെടുന്നതിനു പോലും അനുകൂല ഘടകമാകുന്നു.

2021 ൽ പോത്തൻകോട് ഗുണ്ട സംഘത്തിൽപ്പെട്ടയാളുടെ കാല് എതിർഗുണ്ട സംഘത്തിൽപ്പെട്ട സംഘം വെട്ടി നടുറോഡിൽ എറിഞ്ഞ സംഭവമുണ്ടായതിന് പിന്നാലെ കരുതൽ തടക്കൽ നടപടികൾ ശക്തമാക്കാൻ പോലീസ് നിർദ്ദേശിച്ചിരുന്നു. ഗുണ്ടാവിരുദ്ധ പ്രവർത്തനങ്ങൾ അമർച്ച ചെയ്യാൻ ഓപ്പറേഷൻ കാവലുമായി പൊലീസെത്തി. പക്ഷേ ഇത് എത്രത്തോളം ഫലം കണ്ടു എന്നുള്ളത് വ്യക്തമായി പരിശോധിക്കേണ്ടതാണ്. 

ഒരിടവേളക്ക് ശേഷം വീണ്ടും ഗുണ്ടാ സംഘങ്ങൾ തലപൊക്കിയതോടെയാണ് തിരുവനന്തപുരം സിറ്റി, റൂറൽ പരിധികളിൽ പൊലീസ് ഓപ്പറേഷൻ സൂപ്പാരിയുമായി രംഗത്തെത്തുന്നത്. ഒരാഴ്ചയ്ക്കിടെ മാത്രം മൂന്നോളം അക്രമ സംഭവങ്ങളാണ് തലസ്ഥാനത്ത് അരങ്ങിയത്. കൊലപാതക കേസുകളിലെ പ്രതികളെ ഉൾപ്പെടെ പിടികൂടുന്നുണ്ടെങ്കിലും തുടർനടപടികൾക്ക് കാര്യമായ ഫലപ്രാപ്തി ഉണ്ടാകുന്നില്ല. 

കാപ്പ നടപടികൾ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പലതവണ യോഗം വിളിച്ചെങ്കിലും പിന്നീട് ഒന്നും നടന്നില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കളക്ടറും പൊലീസുമൊക്കെ അടങ്ങുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെങ്കിലും  മാർഗ്ഗരേഖയുടെ അപര്യാപ്തത  വില്ലനാകുന്നുണ്ട്.

കുറ്റവാളികളുടെ കാര്യത്തിൽ പോലീസിന്റെ ഭാഗത്തു നിന്നുള്ള നിസ്സംഗതയും വലുതല്ലാത്ത ആക്ഷേപം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം പാറ്റൂരിൽ വച്ച് ഓംപ്രകാശിന്റെ ക്വട്ടേഷനിൽ എതിർ സംഘത്തിൽ ഉണ്ടായിരുന്ന നാലു പേരെ വെട്ടിപ്പരിക്കേൽപ്പിക്കുന്ന സാഹചര്യമുണ്ടായത്. ഇതിൻ്റെ പ്രധാനപ്പെട്ട സൂത്രധാരൻ ഓംപ്രകാശിനെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നില്ല. ഓംപ്രകാശ് ഇനിയും ഒളിവിൽ തുടരുകയാണ്. സംസ്ഥാനം വിട്ടു എന്നതാണ് പൊലീസ് പറയുന്നത്. ഈ പ്രതിക്ക് രാഷ്ട്രീയ സ്വാധീനവും രക്ഷപ്പെടുന്നതിന് കിട്ടുന്നുണ്ട്. 

പുത്തൻപാലം രാജേഷും കുറ്റവാളിയുടെ പട്ടികയിൽ തന്നെയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിന് മുന്നിൽ വച്ച് പട്ടാപ്പകൽ കത്തികാട്ടി ആംബുലൻസ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ ശേഷം, തമ്പാനൂർ വഴി കടന്നു കളയുകയായിരുന്നു. രാജേഷ് കുറ്റകൃത്യം നടത്തിയിട്ടും ഏഴു ദിവസം പിന്നിടുന്നു. അപ്പോഴും പിടികൂടാൻ കഴിയുന്നില്ല. ഓംപ്രകാശിനെ പോലെ തന്നെ രാജേഷിനും രാഷ്ട്രീയ സ്വാധീനമുള്ളത് പൊലീസ് നടപടികൾ സ്വീകരിക്കുന്നതിന് സഹായമാകുന്നുണ്ട്. പലപ്പോഴും മാധ്യമങ്ങളിൽ നിരന്തരം വാർത്ത വരുമ്പോൾ മാത്രം പ്രതികൾക്കെതിരെ പേരിന് നടപടിയെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ പോകുന്നതും ചർച്ചചെയ്യപ്പെടുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News