Bribery Case: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി; സർക്കാർ ഉദ്യോ​ഗസ്ഥന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് ഒരു കോടി രൂപയും 17 കിലോ നാണയങ്ങളും‌

Government employee: പാലക്കാട് പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ മണ്ണാര്‍ക്കാട്ടെ വാടക വീട്ടില്‍ നിന്ന് 35 ലക്ഷം രൂപയും 17 കിലോ നാണയങ്ങളും പിടികൂടി. സുരേഷിന്റെ എസ്ബിഐ അക്കൗണ്ടില്‍ 25 ലക്ഷം രൂപയും 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ രേഖകളും കണ്ടെടുത്തു.

Written by - Zee Malayalam News Desk | Last Updated : May 24, 2023, 08:50 AM IST
  • സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് ഇത്രയധികം തുക വിജിലൻസ് പിടിക്കുന്നത് ഇതാദ്യമാണെന്നാണ് വിജിലൻസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്
  • ഇയാളുടെ ബാങ്ക് നിക്ഷേപത്തില്‍ ഉള്‍പ്പെടെ കൂടുതല്‍ പരിശോധന വേണ്ടിവരുമെന്നാണ് വിജിലൻസിന്റെ വിലയിരുത്തല്‍
  • സുരേഷ് കുമാറിന്റെ ചിറയിന്‍കീഴിലെ വീട്ടിലും വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു
Bribery Case: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി; സർക്കാർ ഉദ്യോ​ഗസ്ഥന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് ഒരു കോടി രൂപയും 17 കിലോ നാണയങ്ങളും‌

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ സർക്കാർ ഉദ്യോ​ഗസ്ഥന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഒരു കോടിയിലധികം രൂപ മൂല്യം വരുന്ന സമ്പാദ്യങ്ങൾ. പാലക്കാട് പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ മണ്ണാര്‍ക്കാട്ടെ വാടക വീട്ടില്‍ നിന്ന് 35 ലക്ഷം രൂപയും 17 കിലോ നാണയങ്ങളും പിടികൂടി. സുരേഷിന്റെ എസ്ബിഐ അക്കൗണ്ടില്‍ 25 ലക്ഷം രൂപയും 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ രേഖകളും കണ്ടെടുത്തു. ഇവ കൈക്കൂലി വാങ്ങിയ പണമാണെന്നാണ് കരുതുന്നതെന്നും സംഭവത്തിൽ കൂടുതല്‍ അന്വേഷണം തുടങ്ങിയതായും വിജിലന്‍സ് വ്യക്തമാക്കി.

മഞ്ചേരി സ്വദേശിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ് കുമാർ പിടിയിലായത്. നാല് മണിക്കൂര്‍ നീണ്ട പരിശോധനയാണ് വിജിലൻസ് സംഘം നടത്തിയത്. മണ്ണാര്‍ക്കാട്ടെ വാടക വീട്ടില്‍ നിന്ന് 35 ലക്ഷം രൂപയുടെ നോട്ടുകള്‍ കണ്ടെത്തി. പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്. പരിശോധനയുടെ ആദ്യഘട്ടത്തിൽ ഒരു കോടി ആറ് ലക്ഷം രൂപ മൂല്യം വരുന്ന സമ്പാദ്യമാണ് കണ്ടെത്തിയത്. വസ്തുക്കളുടെ ഉറവിടം സംബന്ധിച്ച് സുരേഷ് കുമാറിന് വ്യക്തമായ മറുപടിയില്ലാത്തതിനാല്‍ കൈക്കൂലി വാങ്ങിയ പണമാണെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക നിഗമനം.

സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് ഇത്രയധികം തുക വിജിലൻസ് പിടിക്കുന്നത് ഇതാദ്യമാണെന്നാണ് വിജിലൻസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്. ഇയാളുടെ ബാങ്ക് നിക്ഷേപത്തില്‍ ഉള്‍പ്പെടെ കൂടുതല്‍ പരിശോധന വേണ്ടിവരുമെന്നാണ് വിജിലൻസിന്റെ വിലയിരുത്തല്‍. സുരേഷ് കുമാറിന്റെ ചിറയിന്‍കീഴിലെ വീട്ടിലും വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. 15 വര്‍ഷത്തിലേറെയായി മണ്ണാര്‍ക്കാട് താലൂക്കിലെ വിവിധ വില്ലേജുകളിലായാണ് സുരേഷ് കുമാര്‍ ജോലി ചെയ്തിരുന്നത്. 10 വര്‍ഷമായി മണ്ണാര്‍ക്കാട് നഗരത്തിലെ വാടക കെട്ടിടത്തിലാണ് താമസിക്കുന്നത്. സഹപ്രവര്‍ത്തകരോട് പോലും കാര്യമായ സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയല്ല. അതിവേ​ഗത്തിലായിരുന്നു സുരേഷ് കുമാറിന്റെ സാമ്പത്തിക വളർച്ച. സുരേഷ് കുമാറിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സംബന്ധിച്ചുള്ള വിവരം ശേഖരിച്ചുള്ള പരിശോധനയും വിജിലന്‍സ് സംഘം ആരംഭിച്ചു.

ALSO READ: MDMA Seized: കൊച്ചിയിലേക്ക് വൻ ലഹരിക്കടത്ത്; 25 ലക്ഷം രൂപയുടെ എംഡിഎംഎ പോലീസ് പിടികൂടി

ഇയാളിൽ നിന്ന് പിടിച്ചെടുത്ത പണം വിജിലൻസ് ഓഫീസിൽ എത്തിച്ചു. സുരേഷ് കുമാറിനെ തൃശൂർ വിജിലൻസ് കോടതിയിൽ നാളെ  ഹാജരാക്കും. നാളെ തന്നെ കസ്റ്റഡി അപേക്ഷ നൽകുമെന്നാണ് വിവരം. അതേസമയം, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തെ കുറിച്ച് വിജിലൻസ് കൂടുതൽ അന്വേഷണം നടത്തും. ഒരു മാസത്തോളമായി വിജിലൻസ് സുരേഷ് കുമാറിനെ നിരീക്ഷിച്ച് വരികയായിരുന്നു.

സുരേഷ്കുമാറിൻ്റെ വീട്ടിൽ നിന്ന് 35 ലക്ഷം രൂപ പണമായി പിടിച്ചെടുത്തു. ഇതുകൂടാതെ വിവിധ ബാങ്കുകളിലായി 40 ലക്ഷം മൂല്യമുള്ള ബോണ്ടുകൾ, 25 ലക്ഷം രൂപയുടെ സേവിങ്സ്, 17 കിലോ വരുന്ന നാണയ ശേഖരം എന്നിവയും പിടികൂടിയിട്ടുണ്ട്. എംഇഎസ്‌ കോളേജിന്‍റെ മുന്‍വശത്ത് പാര്‍ക്ക്‌ ചെയ്തിരുന്ന സുരേഷ്‌ കുമാറിന്‍റെ കാറില്‍ വച്ച് 2,500 രൂപ കൈക്കൂലി വാങ്ങവേയാണ് വിജിലന്‍സ്‌ സംഘം ഇയാളെ പിടികൂടിയത്.

സുരേഷ് ബാബു മുമ്പ് ഇതേ പരാതിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയതായും വിജിലൻസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. ഇപ്പോൾ കൈക്കൂലി നൽകുന്നതിന് കാരണമായ അതേ വസ്തു, എല്‍എ പട്ടയത്തില്‍ പെട്ടതല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റിനായി പരാതിക്കാരനില്‍ നിന്ന് ആറ് മാസം മുമ്പ് 10,000 രൂപ വാങ്ങിയിരുന്നു. അഞ്ച് മാസം മുമ്പ് പൊസഷൻ സര്‍ട്ടിഫിക്കറ്റിനായി 9,000 രൂപയും വാങ്ങിയിരുന്നു. ഇതേ തുടർന്നുള്ള പരിശോധനകളാണ് കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള സമ്പാദ്യം കണ്ടെത്തുന്നതിലേക്ക് നയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News