Ahmedabad: രാജ്യത്ത് ഉന്നത വിദ്യാഭ്യാസ രംഗത്തുനടക്കുന്ന തട്ടിപ്പ് ഒരിയ്ക്കല്‍ക്കൂടി ലോകത്തിനു മുന്പില് വെളിവായിരിയ്ക്കുകയാണ്. ഇത്തവണ IELTS ടെസ്റ്റ് സ്കോറിലാണ് തട്ടിപ്പ് നടന്നത്. യോഗ്യതയില്ലാത്ത വിദ്യാർത്ഥികൾക്ക് കാനഡയിലെ കോളേജുകളിൽ പ്രവേശനം നേടുന്നതിന് ഉയർന്ന IELTS ടെസ്റ്റ് സ്കോര്‍ നല്കുന്ന സംഘത്തിനായുള്ള തിരച്ചില്‍ ഗുജറാത്ത് സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു.
Also Read: IBPS PO 2022: ബാങ്ക് PO പോസ്റ്റില്‍ ബമ്പർ റിക്രൂട്ട്മെന്റ്, 6432 ഒഴിവുകള്‍, ഉടന്‍ അപേക്ഷിക്കാം
ദക്ഷിണ ഗുജറാത്തിലെ നവസാരി പട്ടണത്തിലെ ഒരു കേന്ദ്രത്തിൽ IELTS പരീക്ഷ എഴുതിയ നാല് വിദ്യാർത്ഥികൾ അമേരിക്കയില്‍ പിടിക്കപ്പെട്ടതോടെയാണ് സംഭവത്തിന്റെ ചുരുള്‍ അഴിയുന്നത്. 2021 സെപ്റ്റംബര്‍ 25 ന് ഈ വിദ്യാര്‍ഥികള്‍ IELTS പരീക്ഷ എഴുതിയത്. പരീക്ഷയില്‍ ഇവര്‍ക്ക് "ഉയര്‍ന്ന" സ്കോര്‍ ലഭിച്ചിരുന്നു. ഈ വിദ്യാര്‍ഥികള്‍ സ്റ്റുഡന്റ് വിസയിൽ കാനഡയിലേക്ക് പോയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Also Read: WHO: മങ്കിപോക്സ് വ്യാപനത്തില്‍ ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന
ഈ വർഷം മാർച്ചിൽ, ഈ വിദ്യാര്‍ഥികള്‍ കാനഡയിൽ നിന്ന് അനധികൃതമായി അമേരിക്കയിലേയ്ക്ക് കടക്കാനുള്ള ശ്രമം നടത്തുകയുണ്ടായി. എന്നാല്‍ ശ്രമം വിഫലമാവുകയും ഇവരെ അമേരിക്കന്‍ അതിർത്തി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായ ഇവരെ കോടതിയില്‍ ഹാജരാക്കിയതോടെയാണ് IELTS ടെസ്റ്റ് തട്ടിപ്പ് വെളിച്ചത്തു വരുന്നത്. കോടതിയില്‍ ജഡ്ജി ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ഇവര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന്, കോടതി ഹിന്ദി പരിഭാഷകന്റെ സഹായം തേടി. എന്നാല്‍, ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ IELTS -ൽ ഈ വിദ്യാർത്ഥികൾ 6.5 മുതൽ 7 വരെ സ്കോര്‍ നേടിയിരിയ്ക്കുന്നത് കണ്ട് കോടതി അമ്പരന്നു.
IELTS -ൽ 5 അല്ലെങ്കിൽ 6 ബാൻഡുകൾ ലഭിക്കാൻ മിടുക്കരായ വിദ്യാർത്ഥികൾ പോലും ഏറെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ആ അവസരത്തിലാണ് മെഹ്സാനയിലെ വിവിധ ഗ്രാമങ്ങളിൽനിന്നുള്ള, ഒരു വാക്ക് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പോലും അറിയാത്ത ഈ വിദ്യാർത്ഥികൾക്ക് 6.5 നും 7 നും ഇടയിൽ സ്കോർ ലഭിച്ചത്....!!
"19-21 വയസിനിടയില്‍ പ്രായമുള്ള ഗുജറാത്തിൽ നിന്നുള്ള ഈ യുവാക്കളെ കനേഡിയൻ അതിർത്തിയോട് ചേർന്ന് യുഎസിലെ അക്വെസാസ്നെയിലെ സെന്റ് റെജിസ് നദിയിൽ മുങ്ങുന്ന ബോട്ടിൽ നിന്ന് പിടികൂടിയത്. ഗുജറാത്തിലെ മെഹ്സാന, ഗാന്ധിനഗർ, പടാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവര്‍", മെഹ്സാന പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ ഇൻസ്പെക്ടർ ഭവേഷ് റാത്തോഡ് പറഞ്ഞു. ഇദ്ദേഹമാണ് കേസ് അന്വേഷിക്കുന്ന സംഘത്തിന് നേതൃത്വം നല്‍കുന്നത്.
മുംബൈയിലെ യുഎസ് കോൺസുലേറ്റ് ജനറലിന്റെ ക്രിമിനൽ തട്ടിപ്പ് അന്വേഷണ വിഭാഗം മെഹ്സാനയിലെ ഈ വിദ്യാർത്ഥികൾക്ക് എങ്ങനെ ഉയർന്ന സ്കോറുകൾ ലഭിച്ചുവെന്നും ഏത് ഏജൻസിയാണ് ഇതിന് പിന്നില്‍ എന്നും അന്വേഷിക്കാൻ നിര്‍ദ്ദേശിച്ചുകൊണ്ട് മെഹ്സാന പോലീസിന് മെയിൽ അയച്ചു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിയ്ക്കുകയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന പരീക്ഷയ്ക്കിടെ ഹാളിലെ സിസിടിവികൾ ഓഫാക്കിയതിനാൽ പരീക്ഷ നടത്തിയ ഏജൻസി സുതാര്യത പാലിച്ചിട്ടില്ലെന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ തെളിഞ്ഞതായി ഭവേഷ് റാത്തോഡ് പറഞ്ഞു. പരീക്ഷയ്ക്ക് മുമ്പ് പരീക്ഷാ സൂപ്പർവൈസർമാർ സിസിടിവി ക്യാമറകൾ ഓഫാക്കിയിരുന്നതായും പോലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
അഹമ്മദാബാദിലെ സബർമതി ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഏജൻസിയുടെ ഉടമകളോട് അന്വേഷണത്തിന്റെ ഭാഗമായി ബന്ധപ്പെട്ട രേഖകളുമായി 48 മണിക്കൂറിനുള്ളിൽ മെഹ്സാന എസ്ഒജി മുമ്പാകെ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...