നേമം: വെള്ളായണി അൽതസ്ലീം വീട്ടിൽ കബീർ മകൻ റഫീഖിനെ(24) കാറ്റാടിക്കഴ കൊണ്ട് അടിച്ചു കൊന്ന കേസിലെ 7 പ്രതികളും കുറ്റക്കാരാണെന്ന് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. വെള്ളായണി കാരയ്ക്കാമണ്ഡപം സ്വദേശികളായ അമ്പലത്തിൻവിള അൻസക്കീർ മൻസിലിൽ അൻസക്കീർ(28), കാരയ്ക്കാമണ്ഡപം ശിവൻകോവിലിന് സമീപം നൗഫൽ(27), കാരയ്ക്കാമണ്ഡപം താന്നിവിള റംസാന മൻസ്സിലിൽ ആരിഫ്(30) ആറ്റുകാൽ ബണ്ട് റോഡിൽ ശിവഭവനത്തിൽ സനൽകുമാർ എന്ന് വിളിക്കുന്ന മാലിക് (27), കാരയ്ക്കാമണ്ഡപം ബി.എൻ.വി കോംപ്ലക്സിന് സമീപം മകൻ ആഷർ(26), കാരയ്ക്കാമണ്ഡപം പൊറ്റവിള റോഡിൽ . ആഷിഖ്(25), നേമം പുത്തൻവിളാകം അമ്മവീട് ലൈനിൽ .ഹബീബ് റഹ്മാൻ(26) എന്നിവരെയാണ് അഡീഷണൽ സെഷൻസ് ജഡ്ജ് എസ്.സുഭാഷ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. 7-10-2016 രാത്രി 9 30 മണിക്ക് കാരയ്ക്കാമണ്ഡപം വെള്ളായണി നാഷണൽ ഹൈവേയിൽ തുലവിള വച്ചായിരുന്നു കേസിനാസ്പദമായ കൃത്യം നടന്നത്.
മരണപ്പെട്ട റഫീഖിന് ദേഹോപദ്രവം ഏൽകുന്നതിന് ഒരു മണിക്കൂർ മുമ്പേ കേസിലെ ഒന്നാം പ്രതി ആയ അൻസക്കീറിൻ്റെ അമ്മയുടെ സഹോദരനായ പൊടിയൻ എന്ന് വിളിക്കുന്ന അബുഷക്കീറിനെ റഫീഖും സംഘവും പുതിയ കാരയ്ക്കാമണ്ഡപത്ത് വച്ച് വെട്ടി പരുക്കേൽപ്പിച്ചതിലുള്ള വിരോധമാണ് റഫീഖിൻ്റെ കൊലക്ക് ആധാരം. അബൂഷക്കീറിൻ്റെ സുഹൃത്തുക്കളും, ബന്ധുക്കളുമായ പ്രതികൾ സംഘം ചേർന്ന് പ്രാണരക്ഷാർഥം ഓടിയ റഫീഖിനെ തുലവിള നാരായണഗുരു പ്രതിമക്ക് മുന്നിലിട്ട് കാറ്റാടികഴകൾ കൊണ്ട് ശരീരമാസകലം അടിച്ചു മൃതപ്രായനായനാക്കി റോഡിലൂടെ വലിച്ചിഴച്ചു തുല വിള നാഷണൽ ഹൈവേയിൽ കൊണ്ടുവരികയും പോലീസ് ജീപ്പ് വരുന്നത് കണ്ടു റഫീക്കിനെ ഉപേക്ഷിച്ച് പ്രതികൾ ഓടിരക്ഷപ്പെടുകയുമായിരുന്നു.
സ്ഥലത്ത് അബോധാവസ്ഥയിൽ കിടന്ന റഫീഖിനെ നേമം പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൃത്യ സംഭവത്തിന് പിറ്റേദിവസം പ്രതികളെ എല്ലാവരെയും തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ, മരുതൂർ കടവ് പാലം എന്നിവിടങ്ങളിലൊന്നും നേമം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തിലെ ദൃക്സാക്ഷികളായ അൻസിൽ ഖാൻ ,അഭിലാഷ്, ഷിബു ഉൾപ്പെടെ 8 പ്രോസിക്യൂഷൻ സാക്ഷികൾ വിചാരണ വേളയിൽ കൂറുമാറി പ്രതിഭാഗം ചേർന്നിരുന്നു.ഒന്നാംപ്രതി അൻസക്കീർ ധരിച്ചിരുന്ന വസ്ത്രത്തിൽ കാണപ്പെട്ട മനുഷ്യരക്തം മരണപ്പെട്ട റഫീക്കിൻ്റേതാണെന്ന് ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞത് കേസിൽ നിർണായക തെളിവായി. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ, രാഖി.ആർ.കെ, ദേവികാ അനിൽ എന്നിവർ ഹാജരായി. 47 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.54 രേഖകളും, 26 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
നേമം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി സർക്കിൾ ഇൻസ്പക്ടർ ദിലീപ് കുമാർ ദാസ് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചിരുന്നുവെങ്കിലും അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്നും പുനരന്വേഷണം വേണമെന്നും കാണിച്ച് മരണപ്പെട്ട റഫീഖിൻ്റെ പിതാവ് കബീർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.തിരുവനന്തപുരം ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർ ആയിരുന്ന ജെ.കെ ദിനിലിൻ്റെ നേതൃത്വത്തിൽ പുനരന്വേഷണം നടത്താൻ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ സബ് ഇൻസ്പക്ടർ അർ.ജയശങ്കർ, സിവിൽ പോലീസ് ഓഫീസർ ഷിബു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പുനരന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം ഹാജരാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...