പാലക്കാട്: Palakkad Shahjahan Murder Case: മലമ്പുഴ കൊട്ടേക്കാടില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ വെട്ടേറ്റു മരിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ 19 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്. രാഷ്ട്രീയ വിരോധം മൂലമാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആർ. കൊലപാതകത്തിന് പിന്നിൽ ബിജെപി അനുഭാവികളെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് പാലക്കാട് എസ്പി പറയുന്നത്.
ഷാജഹാന്‍റെ സുഹൃത്തും പാർട്ടി അംഗവുമായ സുകുമാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ എഫ്ഐആറിൽ കൊലയ്ക്ക് പിന്നിൽ എട്ട് ബിജെപി പ്രവർത്തകരെന്നാണ് പറയുന്നത്. മാത്രമല്ല ഷാജഹാന്‍ സിപിഎം നേതാവാണെന്ന് അറിഞ്ഞു തന്നെയാണ് വെട്ടിയതെന്നും വടിവാളു കൊണ്ട് ആദ്യം വെട്ടിയത് ഒന്നാം പ്രതി ശബരീഷാണെന്നും പിന്നീട് അനീഷും മറ്റ് ആറ് പ്രതികൾ കൊലയ്ക്ക് സഹായവുമായി ഒപ്പം നിന്നുവെന്നും റിപ്പോട്ടിൽ പറയുന്നു.എന്നാൽ രാഷ്ട്രീയ കൊലപാതകമാണോയെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകുവെന്നാണ് പോലീസിൻ്റെ നിലപാട്. എന്നാൽ ഷാജഹാന്‍റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം വാദിക്കുന്നത്. ക്രിമിനൽ പ്രവർത്തനം ചോദ്യം ചെയ്തത് കൊലപാതകത്തിന് പ്രേരണയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആരോപിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം വ്യാജപ്രചാരണം അഴിച്ചുവിടുന്നത് കൊടും ക്രൂരതയാണെന്നും സിപിഎം കുറ്റപ്പെടുത്തുന്നു. ഷാജഹാന്‍റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ അനുമോദിക്കാൻ വെച്ച ബോർഡ് ആര്‍എസ്എസ് എടുത്ത് മാറ്റുകയും പകരം ശ്രീകൃഷ്ണ ജയന്തി ബോർഡ് വെക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറയുന്നത്.
Also Read: പട്ടാളക്കാരന്റെ മുന്നിൽ വന്ന് രാജവെമ്പാല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ഷാജഹാന്‍റെ കൊലപാതക കേസിലെ പ്രതികൾക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നുണ്ട്. പാലക്കാട് മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനു നേരെ ഞായറാഴ്ച വൈകീട്ട് വീടിന് സമീപത്ത് വെച്ചായിരുന്നു ആക്രമം. കൊലയ്ക്ക് പിന്നിൽ സിപിഎം തന്നെയെന്നാണ് ആർഎസ്എസ് ആരോപിക്കുന്നത്. രാത്രി 9.30 ഓടെ കൊട്ടേക്കാട് ഒരു കടയിൽ സാധനം വാങ്ങാൻ നിൽക്കുമ്പോഴായിരുന്നു അക്രമം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...