വനയാട്: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ മുഖ്യസൂത്രധാരന്‍ പിടിയിൽ. മുഖ്യസൂത്രധാരനായ സജീവന്‍ കൊല്ലപ്പള്ളിലാണ് പോലീസിന്റെ പിടിയിലായത്. ബത്തേരി ഡി.വൈ.എസ്.പി. അബ്ദുള്‍ ഷരീഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. വാഹനപരിശോധനക്കിടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്.
ചൊവ്വാഴ്ച വൈകുന്നേരം മൈസൂരുവില്‍ നിന്ന് ബത്തേരിയിലെത്തിയ സജീവന്‍ മറ്റൊരു വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. സജീവന്റെ വാഹനത്തെ പിന്തുടര്‍ന്ന പോലീസ് അസംപ്ഷന്‍ ജങ്ഷന് സമീപത്ത് വച്ചാണ് ഇയാളെ പിടികൂടി കസ്റ്റഡിയിലെടുത്തത്.
ഇന്ന് മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കും. സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പിന് ഇരയായ രാജേന്ദ്രന്‍ നായര്‍ മേയ് മുപ്പതിന് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് സജീവന്‍ ഒളിവില്‍ പോയത്. സജീവനായി പുല്‍പള്ളി പോലീസ് കര്‍ണാടകയിലെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒരു മാസത്തോളമായി ഇയാൾ ഒളിവില്‍ കഴിയുകയായിരുന്നു.
വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ്, വിജിലന്‍സ് കേസുകളില്‍ പ്രതിയാണ് സജീവന്‍ കൊല്ലപ്പള്ളി. വായ്പ തട്ടിപ്പിന് ഇരയായ പറമ്പേക്കാട്ട് ഡാനിയലിന്റെ പരാതിയിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രാജേന്ദ്രന്‍ നായരുടെ ആത്മഹത്യാ കുറിപ്പിൽ സജീവന്റെ പേരുണ്ട്. പറമ്പേക്കാട്ട് ഡാനിയൽ നൽകിയ പരാതിയില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ. അബ്രഹാം, മുന്‍ സെക്രട്ടറി കെ.ടി. രമാദേവി, ബാങ്ക് മുന്‍ ഡയറക്ടറും കോണ്‍ഗ്രസ് പുല്‍പള്ളി മണ്ഡലം പ്രസിഡന്റുമായ വി.എം. പൗലോസ് എന്നിവരെ അറസ്റ്റ് ചെയ്തികരുന്നു. നിലവിൽ ഇവർ മൂന്ന് പേരും ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...