ന്യൂഡൽഹി: പങ്കാളിയെ കൊന്ന് മൃതദേഹം 35 കഷണങ്ങളാക്കിയതിന് അറസ്റ്റിലായ അഫ്താബ് അമീൻ പൂനവല്ല (28) കൈത്തണ്ടയിലെ മുറിവ് ചികിത്സിയ്ക്കുന്നതിനായി ശ്രദ്ധ വാക്കർ കൊല്ലപ്പെട്ട ദിവസങ്ങളിൽ എത്തിയിരുന്നതായി ദക്ഷിണ ഡൽഹിയിലെ ചട്ടപൂർ ഏരിയയിലെ അപെക്‌സ് ആശുപത്രിയിലെ ഡോക്ടർ വെളിപ്പെടുത്തി. മെയ് മാസത്തിൽ വലതു കൈത്തണ്ടയിലെ മുറിവിന്റെ ചികിത്സയ്ക്കായി ഇയാൾ എത്തിയിരുന്നു. അതേ മാസം തന്നെയാണ് ശ്രദ്ധ വാക്കർ കൊല്ലപ്പെട്ടിരിക്കുന്നത്. കാമുകിയായ ശ്രദ്ധ വാക്കറിന്റെ (27) മൃതദേഹം വെട്ടുന്നതിനിടെ കൈയിൽ കത്തികൊണ്ട് മുറിവേറ്റതാകാമെന്ന് അന്വേഷണത്തിൽ ഉദ്യോഗസ്ഥർ സംശയിക്കുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് നടന്നുപോകാവുന്ന ദൂരത്തിലാണ് ആശുപത്രി. മെയ് മാസത്തിൽ വലതു കൈത്തണ്ടയിൽ മുറിവേറ്റ അഫ്താബ് രാവിലെ ആശുപത്രിയിൽ എത്തിയിരുന്നതായി ഡോക്ടർ അനിൽകുമാർ പറഞ്ഞു.
"അതൊരു ആഴത്തിലുള്ള മുറിവായിരുന്നില്ല. എങ്ങനെ മുറിവ് പറ്റിയെന്ന് ഞാൻ ചോദിച്ചപ്പോൾ, പഴങ്ങൾ മുറിക്കുന്നതിനിടയിൽ സംഭവിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. കത്തികൊണ്ടുള്ള ചെറിയ വൃത്തത്തിലുള്ള മുറിവായതിനാൽ എനിക്ക് സംശയം തോന്നിയില്ല," അനിൽകുമാർ പറഞ്ഞു. "രണ്ട് ദിവസം മുമ്പ് അഫ്താബ് പൂനവല്ലയ്‌ക്കൊപ്പം പോലീസ് ഇവിടെ വന്നിരുന്നു. ഞാൻ അവനെ ചികിത്സിച്ചോ എന്ന് പോലീസുകാർ എന്നോട് ചോദിച്ചു, ചികിത്സയ്‌ക്ക് വരുമ്പോഴുള്ള ആക്രമണാത്മക സ്വഭാവവും അസ്വസ്ഥതയും കാരണം ഞാൻ അവനെ ഓർത്തിരുന്നു. ഞാൻ ചികിത്സിച്ചതായി പോലീസുകാരോട് പറഞ്ഞു," അനിൽകുമാർ കൂട്ടിച്ചേർത്തു.
"അഫ്താബ് ആത്മവിശ്വാസമുള്ളവനായാണ് കാണപ്പെട്ടത്. എന്നോട് തുടർച്ചയായി ഇംഗ്ലീഷിൽ സംസാരിച്ചു. താൻ മുംബൈയിൽ നിന്നാണ് വന്നതെന്നും ഐടി മേഖലയിൽ അവസരം കണ്ടെത്താനാണ് ഇവിടെ വന്നതെന്നും അദ്ദേഹം എന്നോട് പറഞ്ഞു," ഡോക്ടർ പറഞ്ഞു. മെയ് പതിനെട്ടിന് മൃതദേഹം വെട്ടി കഷ്ണങ്ങളാക്കിയ പ്രതി അടുത്ത ദിവസം പുതിയ വലിയ റഫ്രിജറേറ്റർ വാങ്ങി മൃതദേഹം അതിൽ സൂക്ഷിച്ചിരുന്നതായി പോലീസ് പറഞ്ഞു. ദുർഗന്ധത്തെ നേരിടാൻ വീട്ടിൽ കുന്തിരിക്കം കത്തിച്ചു.
ഇരട്ട ജീവിതം നയിക്കുന്ന നരഹത്യ പ്രവണതയുള്ള ഒരു മനുഷ്യന്റെ കഥ പറയുന്ന അമേരിക്കൻ ക്രൈം ഷോയായ 'ഡെക്‌സ്റ്റർ' അഫ്താബിനെ പ്രചോദിപ്പിച്ചതായി റിപ്പോർട്ടുണ്ട്. പരിശീലനം ലഭിച്ച ഷെഫ് ആയതിനാൽ പ്രതി കത്തി ഉപയോഗിക്കുന്നതിൽ സമർത്ഥനായിരുന്നുവെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താനായിട്ടില്ല. 18 ദിവസത്തിനിടെ ഇയാൾ ശരീരഭാഗങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിച്ചിരുന്നു. സംശയം തോന്നാതിരിക്കാൻ പുലർച്ചെ രണ്ട് മണിയോടെ ഇയാൾ മൃതദേഹാവശിഷ്ടങ്ങളുമായി വീട്ടിൽ നിന്ന് പോകാറാണ് പതിവ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...