ചെർപ്പുളശേരി: കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ വ്യാപാരിയായ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിസ്ഥാനത്തുള്ള ഫർഹാന മുന്നേ കൂട്ടു പ്രതിയായ ഷിബിലിക്കെതിരെ പോക്സോ കേസ് നൽകിയിരുന്നതായി റിപ്പോർട്ട്. 2021 ജനുവരിയിൽ പാലക്കാട് ചെർപ്പുളശേരി പൊലീസ് സ്റ്റേഷനിലാണ് ഫർഹാന ഷിബിലിയെ പ്രതിയാക്കി പോക്സോ കേസ് ഫയൽ ചെയ്തത്. നെന്മാറയിൽ വഴിയരികിൽ വച്ച് ഫർഹാനയെ പീഡിപ്പിച്ചെന്നായിരുന്നു ഷിബിലിക്കെതിരെയുള്ള കേസ്. ഷിബിലി വല്ലപ്പുഴ സ്വദേശിയാണ്. ഫർഹാന ചളവറ സ്വദേശിനിയും. 2018ൽ ആണ് സംഭവം നടന്നത്. അന്ന് ഫർഹാനയ്ക്ക് 13 വയസ്സായിരുന്നു പ്രായം.
പെൺ കുട്ടിയുടെ കുടുംബമായിരുന്നു ഇയാൾക്കെതിരെ പരാതി നൽകിയത്. അന്ന് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ഷിബിലി ആലത്തൂർ സബ് ജയിലിലായിരുന്നു. ഇതിനു ശേഷം ഇരുവരും തമ്മിൽ സൗഹൃദത്തിലായി. ഇവർക്ക് എതിരെ ഇതിനു മുന്നേയും പല പരാതികൾ ഉയർന്നതായി നാട്ടുകാർ പറയുന്നു. ഫർഹാനയ്‌ക്കെതിരെ ബന്ധുവീട്ടിൽനിന്ന് അടുത്തിടെ സ്വർണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് പരാതി ഉയർന്നിരുന്നു. കാറൽമണ്ണയിൽ ബന്ധുവീട്ടിൽ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയ ഹർഫാന സ്വർണവുമായി മുങ്ങിയെന്നാണ് പരാതി. താനാണ് സ്വർണ്ണമെടുത്തതെന്ന് കത്തെഴുത് വെച്ചാണ് ഫർഹാന പോയതെന്നാണ് വിവരം.
ALSO READ: വ്യാപാരിയുടെ കൊലപാതകം: മൃതദേഹം രണ്ടായി മുറിച്ച് രണ്ടു ബാഗുകളിൽ ആക്കുകയായിരുന്നു
അന്ന് ഫർഹാന, ഷിബിലിക്കൊപ്പം ചെന്നൈയിലേക്ക് പോകുകയായിരുന്നെന്നാണ് സംശയം. സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫർഹാനയുടെ സഹോദരൻ ഗഫൂറിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. ഇയാളെ ചളവറയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. മൂവർ സംഘം ചേർന്ന് സിദ്ദിഖിനെ കൊലപ്പെടുത്തിയെന്നു കരുതുന്ന കോഴിക്കോട്ടെ ഹോട്ടലിലെ സിസിടിവി ദൃശ്യത്തിൽ ട്രോളി ബാഗുമായി പോകുന്നവർക്കൊപ്പം ഗഫൂറും ഉണ്ടെന്നാണ് സൂചന. അതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെയും കസ്റ്റടിയിൽ എടുത്തത്.
ഈ മാസം 23 മുതൽ ഫർഹാനയെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം തൊട്ടടുത്ത ദിവസം ചെർപ്പുളശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വൻ പൊലീസ് സംഘം ചളവറയിലെ ഫർഹാനയുടെ വീട്ടിലെത്തിയിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി വീട്ടുകാർ പരാതി നൽകിയിരുന്നതിനാൽ അതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് പൊലീസ് എത്തിയതെന്നാണ് നാട്ടുകാർ കരുതിയത്.
മൂന്നു വാഹനങ്ങളിലായാണ് പൊലീസ് സംഘം 24ന് രാത്രി പെൺകുട്ടിയുടെ വീട്ടിൽ എത്തിയത്. അന്നു രാത്രി ഫർഹാനയുടെ സഹോദരനെ കൂട്ടിക്കൊണ്ടുപോയിരുന്നു. ഇയാളെ ഇതു വരെ വിട്ടയച്ചിട്ടുമില്ല. പിറ്റേന്ന് രാവിലെ വീണ്ടും എത്തിയ പൊലീസ് ഫർഹാനയുടെ പിതാവ് വീരാൻകുട്ടിയെയും കൊണ്ടുപോയെങ്കിലും അന്നു വൈകുന്നേരത്തോടെ വീട്ടിൽ തിരിച്ചെത്തിച്ചു. എന്നാൽ അപ്പോഴെല്ലാം ഫർഹാനയും ഷിബിലിയും പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നു എന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്.
ചെന്നൈയിൽവച്ച് ഹോട്ടൽ വ്യവസായി സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവുമായി ബന്ധപ്പെട്ടാണ് ചെന്നൈയിൽവച്ച് ഇവരെ കസ്റ്റഡിയിലെടുത്തത്. കൊലപാതകവുമായി ബന്ധപ്പെട്ടാണ് പൊലീസ് സംഘം ഫർഹാനയുടെ വീട്ടിലെത്തിയതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. മദ്യപിച്ച് ബഹളം വച്ചെന്ന് ചൂണ്ടിക്കാട്ടി , വീരാൻകുട്ടിയുടെ പേരിലും ഈ മാസം പൊലീസിൽ പരാതി ലഭിച്ചിരുന്നു. അയൽവാസിയാണ് ഈ മാസം 13ന് പൊലീസിൽ പരാതി നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...