കൊച്ചി: വിജയ് ബാബുവിനെതിരായ മീ ടൂ ആരോപണത്തിൽ നടനെതിരെ കുരുക്ക് മുറുകുന്നു. വിജയ് ബാബുവിനായ വിദേശത്ത് പോകേണ്ടി വന്നാൽ പോകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന്റെ വീട്ടിൽ നോട്ടീസ് നൽകിയിട്ടുണ്ട്.
വിജയ് ബാബു കീഴടങ്ങുമെന്നാണ് പ്രതീക്ഷ. ഏപ്രിൽ 22ന് പരാതി ലഭിച്ച അന്ന് തന്നെ സംഭവത്തിൽ കേസെടുത്തുവെന്നും അന്വേഷണത്തിന് കാലതാമസം ഉണ്ടായിട്ടില്ലെന്നും നാഗരാജു പറഞ്ഞു. ഇരയെയും സാക്ഷികളെയും നടൻ സ്വാധീനിക്കാതിരിക്കാൻ നടപടിയെടുത്തുവെന്നും സ്വാധീനിച്ചാൽ വേറെ കേസെടുക്കും. വിജയ് ബാബുവിനെതിരെ പുതിയതായി വന്ന മീ ടൂ ആരോപണത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വുമൺ എഗൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് പേജിലൂടെ വിജയ് ബാബുവിനെതിരെ ആരോപണം ഉന്നയിച്ച ആളെ കണ്ടെത്താൻ കൊച്ചി സിറ്റി പോലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്. ആരാണ് ആരോപണം ഉന്നയിച്ചതെന്ന് കണ്ടെത്താൻ പ്രത്യേക സൈബർ ടീമിനെ നിയോഗിച്ചിരിക്കുകയാണ്. WASH എന്ന പേജിന്റെ അഡ്മിനെ കണ്ട് വിവരങ്ങൾ ശേഖരിക്കും. സിനിമാ മേഖലയിൽ നിന്നുള്ള ആളാണ് ആരോപണം ഉന്നയിച്ചതെന്നാണ് കരുതുന്നത്. ഈ വ്യക്തിയെ കണ്ടെത്തി വിവരങ്ങൾ ശേഖരിക്കാനും തയ്യാറാണെങ്കിൽ പരാതി എഴുതി വാങ്ങാനുമാണ് തീരുമാനം. വിദേശത്തുള്ള വിജയ് ബാബുവിന്റെ പാസ്പോർട്ട് കണ്ടുകെട്ടാനുള്ള നടപടികളും പോലീസ് ഉടൻ തുടങ്ങും.
ജോലിസംബന്ധമായ ചർച്ചയ്ക്കിടയിൽ ലൈംഗികമായി സമീപിച്ചു എന്നായിരുന്നു വുമൺ എഗൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് പേജിൽ പങ്കുവച്ച കുറിപ്പിലെ വെളിപ്പെടുത്തൽ. മദ്യം വാഗ്ദാനം ചെയ്തുവെന്നും ചുംബിക്കാൻ ശ്രമിച്ചുവെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...