P Sasi: ആർക്ക് കഴിയും പി ശശിയെ പോലെ ആകാൻ! സിപിഎമ്മിലെ അപൂർവ്വ ഭാഗ്യവാൻ, പുറത്താക്കിയിട്ടും ഇങ്ങനെ തിരിച്ചെത്തിയ ശക്തൻ

ലൈംഗികാതിക്രമ പരാതിയിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒരാൾക്ക് പിന്നീടൊരു തിരിച്ചുവരവ് എത്രത്തോളം സാധ്യമാണ് എന്നതാണ് പലരും ഉന്നയിക്കുന്ന ചോദ്യം. ഇവിടെ പാർട്ടിയിൽ തിരിച്ചെത്തുക മാത്രമല്ല, സംസ്ഥാന സമിതിയിലെത്തുകയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിലേക്ക് നിയോഗിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 20, 2022, 02:26 PM IST
  • 2011 ൽ ആയിരുന്നു ലൈംഗികാതിക്രമ കേസിൽ പെട്ട പി ശശിയെ സിപിഎം പുറത്താക്കുന്നത്
  • കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോൾ ആയിരുന്നു ഇത്രയും ശക്തമായ നടപടി സ്വീകരിച്ചത്
  • പിന്നീട് പാർട്ടിയിൽ തിരിച്ചെത്തി പി സശി ഇപ്പോൾ സിപിഎം സംസ്ഥാന സമിതി അംഗമാണ്
P Sasi: ആർക്ക് കഴിയും പി ശശിയെ പോലെ ആകാൻ! സിപിഎമ്മിലെ അപൂർവ്വ ഭാഗ്യവാൻ, പുറത്താക്കിയിട്ടും  ഇങ്ങനെ തിരിച്ചെത്തിയ ശക്തൻ

കേരളത്തിൽ ഏറ്റവും സംഘടനാ ശക്തിയുള്ള പാർട്ടി ഏതെന്ന് ചോദിച്ചാൽ സിപിഎം എന്ന് മാത്രമായിരിക്കും ഉത്തരം. സംഘടനാപരമായി ആ പാർട്ടിയുടെ ചട്ടക്കൂടും അത്ര ശക്തമാണ്. അതുകൊണ്ട് തന്നെ പാർട്ടിയുടെ നയങ്ങൾക്കും രീതികൾക്കും വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് പിടിച്ചു നിൽക്കുക അത്ര എളുപ്പമല്ല. അത് എത്ര വലിയ നേതാവാണെങ്കിലും. അതിനുള്ള ഉദാഹരണമായിട്ടാണ് പലപ്പോഴും സിപിഎമ്മുകാർ പി ശശിയുടെ കാര്യം പറയാറുള്ളത്. കണ്ണൂർ ജില്ലാ സെക്രട്ടറി എന്ന അതിശക്തമായ പദവിയിൽ ഇരിക്കെ സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ആളാണ് പി ശശി. ലൈംഗികാരോപണത്തെ തുടർന്നായിരുന്നു അന്ന് സിപിഎം അത്തരമൊരു നടപടി സ്വീകരിച്ചത്. 

അന്നേ പി ശശി പാർട്ടിയിലെ അതികായൻമാരിൽ ഒരാളായിരുന്നു. 1996 ലെ ഇകെ നായനാർ സർക്കാരിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിലായിരുന്നു പാർട്ടി ശശിയെ നിയോഗിച്ചിരുന്നത്. പാർട്ടിയും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള ഏകോപനമാണ് പൊളിറ്റിക്കൽ സെക്രട്ടറിയുടെ ജോലിയെങ്കിലും, അന്ന് പി ശശി മുഖ്യമന്ത്രിയേക്കാൾ വലിയ മുഖ്യമന്ത്രി ആയിരുന്നു എന്ന് ആരോപണമുണ്ട്. ആഭ്യന്തര വകുപ്പിലെ ഇടപെടലുകളെ സംബന്ധിച്ച് പാർട്ടിയ്ക്കുള്ളിലും അഭിപ്രായ വ്യത്യാസമുണ്ടായി. 2001 ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വെറും 40 സീറ്റുകളിലേക്ക് ഒതുങ്ങാനുള്ള കാരണവും പി ശശിയുടെ 'സൂപ്പർ മുഖ്യമന്ത്രി' കളിയാണെന്ന് ഒരു വിഭാഗം ഇന്നും വിശ്വസിക്കുന്നു.

Read Also: 'പി.ശശിക്ക് പൊളിറ്റിക്കൽ സെക്രട്ടറിയാകാൻ ഒരു അയോഗ്യതയുമില്ല'; പി.ജയരാജൻ്റെ വിമർശനം തള്ളി ഇപി ജയരാജൻ

ഇതിനെല്ലാം ശേഷമാണ് അദ്ദേഹം കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നത്. കേരളത്തിലെ സിപിഎമ്മിൽ ഏറ്റവും ശക്തനായ ജില്ലാ സെക്രട്ടറി ആരെന്ന് ചോദിച്ചാൽ, ആളുടെ പേരില്ലാതെ തന്നെ പറയാനാകും- അത് കണ്ണൂർ ജില്ലാ സെക്രട്ടറി ആണെന്ന്. അങ്ങനെ ഒരു പദവിയിൽ ഇരിക്കവേയാണ് പുഷ്പം പോലെ ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.

ലൈംഗികാരോപണത്തിന്റെ അല്ല, ലൈംഗികാതിക്രമത്തിന്റെ പേരിലാണ് പി ശശി 2011 ൽ സിപിഎമ്മിൽ നിന്ന പുറത്താക്കപ്പെട്ടത്. അങ്ങനെ ഒരാൾക്ക് പിന്നീട് പാർട്ടിയിലേക്കുള്ള തിരിച്ചുവരവ് തന്നെ ഏറെക്കുറേ അസാധ്യമാണ്. എന്നാൽ ശശി തിരിച്ചെത്തി. പരാതിക്കാരി കേസിൽ നിന്ന് പിൻമാറിയതോടെ സിപിഎമ്മിന്റെ അഭിഭാഷക സംഘടനയിലും പിറകെ ബ്രാഞ്ചിലും എത്തി. അതിന് മുമ്പ് തന്നെ അദ്ദേഹം പാർട്ടിയുടെ കേസുകൾ ഏറ്റെടുത്ത് വാദിക്കാനും തുടങ്ങിയിരുന്നു. പിന്നെ പടിപടിയായി ഒടുവിൽ സിപിഎം സംസ്ഥാന സമിതിയിൽ ഇപ്പോൾ തിരിച്ചെത്തി. 'പടിപടി' ആയിട്ടുള്ള ഈ വളർച്ചയ്ക്ക് അദ്ദേഹം എടുത്തത് ആറ് വർഷത്തോളം മാത്രമാണ് എന്നും ഓർക്കണം.

പി ശശിയ്‌ക്കെതിരെ അന്നുണ്ടായ പാർട്ടി നടപടിയിൽ പരാതിക്കാരി തൃപ്തയായിരുന്നു എന്നാണ് പറയുന്നത്. പി ശശി തെറ്റുതിരുത്തി തിരികെ എത്തിയാൽ സ്വീകരിക്കുന്നതിൽ എന്താണ് പ്രശ്‌നം എന്ന ചോദ്യമാണ് കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ പറഞ്ഞുകൊണ്ടിരുന്നത്. എന്തായാലും സംസ്ഥാന സമിതിയിൽ തിരികെ എത്തിയ പി ശശി ഒരിക്കൽ കൂടി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദത്തിലേക്കും എത്തിയിരിക്കുകയാണ്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷത്തിലും ഏറ്റവും അധികം പഴി കേട്ടത് ആഭ്യന്തര വകുപ്പായിരുന്നു. പി ശശിയുടെ വരവോടെ ആഭ്യന്തര വകുപ്പിൽ എന്ത് സംഭവിക്കും എന്ന് കൂടി കേരളം ഉറ്റുനോക്കുന്നുണ്ട്. ഐസ്‌ക്രീം പാർലർ കേസിൽ പികെ കുഞ്ഞാലിക്കുട്ടിയെ കൈവിട്ട് സഹായിച്ചു എന്ന ആരോപണം കൂടി പി ശശിയ്‌ക്കെതിരെയുണ്ട്.  

പി ശശിയെ പോലെ തന്നെ മറ്റൊരു അപൂ‍ർവ്വ ഭാ​ഗ്യത്തിന് ഉടമയാണ് പികെ ശശിയും. ഷൊർണൂർ എംഎൽഎ ആയിരിക്കെ ആയിരുന്നു പികെ ശശിയ്ക്കെതിരെ ലൈം​ഗികാരോപണം ഉയർന്നത്. ആദ്യമൊക്കെ പാർട്ടി പിൻതിരിഞ്ഞ് നിന്നുവെങ്കിലും ഒടുവിൽ ശശിയെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യുക എന്ന കടുത്ത തീരുമാനം എടുത്തു. പക്ഷേ, പികെ ശശി ഇപ്പോൾ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അം​ഗമാണ്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News