അഭിനയത്തിന്‍റെ രസതന്ത്രജ്ഞന്‍ അരങ്ങൊഴിഞ്ഞിട്ട് ഒന്‍പത് വര്‍ഷം

അനായാസമായ അഭിനയശൈലി കൊണ്ടും പരുക്കന്‍ ശബ്ദം കൊണ്ടും മലയാള ചലച്ചിത്ര-നാടക രംഗങ്ങളില്‍ അഭിനയ സമവാക്യങ്ങള്‍ നെയ്ത മഹാനടന്‍ മുരളി അരങ്ങൊഴിഞ്ഞിട്ട് ഒന്‍പത് വര്‍ഷം. 

Sneha Aniyan | Updated: Aug 22, 2018, 10:32 AM IST
 അഭിനയത്തിന്‍റെ രസതന്ത്രജ്ഞന്‍ അരങ്ങൊഴിഞ്ഞിട്ട് ഒന്‍പത് വര്‍ഷം

നായാസമായ അഭിനയശൈലി കൊണ്ടും പരുക്കന്‍ ശബ്ദം കൊണ്ടും മലയാള ചലച്ചിത്ര-നാടക രംഗങ്ങളില്‍ അഭിനയ സമവാക്യങ്ങള്‍ നെയ്ത മഹാനടന്‍ മുരളി അരങ്ങൊഴിഞ്ഞിട്ട് ഒന്‍പത് വര്‍ഷം. 

മുറിപ്പാടുള്ള നെറ്റിയിലെ ഒരു ചെറിയ ചലനം കൊണ്ട് ക്രൗര്യവും സ്‌നേഹവും രേഖപ്പെടുത്തുവാന്‍ പ്രാപ്തനായ മുരളി മലയാള സിനിമയ്ക്കു കിട്ടിയ അപൂര്‍വ്വമായ ഒരു വരദാനമായിരുന്നു. ഹൃദയാഘാതം മൂലം 2009 ഓഗസ്റ്റ് ആറിനാണ് മുരളി വിടപറഞ്ഞത്. 

1954 മെയ് 25-ന് കൊല്ലം ജില്ലയിലെ കുടവട്ടൂരില്‍ ജനിച്ച മുരളി കരുത്തും ലാളിത്യവും പരുക്കന്‍ ഭാവങ്ങളും അനായാസേന വേദിയിലും അഭ്രപാളികളിലും എത്തിക്കാന്‍ സാധിച്ച അനുഗ്രഹീത നടനായിരുന്നു. 

സ്കൂള്‍ പഠന കാലത്ത് തന്നെ നാടകരംഗത്ത് സജീവമായിരുന്ന മുരളി എല്‍ഡി ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച ശേഷവും നാടകം തുടര്‍ന്നു. 

സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ മുരളി കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായപ്പോള്‍ വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ അക്കാദമിയുടെ മുഖച്ഛായതന്നെ മാറ്റി. 

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള നാടകങ്ങള്‍ മലയാളി പ്രേക്ഷകന് സാധ്യമാക്കുന്ന നാടകമത്സരങ്ങള്‍ക്കും ഫെസ്റ്റിവലുകള്‍ക്കും തൃശൂരില്‍ തുടക്കം കുറിക്കുകയും ചെയ്തു.

മലയാള സിനിമയിലേക്ക് വില്ലനായെത്തിയ മുരളി മൂന്ന് പതിറ്റാണ്ട് കൊണ്ട് അഭിനയിച്ചത് നൂറ്റി അന്‍പതോളം ചിത്രങ്ങളിലാണ്. 1979-ല്‍ ഭരത് ഗോപി സംവിധാനം ചെയ്ത 'ഞാറ്റടി'യാണ് മുരളിയുടെ ആദ്യ ചിത്രമെങ്കിലും ആദ്യം റിലീസായ ചിത്രം 'പഞ്ചാഗ്നി'യാണ്. 

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങിയ അദ്ദേഹം അമരത്തിലെ കൊച്ചുരാമനായും പുലിജന്മത്തിലെ പ്രകാശനായും നെയ്ത്തുക്കാരനിലെ അപ്പാ മേസ്ത്തിരിയായും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. 

ദശരഥം, അര്‍ത്ഥം, കുട്ടേട്ടന്‍, ലാല്‍ സലാം, ഏയ് ഓട്ടോ, കിഴക്കുണരും പക്ഷി, കേളി, ധനം, അമരം, ചമ്പക്കുളം തച്ചന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും മുരളി മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറി. 

1992-ല്‍ പുറത്തിറങ്ങിയ 'ആധാര'മെന്ന ചിത്രത്തിലെ പ്രകടനം അദ്ദേഹത്തിന് ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിക്കൊടുത്തു. കാണാക്കിനാവ് (1996), താലോലം (1998) എന്നീ ചിത്രങ്ങളിലൂടെ മുരളി വീണ്ടും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുകള്‍ നേടി. 

2001-ല്‍ പുറത്തിറങ്ങിയ പ്രിയനന്ദനന്‍റെ 'നെയ്ത്തുകാരന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തിനു പുറമേ ദേശീയ പുരസ്‌ക്കാരവും മുരളിയ്ക്ക് നേടികൊടുത്തു.

ചലച്ചിത്ര-നാടക-ടെലിവിഷന്‍ അഭിനേതാവെന്ന നിലയില്‍ കൂടാതെ എഴുത്തുകാരനെന്ന നിലയിലും പ്രശസ്തനാണ് മുരളി എന്ന പ്രതിഭ. അദ്ദേഹത്തിന്‍റെ 'അഭിനേതാവും ആശാന്‍റെ കവിതയും' എന്ന കുമാരനാശാന്‍ കവിതകളെ അടിസ്ഥാനമാക്കി രചിച്ച പുസ്തകം സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് നേടിയിട്ടുണ്ട്. 'അഭിനയത്തിന്‍റെ രസതന്ത്ര'മാണ് മുരളിയുടെ പ്രശസ്തമായ മറ്റൊരു കൃതി.

അഭിനയത്തിന്‍റെ കാര്യത്തില്‍ താന്‍ ഒരു അഹങ്കാരിയെന്ന് മുരളി പറയുമായിരുന്നു. ഒരു കലാകാരന് സ്വന്തം കഴിവില്‍ വിശ്വാസമുണ്ടായിരിക്കണം. അതുപോലെ പരിമിതികളെക്കുക്കുറിച്ചുള്ള തിരിച്ചറിവും. ആ തിരിച്ചറിവ് തന്നെയായിരുന്നു മുരളിയുടെ കരുത്ത്. 

ഭാവാഭിനയത്തിന്‍റെയും ശരീരഭാഷയുടെയും ശബ്ദവിന്യാസത്തിന്‍റെയും തനതായ വിന്യാസത്തിലൂടെ മുരളി മലയാള സിനിമയില്‍ പൗരുഷത്തിന് പുതിയ മാനങ്ങള്‍ നല്‍കി. ഒരു മഹാനടനു മാത്രം കഴിയുന്ന രീതിയില്‍ അദ്ദേഹം കോറിയിട്ട കഥാപാത്രങ്ങള്‍ മലയാള സിനിമ ഉള്ളിടത്തോളം കാലം പ്രേക്ഷകന്‍റെ മനസ്സില്‍ മായാതെ നില്‍ക്കും.