ക്ഷേത്ര ദർശനവും പ്രദക്ഷിണവും തമ്മിലുള്ള ബന്ധം...

ഓരോ ക്ഷേത്രത്തിലെയും ആരാധനാമൂർത്തി ഏതെന്നു മനസ്സിലാക്കിവേണം പ്രദക്ഷിണം ചെയ്യാൻ.  

Last Updated : Apr 3, 2020, 01:06 AM IST
ക്ഷേത്ര ദർശനവും പ്രദക്ഷിണവും തമ്മിലുള്ള ബന്ധം...

ക്ഷേത്രത്തിൽ പോയാൽ നമ്മൾ പ്രദക്ഷിണം ചെയ്യും. എന്തിനാണ് പ്രദക്ഷിണം ചെയ്യുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?

 പ്രദക്ഷിണത്തിലൂടെ നമുക്ക് ആത്മീയപരമായും ശാരീരികാപരമായും  ഗുണം ലഭിക്കുന്നുണ്ട്.  ക്ഷേത്രദർശനത്തിൽ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്തതാണ് പ്രദക്ഷിണം എന്ന് നമ്മൾക്ക് അറിയാം അല്ലേ?

ഓരോ ക്ഷേത്രത്തിലെയും ആരാധനാമൂർത്തി ഏതെന്നു മനസ്സിലാക്കിവേണം പ്രദക്ഷിണം ചെയ്യാൻ.

 പ്രദക്ഷിണം ചെയ്യുമ്പോൾ അതാത് മൂർത്തിയുടെ മൂലമന്ത്രം ജപിച്ചുവേണം പ്രദക്ഷിണം ചെയ്യാൻ. 

പ്ര =  എന്നത് സർവ്വഭയം നാശം
ദ =   എന്നത് മോക്ഷ ദായകം 
ക്ഷി  =   എന്നത് രോഗ നാശകം 
ണം =  എന്നത് ഐശ്വര്യപ്രദം... ഇതാണ് പ്രദക്ഷിണം എന്ന വാക്കിന്റെ അർത്ഥം. 

ക്ഷേത്രങ്ങളിൽ എത്ര പ്രദക്ഷിണം വയ്ക്കണം 

കുളിച്ച്  വൃത്തിയുള്ള വസ്ത്രം ധരിച്ചുവേണം ക്ഷേത്രത്തിൽ പോകുവാൻ.  നമ്മുടെ ശരീരം എന്ന് പറയുന്നത് ഒരു  വാഹനമാണ്. ഉള്ളിലുള്ള ചൈതന്യത്തെ എവിടെയും എത്തിക്കുന്ന വാഹനം. അതിനെ പരിപാലിക്കേണ്ടത് നമ്മുടെ ചുമതലയാണ്. 

വേണ്ടവണ്ണം ശരീരത്തെ കാത്തുസൂക്ഷിച്ചില്ലെങ്കിൽ ഒരു വാഹനത്തിനു സംഭവിക്കുന്നതുപോലെ സകല കേടുപാടുകളും സംഭവിക്കാം. 

ക്ഷേത്രത്തിൽ  രാവിലെയും ഉച്ചക്കും വൈകുന്നേരവും പ്രദക്ഷിണം ചെയ്യാം. എന്നാൽ ഓരോ സമയത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട് .

രാവിലെ പ്രദക്ഷിണം ചെയ്താൽ ദുഃഖ ശമനവും, ഉച്ചക്ക് പ്രദക്ഷിണം ചെയ്താൽ ഇഷ്ടലാഭവും, വൈകിട്ടാണെങ്കിൽ പാപത്തിൽനിന്നുള്ള മോചനവും ലഭിക്കുമെന്നുമാണ് വിശ്വാസം.   

പാപമോചനമാണ് ആദ്യപ്രദക്ഷിണം കൊണ്ട് ഉണ്ടാകുന്നത്. ഭഗവാനെ ദർശിക്കാനുള്ള അനുമതിക്കാണ് രണ്ടാമത്തെ പ്രദക്ഷിണം. മൂന്നാമത്തെ പ്രദക്ഷിണം ഐശ്വര്യവും സന്തോഷവും സുഖവും പ്രദാനം ചെയ്യുന്നു. 

പ്രദക്ഷിണം വെക്കുമ്പോൾ ബലിക്കല്ലുകളിൽ സ്പർശിക്കരുത്.  ബലിക്കല്ല് എപ്പോഴും വലതുവശത്തായി വരത്തക്കരീതിയിൽ വേണം പ്രദക്ഷിണം ചെയ്യുവാൻ.

 അഭിഷേക ഓവിലെ തീർത്ഥം സേവിക്കരുത് കൂടാതെ ശിവക്ഷേത്രത്തിൽ പൂർണ്ണ പ്രദക്ഷിണം പാടില്ല. ചന്ദ്രക്കലയുടെ ആകൃതിയിലായിരിക്കണം പ്രദക്ഷിണം.  

ഗണപതി ക്ഷേത്രങ്ങളിൽ ഒരു പ്രദക്ഷിണമേ ആകാവൂ. എന്നാൽ മറ്റുള്ള ക്ഷേത്രങ്ങളിൽ ഇതിനു വ്യത്യാസമുണ്ട്. ഓരോ ദേവതയ്ക്കും പ്രദക്ഷിണത്തിന് ഓരോ കണക്കുണ്ട്. 

ഗണപതിക്ക്  ഒരു പ്രദക്ഷിണം. 

ഭദ്രകാളിക്ക് രണ്ടു പ്രദക്ഷിണം. 

ശിവന് മൂന്ന് പ്രദക്ഷിണം. ശിവനെ വലം വയ്ക്കുമ്പോൾ  ശ്രീകോവിലിൻറെ  ഇടതു വശത്തെ ഓവ് മുറിച്ച് കടക്കരുത്. ഓവിനടുത്ത് നിന്ന് തിരിഞ്ഞ് നടന്ന് ഓവിൻറെ മറു വശത്തു വന്ന് പ്രദക്ഷിണം പൂർത്തിയാക്കണം. 

പൂര്‍ണതയുടെ ദേവനാണ് ശിവന്‍. അതുകൊണ്ട് തന്നെ പൂര്‍ണ പ്രദക്ഷിണം വെച്ചാല്‍ അതിനര്‍ത്ഥം ശിവന്റെ ശക്തികള്‍ പരിമിതം എന്നാകും അതുകൊണ്ട് തന്നെയാണ് ശിവ ക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം വെയ്ക്കാത്തതും.

ശിവഭഗവാന്റെ ശിരസ്സില്‍ നിന്നും ഗംഗാ ദേവി ഒഴുകിക്കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഗംഗാജലം ഒഴുകുന്ന ഓവ് മുറിച്ച് കടന്ന് പ്രദക്ഷിണം ചെയ്യരുത് എന്നൊരു വിശ്വാസവും നിലനില്‍ക്കുന്നുണ്ട്.

ശിവനെ അഭിഷേകം ചെയ്യുന്ന അഭിഷേകജലം പലപ്പോഴും പൂര്‍ണപ്രദക്ഷിണ സമയത്ത് ഭക്തര്‍ ചവിട്ടാന്‍ ഇടയുണ്ട്. അതുകൊണ്ടും പൂര്‍ണപ്രദക്ഷിണം അരുതെന്ന് പറയുന്നു.

 പ്രദക്ഷിണങ്ങളെല്ലാം വലത്തോട്ട് തന്നെയായിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് തന്നെയാണ് വലത്തു വെയ്ക്കുക എന്ന് പഴമക്കാര്‍ പറയുന്നതും.

അര്‍ദ്ധപ്രദക്ഷിണം ചെയ്യുന്നത് പാപങ്ങളെ ഇല്ലാതാക്കുന്നു എന്നും വിശ്വാസമുണ്ട്. ഭക്തരെ പാപത്തില്‍ നിന്നും മോചിപ്പിക്കാന്‍ ലോകനാഥനായ ശിവനു മേല്‍ വേറെ ശക്തി ഇല്ലെന്നതും അര്‍ത്ഥ പ്രദക്ഷിണത്തിന്റെ കാരണങ്ങളില്‍ ചിലതാണ്.

മഹാവിഷ്ണുവിന് നാല് പ്രദക്ഷിണം. 

ശാസ്താവിനും അയ്യപ്പനും അഞ്ച് പ്രദക്ഷിണം.

സുബ്രഹ്മണ്യന് ആറ് പ്രദക്ഷിണം.

ദുർഗ്ഗാദേവിക്ക്  ഏഴ് പ്രദക്ഷിണം.

നവഗ്രഹങ്ങൾക്ക്  ഒൻപത് പ്രദക്ഷിണം

എല്ലാത്തിനുമുപരി ഓരോരോ ക്ഷേത്രങ്ങളിലെയും നിർദ്ദേശങ്ങൾ പാലിച്ചു വേണം ക്ഷേത്രദർശനം പൂർത്തിയാക്കാൻ.

Trending News