COVID-19, കൊറോണ വൈറസ് സംബന്ധിച്ച പുതിയ വിവരങ്ങള്‍ കണ്ടെത്തിയിരിയ്ക്കുകയാണ് ഗവേഷകസംഘ൦...
ഒടുവില്‍ പുറത്തുവരുന്ന കണ്ടെത്തലുകള്‍ അനുസരിച്ച് അന്തരീക്ഷമലിനീകരണവും അന്തരീക്ഷത്തിലെ ഈര്‍പ്പവും വൈറസ് വ്യാപനത്തിന് കാരണമാവുന്നു എന്നതാണ്. വായുവിലെ പൊടിപടലങ്ങളിലും മറ്റും പറ്റിപ്പിടിച്ച് വൈറസ് കൂടുതല്‍ ദൂരം സഞ്ചരിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു. വായുവില്‍ ഈര്‍പ്പമുണ്ടെങ്കില്‍ വൈറസ് പെട്ടെന്നു നശിക്കയില്ല, അതായത് വായു മലിനീകരണം കൊറോണ വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന് വ്യക്തം.
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഗവേഷണം ഈ ദിശയിലേയ്ക്ക് നീങ്ങിയത്.
നേരിട്ടുള്ള സമ്പര്‍ക്കം വഴിയല്ലാതെയുള്ള രോഗ വ്യാപനത്തിലാണ് വായുമലിനീകരണത്തിനു നിര്‍ണായക പങ്കുള്ളത്. വായുവിലെ പൊടിപടലങ്ങളിലും മറ്റും പറ്റിപ്പിടിച്ച് വൈറസ് കൂടുതല്‍ ദൂരം സഞ്ചരിക്കുമെന്നാണ് കണ്ടെത്തല്‍. വായുവില്‍ ഈര്‍പ്പമുണ്ടെങ്കില്‍ വൈറസ് പെട്ടെന്നു നശിക്കുകയുമില്ല.
വായു മലിനീകരണവും വൈറസ് വ്യാപനവും സംബന്ധിച്ച് ഇതാദ്യമായി കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണകേന്ദ്രം, മണിപ്പാല്‍ അക്കാദമി അറ്റോമിക് ആന്‍ഡ് മോളിക്യൂലാര്‍ ഫിസിക്സ് വകുപ്പ്, അമേരിക്കയിലെ ലൂസിയാന സര്‍വകലാശാല കെമിക്കല്‍ എന്‍ജിനീയറി൦ഗ് വകുപ്പ് എന്നിവ സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വൈറസ് വായുവിലൂടെയും പകരാനുളള സാധ്യത ശരിവയ്ക്കുന്നതാണു കണ്ടെത്തലുകള്‍. മലിനീകരണം കൂടിയ സ്ഥലങ്ങളില്‍ വൈറസ് വ്യാപനത്തിന്‍റെ തോത് വര്‍ധിക്കാനാണു സാധ്യത. മലിനവായു ദീര്‍ഘകാലം ശ്വസിക്കുന്നതിലൂടെ മനുഷ്യരുടെ ശ്വസനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം ദുര്‍ബലമാകുകയും രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും ചെയ്യും.
മലിനീകരണത്തിനൊപ്പം വായുവില്‍ ഈര്‍പ്പവും കൂടുന്ന സാഹചര്യത്തില്‍, കോവിഡ് രോഗിയില്‍ നിന്നു ചുമ, സംസാരം, തുമ്മല്‍, ശ്വാസം തുടങ്ങിയവയിലൂടെ പുറത്തുവരുന്ന ചെറിയകണങ്ങള്‍ അന്തരീക്ഷത്തിലെ പൊടിപടലങ്ങളില്‍ പറ്റിപ്പിടിച്ച് ഏറെ ദൂരം സഞ്ചരിക്കാനുള്ള സാധ്യതയും ശാസ്ത്രജ്ഞര്‍ മുന്നോട്ടുവയ്ക്കുന്നു.
തുറസായ സ്ഥലങ്ങളില്‍ കാറ്റിന്‍റെ വേഗം കാരണം രോഗ വ്യാപനം ലഘൂകരിക്കപ്പെടാം. എന്നാല്‍ വായുസഞ്ചാരം കുറഞ്ഞ മുറികള്‍, സൗകര്യമില്ലാത്ത ക്വാറന്റീന്‍ കേന്ദ്രങ്ങള്‍, ശീതീകരിച്ച ഹാളുകള്‍ എന്നിവിടങ്ങളില്‍ ഈ കണികകള്‍ വലിയ തോതില്‍ വായുവില്‍ തങ്ങിനില്‍ക്കാനാണ് സാധ്യത.
സാമൂഹിക വ്യാപനം കൂടി കണക്കിലെടുക്കുമ്പോള്‍, ഇത്തരം സാഹചര്യത്തില്‍ ഒന്ന് മുതല്‍ 2 മീറ്റര്‍ വരെ ശാരീരിക അകലം എന്ന മുന്‍കരുതല്‍ ഫലപ്രദമാകുമോ എന്ന ചോദ്യവും ഗവേഷണസംഘം ഉയര്‍ത്തുന്നുണ്ട്.