ചെറുതും വലുതുമായ നിരവധി ആരോഗ്യപ്രശ്നങ്ങൾ നമ്മുടെ ശരീരത്തെ അലട്ടാറുണ്ട്. ഇതിൽ വളരെ നിസാരമായി നമ്മൾ കണക്കാക്കുന്ന ഒന്നാണ് വായ്നാറ്റം. വായ്നാറ്റം ആരോഗ്യപ്രശ്നം എന്നതിലുപരി ആത്മവിശ്വാസത്തെ ബാധിക്കുന്നൊരു പ്രശ്നമാണ് പലർക്കും. വായ്നാറ്റം പ്രധാനമായും വായ ശുചിയായി സൂക്ഷിക്കാത്തതിനാൽ ഉണ്ടാകുന്നൊരു പ്രശ്നമാണെന്നാണ് ഭൂരിഭാഗം പേരും ചിന്തിക്കുന്നത്. ശുചിത്വമില്ലായ്മ മൂലം വായ്നാറ്റം ഉണ്ടാകും. എന്നാല്‍, വായ്നാറ്റം എല്ലായ്പ്പോഴും ശുചിത്വമില്ലായ്മയുടെ മാത്രം ഫലമാണെന്ന് തെറ്റിദ്ധരിക്കരുത്.
ചില അസുഖങ്ങളുടെയും ആരോഗ്യപ്രശ്നങ്ങളുടെയും ലക്ഷണമായും വായ്നാറ്റം ഉണ്ടാകാറുണ്ട്. കിഡ്നി രോഗങ്ങളുടെ ലക്ഷണമായി വായ്നാറ്റം ഉണ്ടാകാറുണ്ട്. വൃക്കയെ ബാധിക്കുന്ന ചില ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമാണിത്. കിഡ്നി അഥവാ വൃക്ക നമ്മുടെ ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുന്നതിനായി പ്രവർത്തിക്കുന്ന ഒരു പ്രധാനപ്പെട്ട അവയവമാണ്. ഒപ്പം തന്നെ ശരീരദ്രവങ്ങളെ ബാലൻസ് ചെയ്ത് നിര്‍ത്തുന്നതിനും വൃക്ക സഹായിക്കുന്നു. എന്നാൽ, വൃക്ക തകരാറിലാകുമ്പോൾ ശരീരത്തില്‍ യൂറിയയുടെ അളവ് കൂടുന്നു. ഇത് വായ്നാറ്റത്തിലേക്ക് നയിക്കും. യൂറിയയുടെ അളവ് ഉയരുന്നതിന്റെ ഭാഗമായി വായ്നാറ്റത്തിന് പുറമെ വായ്ക്കകത്ത് ഒരു പ്രത്യേക രുചിയും അനുഭവപ്പെടും.
വൃക്കയുടെ പ്രവര്‍ത്തനങ്ങൾ തകരാറിലാകുമ്പോൾ ശരീരത്തില്‍ നിന്ന് ആവശ്യമില്ലാത്ത ധാതുക്കള്‍ പുറന്തള്ളാൻ കഴിയാതെ വരുന്നു. ഇത് പിന്നീട് രക്തത്തില്‍ അടിഞ്ഞ് വായ്നാറ്റത്തിനും രുചി വ്യത്യാസത്തിനും കാരണമാകും. എന്നാൽ വൃത്തി കുറവും വൃക്ക സംബന്ധമായ അസുഖങ്ങളും മാത്രമല്ല വായ്നാറ്റത്തിന്റെ കാരണങ്ങൾ. ഉദരസംബന്ധമായ പ്രശ്നങ്ങള്‍, മോണരോഗങ്ങള്‍ തുടങ്ങി പല കാരണങ്ങൾ കൊണ്ടും വായ്നാറ്റം ഉണ്ടാകാം. വായ്നാറ്റം പതിവായി മാറുന്ന അവസ്ഥയിൽ ഡോക്ടറെ സന്ദർശിച്ച് പരിശോധന നടത്തുന്നതാണ് ഉചിതം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...