തിരുവനന്തപുരം: ഹീമോഫീലിയ ചികിത്സയില്‍ ഇനി മുതല്‍ 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നൂതനമായ ഈ മരുന്ന് മാസത്തിലൊരിക്കല്‍ മാത്രം എടുത്താല്‍ മതിയാകും. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്.
ഏകദേശം മുന്നൂറോളം കുട്ടികള്‍ക്കാണ് ഇതിന്റെ ഫലം ലഭിക്കുക. ഹീമോഫിലിയ ചികിത്സയില്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് എന്നറിയപ്പെടുന്ന പ്രൊഫിലാക്‌സിസ് (പ്രതിരോധ ചികിത്സ) 2021 മുതല്‍ നല്‍കി വരുന്നുണ്ട്. ഇത്തരത്തില്‍ പ്രൊഫിലാക്‌സിസ് ചികിത്സ ഇത്രയധികം രോഗികള്‍ക്ക് നല്‍കുന്നതും ഇന്ത്യയില്‍ തന്നെ ആദ്യമായി കേരളത്തിലാണ്. 'ഹീമോഫിലിയ രോഗികള്‍ക്ക് രക്തസ്രാവവും അംഗവൈകല്യങ്ങളും ഇല്ലാത്ത ജീവിതം ഉറപ്പുവരുത്തുക' എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ് വിപ്ലവകരമായ ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
രക്തം കട്ട പിടിക്കുവാൻ സഹായിക്കുന്ന മാംസ്യങ്ങളായ ഫാക്ടർ എട്ട്, ഫാക്ടർ ഒമ്പത് എന്നിവയുടെ അഭാവം മൂലമോ കുറവ് മൂലമോ ഉണ്ടാകുന്ന ഒരു രോഗമാണ് ഹീമോഫീലിയ അഥവാ രക്തം കട്ട പിടിക്കാത്ത അവസ്ഥ. ക്രിസ്മസ് രോഗം എന്നും ഇത് അറിയപ്പെടുന്നു. നമ്മുടെ ശരീരത്തിൽ രക്തം കട്ടപിടിക്കുവാൻ സഹായിക്കുന്ന 12 ഘടകങ്ങൾ ആണ് ഉള്ളത്. ഇവയെ ക്ലോട്ടിങ് ഫാക്ടറുകളെന്ന് വിളിക്കുന്നു. ഇവ രക്തത്തിലെ പ്ലേറ്റ് ലെറ്റുകളുമായി ചേർന്ന് പ്രവർത്തിച്ചാണ് രക്തം കട്ടപിടിക്കുന്നത്.
ALSO READ: ഡെങ്കിപ്പനി ബാധിച്ചാൽ പ്ലേറ്റ്ലറ്റ് കുറയുന്നത് എന്തുകൊണ്ട്? കൗണ്ട് എങ്ങനെ വർധിപ്പിക്കാം?
ഇവയിൽ എട്ട്, ഒമ്പത് എന്നീ ഫാക്ടറുകളിൽ ഒന്ന് ഇല്ലാതാവുകയോ, കുറയുകയോ ചെയ്യുന്ന അവസ്ഥയാണ് ഹീമോഫീലിയ. രക്തം കട്ടപിടിക്കാനുള്ള ഘടകത്തിന്റെ അഭാവം കണക്കിലെടുത്ത് എ, ബി എന്നിങ്ങനെ രണ്ടായി ഹീമോഫീലിയയെ തരംതിരിച്ചിട്ടുണ്ട്. ഹീമോഫീലിയ ഒരു ജനിതകവൈകല്യമാണ്. ആൺകുട്ടികളിലാണ് ഈ രോഗം കൂടുതലായി പ്രകടമാകുന്നത്. ഇത്തരം രോഗികളുടെ ശരീരം എവിടെയെങ്കിലും തട്ടുകയോ മുട്ടുകയോ ചെയ്താൽ രക്തം കട്ടപിടിക്കാൻ താമസമുണ്ടാകും.
അതിനാൽ ഈ ഭാഗങ്ങളിൽ ശരീരം മുഴച്ചുവരിക, ശരീരത്തിൽ രക്തസ്രാവമുണ്ടായാൽ രക്തം നിലക്കാത്ത അവസ്ഥ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. എമിസിസുമാബ് എന്ന ഈ നൂതന ചികിത്സാ 2021 മുതല്‍ തിരഞ്ഞെടുത്ത രോഗികളില്‍ കേരളത്തിൽ നല്‍കി വരുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ചികിത്സയുടെ ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ രോഗികള്‍ക്ക് പ്രയോജനകരമാകുന്ന തരത്തില്‍ 18 വയസില്‍ താഴെയുള്ള മുഴുവന്‍ രോഗികള്‍ക്കും വിലകൂടിയ മരുന്ന് നല്‍കുവാന്‍ തീരുമാനിച്ചിട്ടുള്ളത്.
കുട്ടികള്‍ ഈ മരുന്നിലേക്ക് മാറുന്നത് വഴി ആഴ്ചയില്‍ രണ്ട് തവണ വീതമുള്ള ആശുപത്രി സന്ദര്‍ശനവും ഞരമ്പിലൂടെയുള്ള ഇഞ്ചക്ഷനുകളുടെ കാഠിന്യവും അതിനോടനുബന്ധിച്ചുള്ള സ്‌കൂള്‍ മുടക്കങ്ങളും മാതാപിതാക്കളുടെ തൊഴില്‍ നഷ്ടവും ഗണ്യമായി കുറയുകയും അവരുടെ ജീവിതനിലവാരം ഉയര്‍ത്തുവാനും സാധിക്കും. കേരളത്തില്‍ ഹീമോഫിലിയ രോഗബാധിതരായ ഏകദേശം 2000ത്തോളം പേരാണ് ആശധാര പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മുന്‍കാലങ്ങളില്‍ മെഡിക്കല്‍ കോളേജുകളിലും ആലുവ താലൂക്ക് ആശുപത്രിയിലും മാത്രം ലഭ്യമായിരുന്ന ചികിത്സയെ 72ല്‍ പരം ആശുപത്രികളിലേയ്ക്ക് വികേന്ദ്രികരിച്ചതും ഈ സര്‍ക്കാരിന്റെ കാലത്താണ്. എണ്ണത്തില്‍ കുറവാണെങ്കിലും ഹീമോഫിലിയ പോലെയുള്ള അപൂര്‍വ രോഗം ബാധിച്ചവരേയും ചേര്‍ത്തുനിര്‍ത്തുന്ന സമീപനമാണ് സര്‍ക്കാര്‍ എക്കാലവും സ്വീകരിച്ചു വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.