ഉയർന്ന കൊളസ്ട്രോൾ: ശരീരത്തിൽ പേശികളുടെ രൂപീകരണത്തിനും ആരോഗ്യത്തിനും കൊഴുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. വിവിധ ഹോർമോണുകൾ, വിറ്റാമിൻ ഡി, കോശ സ്തരങ്ങൾ എന്നിവയുടെ ഉത്പാദനത്തിന് ഇത് അത്യന്താപേക്ഷിതമാണ്. എന്നാൽ കൊളസ്ട്രോളിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും.
ധാരാളം ആളുകൾ ഉയർന്ന കൊളസ്ട്രോൾ മൂലം ഉണ്ടാകുന്ന ആരോഗ്യാവസ്ഥകളെ അഭിമുഖീകരിക്കുന്നുണ്ട്. മോശം ജീവിതശൈലിയാണ് കൊളസ്ട്രോൾ വർധിക്കുന്നതിന്റെ ഒരു പ്രധാന കാരണം. മരുന്നും ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
ഉയർന്ന കൊളസ്ട്രോളുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ പലപ്പോഴും പ്രത്യക്ഷമാകില്ല. ഇത് അടിയന്തര സാഹചര്യങ്ങളിൽ എത്തുമ്പോഴാണ് പലർക്കും ലക്ഷണങ്ങൾ പ്രകടമാകുന്നത്. അമിതമായ കൊളസ്ട്രോൾ മൂലമുണ്ടാകുന്ന ആരോഗ്യാവസ്ഥകളിൽ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവ ഗുരുതര അവസ്ഥകൾ ഉൾപ്പെടുന്നു. ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് വർധിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ശരീരത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് വർധിക്കുന്നതിന്റെ ലക്ഷണങ്ങൾ
മരവിപ്പ്: ഉയർന്ന കൊളസ്ട്രോൾ ഞരമ്പുകളെ ബാധിക്കുന്നു. ഇത് കൈകളിലും കാലുകളിലും മരവിപ്പ് ഉണ്ടാക്കാം. കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നതിന്റെ ഫലമായി ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്ത വിതരണം കുറയുന്നതാണ് മരവിപ്പ് ഉണ്ടാകാനുള്ള കാരണം.
ശ്വാസതടസ്സം: അമിതമായ കൊളസ്ട്രോൾ ഉൾപ്പെടെ നിരവധി ഹൃദ്രോഗങ്ങളുടെ ലക്ഷണമാണ് ശ്വാസതടസ്സം. ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുമ്പോൾ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നത് ശ്വാസതടസ്സത്തിന് കാരണമാകാം.
നെഞ്ചുവേദന: ആൻജീന എന്നറിയപ്പെടുന്ന നെഞ്ചിലെ അസ്വസ്ഥത, കൊറോണറി ആർട്ടറി രോഗമുള്ളവരിൽ അമിതമായ കൊളസ്ട്രോളിന്റെ ഒരു സാധാരണ അടയാളമാണ്. രക്തധമനികളിൽ കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നതാണ് ഇതിന് കാരണമാകുന്നത്.
ക്ഷീണം: ഉയർന്ന കൊളസ്ട്രോൾ ഉള്ള ആളുകൾക്ക് അവരുടെ രക്തത്തിൽ കൊളസ്ട്രോൾ നിക്ഷേപിക്കപ്പെടുന്നത് മൂലം ക്ഷീണം അനുഭവപ്പെടാം. കൊളസ്‌ട്രോൾ വർധിക്കുന്നതിനാൽ പേശികളിലേക്കുള്ള രക്ത വിതരണം കുറയുന്നതാണ് ക്ഷീണം അനുഭവപ്പെടാൻ കാരണം.
ഉയർന്ന രക്തസമ്മർദ്ദം: ഉയർന്ന കൊളസ്ട്രോൾ മൂലം ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാം. ധമനികളിൽ കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നതാണ് രക്തസമ്മർദ്ദത്തിന് കാരണമാകുന്നത്.
കാഴ്ച പ്രശ്നങ്ങൾ: ഉയർന്ന കൊളസ്ട്രോൾ നിങ്ങളുടെ കാഴ്ചയെ ബാധിച്ചേക്കാം. രക്തത്തിൽ കൊളസ്‌ട്രോൾ അടിഞ്ഞുകൂടിയാൽ കണ്ണുകൾക്ക് രക്തം നൽകുന്ന രക്തധമനികളിൽ തടസ്സമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതാണ് കാഴ്ചയെ ബാധിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...