പഴങ്കഞ്ഞി ഇത്രയ്ക്കും കേമനാണോ? ആണെന്ന് തന്നെ പറയേണ്ടി വരും. കാരണം ഇന്നത്തെ ജീവിത ശൈലി രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പഴങ്കഞ്ഞി. ആളുകൾ മറന്നുപോയ ഈ പഴങ്കഞ്ഞിക്ക് ഇപ്പോൾ വീണ്ടും ഡിമാൻഡ് ഏറുകയാണ്. പെട്ടെന്ന് പഴങ്കഞ്ഞിക്ക് ഡിമാൻഡ് കൂടാൻ എന്താണ് കാരണം? ആഗോള ടെക്നോളജി കമ്പനിയായ സോഹോയുടെ സിഇഒയും ശതകോടീശ്വരനുമായ ശ്രീധര്‍ വെമ്പുവിന്റെ ഒരു വെളിപ്പെടുത്തലിലാണ് പഴങ്കഞ്ഞി വീണ്ടും സ്റ്റാറായത്. തന്റെ പ്രഭാതഭക്ഷണം പഴങ്കഞ്ഞിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
തന്‍റെ രോഗവുമായി ബന്ധപ്പെട്ട ഡയറ്റിന്‍റെ ഭാഗമായാണ് പഴങ്കഞ്ഞി കുടിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ പഴങ്കഞ്ഞി ജീവിതത്തിന്റെ ഭാഗമായെന്നാണ് തഞ്ചാവൂര്‍ സ്വദേശിയായ ശ്രീധര്‍ വെമ്പു ട്വീറ്റ് ചെയ്തത്. ആമാശയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന 'ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം' രോഗമായിരുന്നു തനിക്ക്. പഴങ്കഞ്ഞി കുടിക്കാന്‍ തുടങ്ങിയതോടെ ഇത് ഭേദപ്പെട്ടെന്ന് ശ്രീധര്‍ വെമ്പു ട്വിറ്ററില്‍ കുറിച്ചു. തന്റെ അനുഭവം ചിലരെ സഹായിച്ചേക്കുമെന്നു കരുതിയാണ് ഈ പോസ്റ്റ് പങ്കുവെയ്ക്കുന്നതെന്നും ശ്രീധര്‍ വെമ്പു ട്വീറ്റില്‍ പറയുന്നു.
My daily breakfast for the past year has been fermented "old rice" (பழைய சோறு in Tamil). I religiously adhere to this diet. I suffered from IBS (irritable bowel syndrome) all life and that is now gone. I also suffer a lot less from allergies. Hope this helps some fellow sufferer.
— Sridhar Vembu (@svembu) February 12, 2023
പഴങ്കഞ്ഞിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?
പഴങ്കഞ്ഞി ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് പഴമക്കാർ പറഞ്ഞ് നമ്മൾ ഒരുപാട് കേട്ടിട്ടുള്ളതാണ്. എന്നാൽ എന്താണ് ഇതിൽ ആരോഗ്യത്തിന് ഇത്ര ഗുണം ചെയ്യുന്ന സാധനം എന്നാണ് ചിലരുടെ ചോദ്യം. ഇന്നത്തെ ജീവിത ശൈലി രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ പഴങ്കഞ്ഞി കുടിക്കുന്നതിലൂടെ സാധിക്കും. പ്രഭാതത്തിൽ മാത്രമല്ല ഒരു ദിവസത്തേക്ക് മുഴുവൻ ശരീരത്തിന് വേണ്ട ഉന്മേഷവും കുളിർമയും നൽകാൻ ഈ ഭക്ഷണത്തിന് സാധിക്കും. തലേന്ന് രാത്രിയിൽ വെള്ളം ഒഴിച്ച് വെയ്ക്കുന്നതിനാൽ ചോറിൽ അടങ്ങിയിരിക്കുന്ന അയേൺ, പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയായി വർധിക്കുന്നു.
Also Read: ഹൃദയാരോഗ്യം മുതൽ കാൻസർ പ്രതിരോധം വരെ; ബ്ലൂബെറിയുടെ ആരോഗ്യഗുണങ്ങൾ അറിയാം...
പ്രഭാതഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തുന്നത് ദഹനം എളുപ്പമാക്കുകയും ദിവസം മുഴുവൻ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു. പഴങ്കഞ്ഞിയില്‍ അടങ്ങിയിരിക്കുന്ന ബി6, ബി12 വിറ്റാമിനുകള്‍ ശരീരത്തിന് ഏറെ ഗുണം ചെയ്യും. പഴങ്കഞ്ഞിയിൽ സെലേനിയം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതം, ഹൃദയസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ തുടങ്ങിയവയെ ഒരു പരിധിവരെ തടയുന്നു.
മലബന്ധ പ്രശ്നങ്ങൾ നേരിടുന്നവർക്കും കഴിക്കാൻ സാധിക്കുന്ന നല്ലൊരു ഭക്ഷണമാണ് പഴങ്കഞ്ഞി. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രക്രിയ എളുപ്പമാക്കി മലബന്ധം കുറയ്ക്കാൻ ഇത് സഹായിക്കും. കൂടാതെ അൾസർ, കുടലിലുണ്ടാവുന്ന ക്യാൻസർ എന്നിവയെ തടയുകയും ചെയ്യും. ചർമ്മസംരക്ഷണത്തിലും പഴങ്കഞ്ഞി വലിയ പങ്കുവഹിക്കുന്നുണ്ട്. ആന്റി ഓക്സിഡൻറുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്കഞ്ഞി ദിവസവും കഴിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകാനും ചെറുപ്പം നിലനിർത്താനും സഹായിക്കും.
ഒരു മനുഷ്യ ശരീരത്തിന് അവശ്യം വേണ്ട 80% ത്തോളം മാംഗനീസ് ഒരു കപ്പ് പഴങ്കഞ്ഞിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തിൽ വിഘടിപ്പിക്കുന്നു. വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കാൻ പഴങ്കഞ്ഞി ബെസ്റ്റാണ്. ഇത് ക്ഷീണം അകറ്റുകയും അണുബാധ തടയുകയും ചെയ്യുന്നു. കൂടാതെ ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തിൽ ഉൽപാദിപ്പിക്കുവാൻ പഴങ്കഞ്ഞിക്ക് കഴിയും. പൊട്ടാസ്യം ഉള്ളതിനാല്‍ ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവയിൽ നിന്നും സംരക്ഷണം നൽകും.
പഴങ്കഞ്ഞിയിലുള്ള വിറ്റാമിന്‍ ബി-യും സൂക്ഷ്മജീവികളും ശരീരത്തിലെ അമ്ലത കുറയ്ക്കാൻ സഹായിക്കും. ഇത് കുടല്‍വ്രണം ശമിപ്പിക്കുന്നു. ഈ ഭക്ഷണത്തിലുള്ള ലാക്ടിക് അമ്ലം പ്രസവിച്ച സ്ത്രീകൾക്കും ഗുണം ചെയ്യും. പ്രസവിച്ച സ്ത്രീകളിൽ പാലുത്പാദനം കൂട്ടാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...