ശരീരത്തിൽ അനാരോഗ്യകരമായ തരത്തിൽ ശരീരത്തിന് ആവശ്യമുള്ളതിലധികം കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥയാണ് ഒബീസിറ്റി അഥവാ അമിതവണ്ണം. നടക്കാൻ പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ അവസ്ഥ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും/ ഇത് കൂടാതെ ഇത് എല്ലുകളുടെയും സന്ധികളുടെയും മറ്റ് അവയവങ്ങളുടെയും പ്രവർത്തനങ്ങളെ അതിരൂക്ഷമായി ബാധിക്കും. മറ്റ് അവയവങ്ങളുടെ പ്രവർത്തനങ്ങളിൽ തടസം നേരിടുമ്പോൾ അത് ഹോർമോണുകളിലും മാറ്റം കൊണ്ട് വരികയും ഭാരം കൂടുതൽ വർധിക്കാൻ കാരണമാകുകയും ചെയ്യും.
കഴിഞ്ഞ 30 വർഷങ്ങൾക്കുള്ളിൽ നമ്മുടെ ഭക്ഷണ രീതികളിലും ജീവിത ശൈലിയിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. കൊഴുപ്പും പഞ്ചസാരയും കൂടുതലായി അടങ്ങിയ ഭക്ഷണങ്ങളുടെ ഉപഭോഗം വർദ്ധിക്കുകയും ശാരീരിക പ്രവർത്തനങ്ങൾ ഗണ്യമായി കുറയുകയും ചെയ്തു. ഇത് രണ്ടും മൂലമാണ് ലോകത്താകമാനം ഒബീസിറ്റിയുടെ പ്രശ്‌നം വൻ തോതിൽ വർധിച്ചത്. ഇതുമൂലം ഹൃദ്രോഗം, സ്ട്രോക്ക്, പ്രമേഹം, ചില ക്യാൻസറുകൾ എന്നിവ ബാധിക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. എന്നാൽ ഇത് എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യത്തെയും കാര്യമായി ബാധിക്കാറുണ്ട്.
സന്ധികളുടെ ആരോഗ്യത്തെ അമിതവണ്ണം ബാധിക്കുന്നതെങ്ങനെ?
തേയ്മാനം അഥവാ ഓസ്റ്റിയോ ആർത്രൈറ്റിസ്, ആമവാതം അഥവാ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവയാണ് സന്ധികളുടെ ആരോഗ്യത്തെ പ്രധാനമായും ബാധിക്കുന്ന പ്രശ്‍നങ്ങൾ. സന്ധികളുടെ പ്രവർത്തനം സുഗമമാക്കുന്ന കാർട്ടിലേജ് നശിക്കുന്ന അവസ്ഥയാണ് തേയ്മാനം. ശരീരത്തിന്റെ പ്രതിരോധ സംവിധാനം തന്നെ ശരീരത്തിന് എതിരായി പ്രവർത്തിക്കുന്നത് മൂലമാണ് ആമവാതം ഉണ്ടാകുന്നത്. അമിതവണ്ണം പലപ്പോഴും ഇവ രണ്ടിനും കാരണമാകുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
അമിതവണ്ണവും തേയ്മാനവും
അമിതവണ്ണം രണ്ട് ഘട്ടങ്ങളായി ആണ് സന്ധികളെ ബാധിക്കുന്നത്. ഭൗതികമായ പ്രശനങ്ങളും രാസപ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന പ്രശ്‍നങ്ങളും. ഭാരം കൂടുമ്പോൾ സന്ധികളിലെ കാർട്ടിലേജിൽ കൂടുതൽ ജോലി ഭാരം ഉണ്ടാകും. ഇത് ക്രമേണ ഈ കാർട്ടിലേജുകൾക്ക് തേയ്മാനം ഉണ്ടാകാൻ കാരണമാകും. അതുകൂടാതെ ശരീരത്തിലെ ഫാറ്റ് കോശജാലം ചില രാസവസ്തുക്കൾ ഉത്പാദിപ്പിക്കും. ഇതും കാർട്ടിലേജുകൾ നശിക്കാൻ കാരണമാകും.
അമിതവണ്ണവും ആമവാതവും
ശരീരത്തിന്റെ പ്രതിരോധ സംവിധാനം തന്നെ ശരീരത്തിന് എതിരായി പ്രവർത്തിക്കുന്ന അവസ്ഥയാണ് ആമവാതം. ഇതിന് കാരണം സൈറ്റോകൈനുകളാണ്. അമിതവണ്ണം ഉള്ള ആളുകളുടെ ഫാറ്റ് കോശജാലം അമിതമായി സൈറ്റോകൈനുകൾ ഉത്പാദിപ്പിക്കും. ഇതുമൂലം സന്ധികളിൽ വീക്കവും, നീരും കഠിന വേദനയും ഉണ്ടാകും. അമിതവണ്ണം ഇല്ലാത്തവരിൽ ഈ രോഗാവസ്ഥ ഉണ്ടാകാറുണ്ടെങ്കിലും അമിതവണ്ണം ഉള്ളവരിലാണ് ഇത് കൂടുതലായി കാണാറുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...