തിരുവനന്തപുരം: സംസ്ഥാനത്ത് പരിപാലിച്ചു മരിച്ചവരുടെ എണ്ണം ബുധനാഴ്ച ആറായി. കൊല്ലത്ത് നാളും പത്തനംതിട്ടയിലും എറണാകുളത്തും ഓരോരുത്തരും ആണ് പനി ബാധിച്ച് മരിച്ചത്. കൊല്ലത്തുണ്ടായ മൂന്ന് ഡെങ്കിപ്പനി മരണം ഉൾപ്പെടെയാണ് നാല് പനിമരണം സ്ഥിരീകരിച്ചത്.
കൊട്ടാരക്കര സ്വദേശിയായ വൈ. കൊച്ചുകുഞ്ഞ് ജോൺ (70), ചവറ സ്വദേശി അരുൺ കൃഷ്ണ (33), ആയുർ വയ്യാനം സ്വദേശി ബഷീർ (74) എന്നിവരാണ് കൊല്ലത്ത് ഡെങ്കിപ്പനി ബാധിച്ച് മരിച്ചവർ. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശിനി അഖിലയും ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കേ മരണമടഞ്ഞു.
ചാത്തന്നൂരിൽ അഞ്ചാം ക്ലാസ്സുകാരൻ അഭിജിത്, മൂവാറ്റുപുഴയിൽ ഐ.ടി.ഐ വിദ്യാർഥി സമദ് (18) എന്നിവരാണ് പനിമൂലം മരിച്ച മറ്റുരണ്ടുപേർ. കൊല്ലം ഒഴുകുപാറ സ്വദേശി ബൈജു-ഷൈമ ദമ്പതികളുടെ മകനായ അഭിജിത് പനി പിടിപെട്ടതിനെ തുടർന്ന് മൂന്ന് ദിവസത്തോളം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പനി കൂടുതലായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.ഇതോടെ ജൂൺ മാസം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതുവരെ 37 ആയി, ഇതിൽ 21-ഉം ഡെങ്കിപ്പനി ബാധ മൂലമാണ് മരിച്ചത്.
ALSO READ: പനിച്ച് വിറച്ച് കേരളം; കൊല്ലത്ത് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു
സംസ്ഥാനത്ത് പനിമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പകർച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തണമെന്നും വരുന്ന ആഴ്ച്ചകളിലെ വെള്ളി, ശനി, ഞായർ ദിവസങ്ങൾ ഡ്രൈ ഡേ ആയി ആചരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വെള്ളിയാഴ്ച്ച സ്കൂളുകളിലും ശനിയാഴ്ച്ച ഓഫീസുകളിലും ഞായറാഴ്ച്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
എന്താണ് ഡെങ്കിപ്പനി?
ഈഡിസ് ഇനത്തിൽ പെടുന്ന കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്.ഇവ ശുദ്ധജലത്തിൽ ആണ് വളരുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.
രോഗലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, അതിശക്തമായ തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന അനുഭവപ്പെടുക, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ രൂപപ്പെടുക, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.
അപകടസൂചനകൾ
പനി കുറയുമ്പോൾ തുടർച്ചയായ ഛർദി ഉണ്ടാവുക, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം ഉണ്ടാകുക, കറുത്ത നിറത്തിലുള്ള മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്നത് പോലെ ഉള്ള അവസ്ഥ, വലിയ രീതിയിൽ തളർച്ച അനുഭവപ്പെടുക, ശ്വസിക്കാൻ പ്രയാസം ഉണ്ടാകുക, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ ലക്ഷണങ്ങൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.
ചികിത്സ നൽകേണ്ടതിന്റെ പ്രാധാന്യം
എത്രയുംവേഗം ചികിത്സിക്കുക എന്നതാണ് മുഖ്യം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി നന്നായി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.
തുരത്താം, കൊതുകിനെ
കൊതുക് വളരാതിരിക്കാൻ വീടും പരിസരത്തും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം. ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കംചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക. അവയിൽ വെള്ളം കെട്ടി നിൽക്കുമ്പോൾ കൊതുകു വളരാനുള്ള സാധ്യത കൂടുതലാണ്.
ജലസംഭരണികൾ കൊതുക് കടക്കാത്തരീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവെക്കുക. കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങളോ മറ്റു മാർഗ്ഗങ്ങളോ സ്വീകരിക്കുക. ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടം നശിപ്പിച്ച് ഡ്രൈഡേ ആചരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...