Drinks for weight loss: നാരങ്ങ വെള്ളം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും പൊതുവായ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് കേട്ടിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ, നാരങ്ങ വെള്ളം കുടിക്കുന്നത് വഴി ശരീരഭാരം കുറയ്ക്കാൻ സാധിക്കുമോ? ഇത് ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലത്തിന് കാരണമാകുമോ? നാരങ്ങാനീര് വെള്ളത്തിൽ ചേർത്താണ് നാരങ്ങാവെള്ളം ഉണ്ടാക്കുന്നത്. ഇതിനായി ചെറിയ ചൂടുള്ള വെള്ളമോ തണുത്ത വെള്ളമോ ഉപയോഗിക്കാം.
നാരങ്ങ വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ
കാൻസറിനെ പ്രതിരോധിക്കുന്ന ആന്റി ഓക്സിഡന്റുകൾ: കാൻസറിനെ പ്രതിരോധിക്കുന്ന ആന്റിഓക്സിഡന്റുകൾ നാരങ്ങയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. നാരങ്ങ സത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് ഗുണങ്ങൾ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നതായി ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുന്നു: ഇരുമ്പ് ആഗിരണം മെച്ചപ്പെടുത്താനുള്ള കഴിവ് നാരങ്ങയ്ക്കുണ്ട്. കാരണം, ഇതിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. നാരങ്ങ നീര് കഴിക്കുന്നത് ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന അനീമിയ ഒഴിവാക്കാൻ സഹായിക്കും.
വൃക്കയിലെ കല്ലുകൾ നീക്കാൻ സഹായിക്കുന്നു: എല്ലാ സിട്രസ് പഴങ്ങളിലും സിട്രിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ, നാരങ്ങ നീരിൽ സാന്ദ്രത കൂടുതലാണ്. നാരങ്ങാനീരിൽ സിട്രേറ്റ് എന്നറിയപ്പെടുന്ന സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കാൻ നാരങ്ങ വെള്ളം സഹായിക്കുമോ?
വിവിധ പഠനങ്ങളും ഗവേഷണങ്ങളും അനുസരിച്ച്, നാരങ്ങകൾ പോഷക സമ്പുഷ്ടവും കുറഞ്ഞ കലോറിയും ഉള്ള ഫലമാണ്. ഒരു ഇടത്തരം ചെറുനാരങ്ങ പ്രതിദിനം ആവശ്യമായ വിറ്റാമിൻ സിയുടെ 76 ശതമാനം വരെ നൽകുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം, ഏകദേശം 17 കലോറി മാത്രമേ ഇവയിൽ ഉള്ളൂ. കൂടാതെ, നാരങ്ങയിൽ പൊട്ടാസ്യം, വിറ്റാമിൻ ബി6 എന്നിവയുൾപ്പെടെ ആവശ്യമായ മറ്റ് പോഷകങ്ങളും ഉൾപ്പെടുന്നു. അതിനാൽ നാരങ്ങ വെള്ളം പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ശരീരഭാരം കുറയ്ക്കാൻ നാരങ്ങ വെള്ളം സഹായിക്കുന്നതെങ്ങനെ?
കലോറി കുറവ്: മറ്റ് ജ്യൂസുകളെയും പാനീയങ്ങളെയും അപേക്ഷിച്ച് നാരങ്ങ വെള്ളത്തിൽ കലോറിയുടെ അളവ് വളരെ കുറവാണ്. ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസിൽ 113 കലോറിയും കാൻ ഡ്രിങ്കിസിൽ 160 കലോറിയും ഉള്ളപ്പോൾ, ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത ഇടത്തരം നാരങ്ങയുടെ നീരിൽ ഏകദേശം എട്ട് കലോറി മാത്രമേ ഉള്ളൂ. ജ്യൂസ് അല്ലെങ്കിൽ സോഡയ്ക്ക് പകരം നാരങ്ങാവെള്ളം ഉപയോഗിച്ച് നിങ്ങളുടെ ദൈനംദിന കലോറി ഉപഭോഗം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യാം.
വിശപ്പ് കുറയ്ക്കുന്നു: ഭക്ഷണത്തിന് മുൻപ് ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് നിങ്ങൾക്ക് വിശപ്പ് കുറവ് തോന്നിക്കാൻ സഹായിക്കുകയും ഇത് കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. പഠനങ്ങൾ അനുസരിച്ച്, ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് ഭക്ഷണ സമയത്തും ശേഷവും വിശപ്പ് കുറവും അനുഭവപ്പെടാൻ സഹായിക്കും.
ഉപാപചയപ്രവർത്തനം മികച്ചതാക്കുന്നു: നാരങ്ങ നീരും വെള്ളവും അടങ്ങിയിരിക്കുന്നതിനാൽ നാരങ്ങാവെള്ളം കുടിക്കുന്നതിലൂടെ നിങ്ങളുടെ മെറ്റബോളിസം വർധിപ്പിക്കാൻ സാധിക്കും. ദിവസത്തിൽ പലതവണയായി നാരങ്ങാ വെള്ളം കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ വേഗത്തിലാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
നാരങ്ങാവെള്ളം ഉണ്ടാക്കാൻ ഒരു പകുതി നാരങ്ങയുടെ നീര് സാധാരണയായി 250 മില്ലി കപ്പിലോ ഒരു ഗ്ലാസ് വെള്ളത്തിലോ ചേർക്കുക. ഇതിനൊപ്പം നിങ്ങൾക്ക് നാരങ്ങ വെള്ളം കൂടുതൽ രുചികരമാക്കാൻ പുതിന ഉപയോഗിക്കാം. കുറച്ച് വെള്ളരിക്ക കഷ്ണങ്ങൾ നാരങ്ങ വെള്ളത്തിൽ ചേർക്കാം. വെള്ളരിക്കയിൽ കലോറി കുറവാണ്. ഒരു കഷ്ണം ഇഞ്ചിയോ മഞ്ഞളോ ചേർക്കാം. ഇവ പൊടിയായും ചേർക്കാം. മൂന്നോ് നാലോ ബ്ലൂബെറി ചേർത്തും നാരങ്ങാ വെള്ളം കുടിക്കാം. എന്നാൽ, തേൻ, പഞ്ചസാര തുടങ്ങിയ മധുരങ്ങൾ ചേർക്കരുത്. അങ്ങനെ ചെയ്യുന്നത് കലോറിയുടെ അളവ് വർധിപ്പിക്കും. ഇത് ശരീരഭാരം കുറയ്ക്കാനുള്ള മിക്ക ഗുണങ്ങളെയും ഇല്ലാതാക്കും.
നാരങ്ങ വെള്ളം കുടിക്കുന്നതിന്റെ പാർശ്വഫലങ്ങൾ
നാരങ്ങ വെള്ളത്തിന്റെ ഉപയോഗം പലതരം പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം. ധാരാളം നാരങ്ങാ വെള്ളം കുടിക്കുന്നതിന്റെ ഒരു പാർശ്വഫലം, അസിഡിറ്റി കൂടുതലുള്ളതിനാൽ, പല്ലിലെ ഇനാമലിനെ നശിപ്പിക്കും എന്നതാണ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പ്രയോജനകരമായ പാനീയമാണ് നാരങ്ങ വെള്ളം. ശരീരഭാരം കുറയ്ക്കാൻ നാരങ്ങാവെള്ളം ഉപയോഗിക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ സമീകൃതാഹാരവും വ്യായാമവും ചെയ്യുന്നതിനൊപ്പം നാരങ്ങാ വെള്ളവും കുടിക്കുക.
(കുറിപ്പ്- ഈ ലേഖനം പ്രാഥമിക വിവരങ്ങളെ അടിസ്ഥാനമാക്കി മാത്രമുള്ളതാണ്. യോഗ്യതയുള്ള മെഡിക്കൽ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശത്തിന് പകരമായി പരിഗണിക്കരുത്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...