പ്രായമാകുമ്പോൾ ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകുന്നത് സാധാരണമാണ്. പ്രായമാകുമ്പോൾ, നമ്മുടെ ചർമ്മം സാധാരണയായി വരണ്ടതും കനംകുറഞ്ഞതും ഇലാസ്റ്റികത കുറഞ്ഞതുമായി മാറുന്നു. അത് സ്വാഭാവികമാണ്. എന്നാൽ അതിന് മുൻപേ ചർമ്മത്തിൽ ചുളിവുകൾ വന്ന് തുടങ്ങുന്നത് എന്തുകൊണ്ടാകും? ഈ പ്രശ്നം പലരെയും അലട്ടുന്ന ഒന്നാണ്. അത്തരത്തിൽ വളരെ നേരത്തെ തന്നെ നമ്മുടെ ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഇല്ലെങ്കിൽ അതിനെ കുറിച്ച് ചിന്തിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും വളരെ അത്യാവശ്യമാണ്. വിവിധ കാരണങ്ങളാൽ ചർമ്മത്തിൽ ചുളിവുകൾ വരാം. ആ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...
സൂര്യപ്രകാശം
പ്രധാനമായും സൂര്യപ്രകാശം നമ്മുടെ ചർമ്മത്തിൽ നേരിട്ട് പതിക്കുമ്പോളാണ് ചുലിവുകൾ ഉണ്ടാകുന്നത്. സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണം ചർമ്മത്തിന്റെ ആഴത്തിലുള്ള പാളികളിലേക്ക് തുളച്ചുകയറുകയും കൊളാജനെ തകർക്കുകയും ചെയ്യും. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന അവസരങ്ങളിൽ അല്ലെങ്കിൽ അത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ തരത്തിലുള്ള സൺസ്ക്രീൻ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. എസ്പിഎഫ് 30 എല്ലെങ്കിൽ അതിന് മുകളിലോട്ടുള്ളതോ ആണ് സ്കിൻ എക്സ്പർട്ടുകൾ ശുപാർശ ചെയ്യുന്നത്. നേരിട്ടല്ലാതെയുള്ള സൂര്യരശ്മികളും ചുളിവുകൾക്ക് കാരണമായേക്കാം. വെയിലത്ത് ജോലി ചെയ്യുന്നവർക്ക് നേരത്തെ ചുളിവുകൾ വരാനുള്ള സാധ്യത കൂടുതലാണ്. ചർമ്മം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതിലൂടെ ചുളിവുകൾ ഒഴിവാക്കാം.
പുകവലിയും മദ്യപാനവും
പുകവലി പലപ്പോഴും ചർമ്മത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ചർമ്മത്തിന്റെ വാർദ്ധക്യത്തെ വേഗത്തിലാക്കുകയും ചെയ്യുന്നു. മദ്യപാനം മൂലം ചർമ്മം വരണ്ടുപോകുന്നു. അതിന്റെ ഫലമായി, ചർമ്മത്തിന് ശക്തിയും വഴക്കവും നഷ്ടപ്പെടും. ചർമ്മം തൂങ്ങാൻ തുടങ്ങുമ്പോൾ ചുളിവുകൾ വികസിക്കാൻ തുടങ്ങുന്നു. അതുകൊണ്ട് തന്നെ ചർമ്മ സംരക്ഷണം ആഗ്രഹിക്കുന്നവർ മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക.
Also Read: Weight Loss: ശരീരഭാരം കുറയ്ക്കാൻ ഈ കലോറി കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാം
സമ്മർദ്ദം
നമ്മുടെ പ്രായം കൂടുന്തോറും ശരീരം കൊളാജൻ ഉൽപ്പാദിപ്പിക്കുന്നത് കുറയും. സമ്മർദ്ദവും കൊളാജൻ ഉൽപ്പാദനം കുറയ്ക്കുകയും വീക്കം ഉണ്ടാക്കുകയും ചെയ്യും. കൊളാജന്റെ വഴക്കവും കാഠിന്യവും നഷ്ടപ്പെടും. ചർമ്മത്തിന്റെ പുനരുജ്ജീവനത്തിന് ഇത് ഫലപ്രദമല്ലാത്തതാക്കുന്നു. സമ്മർദം മൂലം വളരെ നേരത്തെ തന്നെ ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകുന്നു. സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉയർന്ന അളവ് കൊളാജനെ തകർക്കും.
വരണ്ട ചർമ്മം
നിങ്ങൾക്ക് വരണ്ട ചർമ്മമുണ്ടെങ്കിൽ ചുളിവുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വരണ്ട ചർമ്മമുള്ളവരിൽ സെബം ഉൽപ്പാദനം കുറയുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ സംഭവിക്കുമ്പോൾ ഇത് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കുന്നതിന് തടസമായി മാറുന്നു. ചുളിവുകൾ ഉണ്ടാകുന്നത് തടയാൻ ദിവസത്തിൽ രണ്ടുതവണയെങ്കിലും പതിവായി മോയ്സ്ചറൈസ് ചെയ്യുക. കാരണം ഇത് വരൾച്ചയെ തടയുമ്പോൾ സ്വാഭാവികമായി ചുളിവുകൾ പ്രത്യക്ഷപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നു.
ഉറക്കക്കുറവ്
ഉറക്കക്കുറവ് ചർമ്മത്തിന് വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഈർപ്പം നിലനിർത്താനുള്ള ചർമ്മത്തിന്റെ കഴിവ്, അതുപോലെ പിഎച്ച് നിലയും കുറയും. ഇതെല്ലാം അപര്യാപ്തമായ കൊളാജൻ രൂപീകരണത്തിന് കാരണമാകുന്നു. ഇത് ചുളിവുകൾ ഉണ്ടാകുന്നത് വേഗത്തിലാക്കുന്നു.
അമിതമായ സൗന്ദര്യവർദ്ധക ഉപയോഗം
ചർമ്മസംരക്ഷണത്തിന് പലരും സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കാറുണ്ട്. അത് നല്ല കാര്യം ആണെങ്കിൽ കൂടി അമിതമാകാതെ സൂക്ഷിക്കണം. അമിതമായാൽ അമൃതും വിഷം എന്നാണല്ലോ പറയപ്പെടുന്നത്. സൗന്ദര്യവർദ്ധക വസ്തുക്കൾ അമിതമായി ഉപയോഗിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്ന് ഡോക്ടർമാർ പറയുന്നു. തിണർപ്പ്, എഡിമ, അടഞ്ഞ സുഷിരങ്ങൾ, മറ്റ് പ്രതികൂല ഫലങ്ങൾ എന്നിവയ്ക്ക് കാരണമാകും. കൊളാജൻ, സെബം എന്നിവയുടെ ഉത്പാദനം കുറയ്ക്കും.
ഭക്ഷണത്തിന്റെ കുറവുകൾ
ശരിയായ ഭക്ഷണക്രമം പാലിക്കാതിരുന്നാലും ചർമ്മത്തിന് പ്രശ്നങ്ങളുണ്ടാകും. പൊട്ടൽ, ചുണങ്ങ്, വരണ്ട ചർമ്മം, ചുളിവുകൾ എന്നിവയ്ക്ക് ഇത് കാരണമാകുന്നു. നിങ്ങൾക്ക് ആവശ്യത്തിന് വിറ്റാമിനുകൾ ലഭിച്ചില്ലെങ്കിൽ, നിങ്ങളുടെ ചർമ്മം വരണ്ടതാകും, പിഗ്മെന്റേഷനും ഉണ്ടാകും. കഴിക്കുന്ന ഭക്ഷണത്തിന് ചർമ്മ സംരക്ഷണത്തിൽ വലിയ പങ്കുണ്ട്. നിങ്ങളുടെ ഭക്ഷണത്തിൽ വിറ്റാമിൻ സി, ഡി, ബി, ഇ, കെ എന്നിവ ഉൾപ്പെടുത്തുക; ആരോഗ്യകരമായ ചർമ്മം നിലനിർത്തുന്നതിന് ഈ പോഷകങ്ങൾ നിർണായകമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...