വെയിലത്ത് തിളങ്ങാന്‍ ഓറഞ്ച്

വേനല്‍ക്കാലത്ത് ദാഹം മാറ്റല്‍ മാത്രമല്ല ഓറഞ്ചിന്‍റെ സാധ്യതകള്‍. അല്‍പസ്വല്‍പം സൗന്ദര്യ സംരക്ഷണത്തിനുള്ള മരുന്നും ഓറഞ്ചിലുണ്ട്.

Last Updated : Apr 16, 2018, 09:17 PM IST
വെയിലത്ത് തിളങ്ങാന്‍ ഓറഞ്ച്

ഓറഞ്ച് മണം പുരണ്ട ദീര്‍ഘദൂര യാത്രകള്‍ വേനല്‍ക്കാലത്തിന്‍റെ മാത്രം പ്രത്യേകതയില്ല. ജലാംശം നന്നായി ഉള്ളതുകൊണ്ടും കൊണ്ടു നടക്കാനും കഴിയ്ക്കാനും എളുപ്പമായതുകൊണ്ടും പലരുടെയും യാത്രാപങ്കാളി ഓറഞ്ചായിരിക്കും. കൂടാതെ, വേനല്‍ക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ ദാഹം മാറ്റാന്‍ പലര്‍ക്കും ഇഷ്ടപ്പെട്ട ചോയ്സാണ് ഓറഞ്ച് ജ്യൂസ്. 

വേനല്‍ക്കാലത്ത് ദാഹം മാറ്റല്‍ മാത്രമല്ല ഓറഞ്ചിന്‍റെ സാധ്യതകള്‍. അല്‍പസ്വല്‍പം സൗന്ദര്യ സംരക്ഷണത്തിനുള്ള മരുന്നും ഓറഞ്ചിലുണ്ട്. വെയിലത്ത് ഇറങ്ങി നടക്കുന്നത് മൂലം ചര്‍മ്മത്തിലുണ്ടാകുന്ന കറുത്ത പാടുകള്‍ മാറ്റുന്നതിന് ഓറഞ്ച് ഉപയോഗിച്ചുള്ള ഫേഷ്യല്‍ മസാജ് വളരെ ഗുണം ചെയ്യും. ചെറുനാരങ്ങ മുറിക്കുന്നത് പോലെ ഓറഞ്ച് രണ്ടായി മുറിച്ച് അതുപയോഗിച്ച് മുഖം മസാജ് ചെയ്യാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ ചര്‍മ്മത്തിലെ അഴുക്കെല്ലാം നീങ്ങി മുഖചര്‍മ്മം ആരോഗ്യവും തിളക്കവും ഉള്ളതാകും. 

ഓറഞ്ച് തൊലി ഉപയോഗിച്ചുമുണ്ട് ചില്ലറ പൊടിക്കൈകള്‍. ഓറഞ്ചിന്‍റെ തൊലി തണലില്‍ വച്ച് ഉണക്കി പൊടിച്ചെടുക്കുക. ഇതില്‍ അല്‍പം പനിനീര് ചേര്‍ത്ത് മുഖത്തിട്ട് അരമണിക്കൂറിന് ശേഷം കഴുകി കളയുക. വെയില് കൊണ്ട് മുഖത്തുണ്ടാകുന്ന കറുത്ത പാടുകള്‍ മാറുന്നതിന് ഇത് വളരെ നല്ല മാര്‍ഗമാണ്. 

എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് വിശ്വസിച്ച് ഉപയോഗിക്കാന്‍ കഴിയുന്ന ഒരു സമ്പൂര്‍ണ സൗന്ദര്യസംരക്ഷണ കൂട്ടാണ് ഓറഞ്ച്. അപ്പോള്‍ ഇനി മാര്‍ക്കറ്റില്‍ പോകുമ്പോള്‍ ഓറഞ്ച് മറക്കാതെ വാങ്ങക്കോളൂ. കുറച്ച് കഴിയ്ക്കാനും, കുറച്ച് സൗന്ദര്യ സംരക്ഷണത്തിനും!

Trending News